ലോക്ക്ഡൗണിലെ താരം ചക്ക തന്നെ; വീട്ടുപറമ്പിലെ പ്ലാവിനും നല്‍കാം പരിചരണം

By Web TeamFirst Published May 14, 2020, 2:32 PM IST
Highlights

പ്ലാവിന്‍ തൈ നടുമ്പോള്‍ പഴയ മരങ്ങളുടെ വേരുകളുടെ അവശിഷ്ടങ്ങളും കുറ്റികളും പൂര്‍ണമായും മാറ്റണം. ചിതലുകളെയും വേരുകള്‍ക്ക് ബാധിക്കുന്ന അസുഖങ്ങളെയും തടയാന്‍ ഇത്തരം അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. മണ്ണ് ഉഴുതുമറിക്കുന്നതും നല്ലതാണ്.

പഴങ്ങളുടെ ഇനത്തില്‍ അതിപ്രധാന സ്ഥാനം അലങ്കരിക്കുന്ന ചക്കയെക്കുറിച്ച് പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണമാക്കിയതും ചക്കപ്പുഴുക്കും പ്ലാവിലത്തോരനും ചക്കമുള്ളു കൊണ്ടുള്ള വിഭവങ്ങളുമൊക്കെ ആയിരിക്കും. കോഴിയിറച്ചിയോട് എത്രത്തോളം പ്രിയമുണ്ടോ അതിലും ഒട്ടും കുറവല്ല ചക്കപ്രേമികളുടെ ഇഷ്ടങ്ങള്‍. മീന്‍ കറിയോടും ഇറച്ചിക്കറിയോടും ഞണ്ട് കറിയോടുമെല്ലാം നല്ല രീതിയില്‍ ഇഴുകിച്ചേരാനുള്ള കഴിവുള്ള ചക്ക എങ്ങനെ നമ്മള്‍ അകറ്റിനിര്‍ത്തും!

ചക്കയുടെ പോഷകമൂല്യങ്ങള്‍ മറന്നുകളയരുത്. പൊട്ടാസ്യത്തിന്റെയും ഫൈബറിന്റെയും കലവറയാണിത്. മഗ്നീഷ്യ, കോപ്പര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും അടങ്ങിയിട്ടുണ്ട്.

പ്ലാവിന്റെ തൈകള്‍ കുരുവില്‍ നിന്നാണ് മുളപ്പിച്ചെടുക്കുന്നത്. വളരുന്ന മണ്ണിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കി പഴമുണ്ടാകുന്ന കാലവും വലുപ്പവും ഗുണവും വ്യത്യാസപ്പെട്ടിരിക്കും.

മികച്ച ഇനങ്ങള്‍ വാങ്ങാം

വിയറ്റ്‌നാം സൂപ്പര്‍, മലേഷ്യന്‍ ഇനമായ ജെ-33,സൂര്യ,ജാക്ക് ഡ്യാങ്ങ് എന്നിവ ധാരാളം ചക്കകള്‍ തരുന്നു. കേരളത്തിലും വളര്‍ത്താന്‍ യോജിച്ച ഇനം പ്ലാവുകളാണ് ഇവ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് പ്ലാവുകള്‍ നന്നായി വളരുന്നത്.

വളര്‍ത്താനായി പ്ലാവിന്‍ തൈകള്‍ വാങ്ങുമ്പോള്‍ അംഗീകരിക്കപ്പെട്ട നഴ്‌സറികളില്‍ നിന്നുമാകാന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ മുട്ടന്‍ വരിക്കയുടെയും തേന്‍ വരിക്കയുടെയും തൈകള്‍ നഴ്‌സറി വഴി ലഭ്യമാണ്.

അനുയോജ്യമായ മണ്ണും കാലാവസ്ഥയും

പ്ലാവ് വളരാന്‍ ഏറ്റവും യോജിച്ചത് എക്കല്‍ മണ്ണാണ്. നല്ല നീര്‍വാര്‍ച്ചയുള്ള ഏത് തരം മണ്ണിലും നമ്മുടെ നാട്ടില്‍ ധാരാളം വിളവ് ലഭിക്കാറുണ്ട്. 

