
നമ്മുടെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്തോ ടെറസ്സിലോ വിളയിച്ചെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്. കേരളത്തിലെ സമൃദ്ധമായ മഴയും മിതമായ കാലാവസ്ഥയും പച്ചക്കറി കൃഷിക്ക് ഏറെ അനുയോജ്യമാണ്. ശാസ്ത്രീയമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും സ്വന്തം വീട്ടിൽ ഒരു മികച്ച ഒരു അടുക്കളത്തോട്ടം ഉണ്ടാക്കിയെടുക്കാം.
നല്ല വെയിൽ ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യം. കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന ഇടം തെരഞ്ഞെടുക്കണം. നിലമൊരുക്കുമ്പോൾ മണ്ണിലെ അമ്ലത കുറയ്ക്കുന്നതിനായി സെന്‍റിന് ഒരു കിലോ എന്ന തോതിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് മണ്ണ് ഇളക്കി ഇടുക. രണ്ടാഴ്ചയ്ക്ക് ശേഷം ജൈവവളങ്ങൾ ചേർക്കാം. സ്ഥലപരിമിതിയുള്ളവർക്ക് ടെറസ്സിൽ കൃഷി ചെയ്യാം. മണ്ണ്, ചാണകപ്പൊടി, മണൽ/ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ കലർത്തി വേണം ഗ്രോ ബാഗുകൾ നിറയ്ക്കാൻ.
കേരളത്തിൽ എല്ലാ കാലത്തും ഒരേ പച്ചക്കറികൾ കൃഷി ചെയ്യാൻ കഴിയില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് വിത്തുകൾ തെരഞ്ഞെടുക്കുന്നത് വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
എല്ലാക്കാലത്തും: പച്ചമുളക്, വഴുതന, ചീര എന്നിവ കൃഷി ചെയ്യാം.
മഴക്കാലത്ത്: പയർ ഇനങ്ങൾ, വെണ്ട (വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം).
തണുപ്പ് കാലത്ത് (ഒക്ടോബർ - ജനുവരി): തക്കാളി, ക്യാബേജ്, കോളിഫ്ലവർ, കാരറ്റ്.
വേനൽക്കാലത്ത്: പാവൽ, പടവലം, വെള്ളരി, മത്തൻ.
അടുക്കളത്തോട്ടത്തിന്‍റെ പ്രധാന ലക്ഷ്യം വിഷരഹിത പച്ചക്കറി ആയതിനാൽ പൂർണ്ണമായും ജൈവവളങ്ങൾ ഉപയോഗിക്കുക.
ജൈവവളങ്ങൾ: ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമായി നൽകാം. ചെടികളുടെ വളർച്ചാഘട്ടത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിക്കുന്നത് മികച്ച ഫലം നൽകും. കീടങ്ങളെ അകറ്റാൻ രാസകീടനാശിനികൾക്ക് പകരം വേപ്പെണ്ണ-സോപ്പ് മിശ്രിതം ഉപയോഗിക്കാം. വെള്ളീച്ചകളെ നിയന്ത്രിക്കാൻ മഞ്ഞക്കെണികൾ സ്ഥാപിക്കുന്നതും ഗുണകരമാണ്.
വേനൽക്കാലത്ത് രാവിലെയും വൈകുന്നേരവും നനയ്ക്കുക. എന്നാൽ, ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, ഇത് വേരുചീച്ചിലിന് കാരണമാകും. ഒരേ സ്ഥലത്ത് തുടർച്ചയായി ഒരേ ഇനം പച്ചക്കറി കൃഷി ചെയ്യാതിരിക്കുക. ഉദാഹരണത്തിന്, തക്കാളി നട്ട സ്ഥലത്ത് അടുത്ത തവണ പയർ വർഗ്ഗങ്ങൾ നടുന്നത് മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിർത്താൻ സഹായിക്കും. അടുക്കളയിലെ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റിയാൽ തോട്ടത്തിന് ആവശ്യമായ വളം വീട്ടിൽ തന്നെ നിർമ്മിക്കാം.
സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭത്തോടൊപ്പം കുടുംബത്തിന്‍റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുന്നു. അല്പം സമയവും താല്പര്യവുമുണ്ടെങ്കിൽ ഏത് ചെറിയ വീട്ടിലും ഒരു അടുക്കളത്തോട്ടം തീർക്കാം. അപ്പോ, ശ്രമിക്കുകയല്ലേ?