നടാനായി കുരു തിരഞ്ഞെടുക്കുമ്പോള്‍ രോഗപ്രതിരോധ ശേഷിയുള്ള ആരോഗ്യമുള്ളവ വേണം. ഗ്രാഫ്റ്റിങ്ങ് വഴി പ്രജനനം നടത്താം. ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ്ങ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പ്ലാവിനെ കടപുഴക്കി വീഴ്ത്തുന്ന ടൈഫൂണുകളുടെ പ്രഭാവത്തെ ചെറുത്ത് നില്‍ക്കാന്‍ കരുത്തുള്ളവയാണ് ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ്ങ് വഴിയുണ്ടാകുന്ന തൈകള്‍.

പ്ലാവിന്‍ തൈ നടുമ്പോള്‍ പഴയ മരങ്ങളുടെ വേരുകളുടെ അവശിഷ്ടങ്ങളും കുറ്റികളും പൂര്‍ണമായും മാറ്റണം. ചിതലുകളെയും വേരുകള്‍ക്ക് ബാധിക്കുന്ന അസുഖങ്ങളെയും തടയാന്‍ ഇത്തരം അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. മണ്ണ് ഉഴുതുമറിക്കുന്നതും നല്ലതാണ്.

ഒരു ഏക്കറില്‍ 48 പ്ലാവുകള്‍

പ്ലാവുകള്‍ വന്‍തോതില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരേക്കറില്‍ 48 മരങ്ങള്‍ നടാവുന്നതാണ്. തൈകള്‍ നടാന്‍ തിരഞ്ഞെടുത്ത കുഴികള്‍ 14 ദിവസങ്ങള്‍ തുറന്ന് തന്നെ വെക്കണം. നടുമ്പോള്‍ മുകുളങ്ങള്‍ മണ്ണിലേക്ക് മൂടിപ്പോകരുത്. സൂര്യപ്രകാശം അധികം ഏല്‍ക്കാതിരിക്കാന്‍ തെങ്ങിന്റെ ഓലയും മടലും കൊണ്ട് തണല്‍ നല്‍കാം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഈ ഓലയും മടലും നീക്കം ചെയ്യാം. കാലാവസ്ഥ നോക്കി വേണം ഇത് ചെയ്യാന്‍.

എങ്ങനെ പരിപാലിക്കാം?

ആറ് മാസം പ്രായമാകുന്നതുവരെ തൈകള്‍ക്ക് നൈട്രജന്‍,ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ 8: 4 : 2 : 1 എന്ന അനുപാതത്തില്‍ ഓരോ പ്ലാവിന്‍തൈക്കും 30 ഗ്രാം വീതം നല്‍കണം. പിന്നീട് രണ്ട് വര്‍ഷം പ്രായമാകുന്നതു വരെ ഓരോ ആറുമാസവും ഈ അളവ് ഇരട്ടിയാക്കി നല്‍കണം.

കീടാക്രമണം ശ്രദ്ധിക്കാം

ഫ്രൂട്ട് ഫ്ലൈ ആണ് ചക്കയെ ആക്രമിക്കുന്ന പ്രധാന കീടം. ഇത് തടയാന്‍ കാലിയായ സിമന്റ് ചാക്കോ ജൂട്ടിന്റെ ചാക്കോ ഉപയോഗിച്ച് പൊതിഞ്ഞു വെക്കാം.

ബാര്‍ക്ക് ബോറെര്‍ എന്ന കീടവും സാധാരണയായി ആക്രമിക്കാറുണ്ട്. ഇത് മുട്ടയിട്ട് വെക്കുന്ന ചില്ലകള്‍ നശിച്ചുപോകാറാണ് പതിവ്. ജൈവകീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ പ്രതിരോധിക്കാം.

മഴക്കാലത്ത് പ്ലാവിനെ ആക്രമിക്കുന്ന ഫംഗല്‍ പിങ്ക് എന്ന രോഗവും ശ്രദ്ധിക്കണം. സള്‍ഫര്‍ അടങ്ങിയ കുമിള്‍നാശിനി മഴക്കാലത്ത് രണ്ട് പ്രാവശ്യം നല്‍കണം. അമിതമായി രോഗം ബാധിച്ച ചില്ലകള്‍ കത്തിച്ചുകളയണം.

click me!