സ്വയം വരുമാനം നേടാനായി അലങ്കാര മത്സ്യം വളര്‍ത്താം

By Web TeamFirst Published Apr 26, 2020, 4:18 PM IST
Highlights

ഏകദേശം പ്രാദേശികമായ 100 അലങ്കാര മത്സ്യങ്ങള്‍ അക്വേറിയത്തില്‍ വളര്‍ത്തുന്നുണ്ട്. വിദേശ മത്സ്യങ്ങളുടെ നിറവും ആകൃതിയും കാരണം അലങ്കാര മത്സ്യപ്രേമികളെ ആകര്‍ഷിക്കുന്നതില്‍ ഇവര്‍ മുമ്പന്‍മാരാണ്.
 

വൈവിധ്യമാര്‍ന്ന ഇനങ്ങളുള്ള അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനം ഇന്ത്യയില്‍ വളരെ സാധ്യതകളുള്ള സംരംഭമാണ്. അനുകൂലമായ കാലാവസ്ഥയും വളരെ കുറഞ്ഞ അധ്വാനവും മതിയെന്നതുകൊണ്ടാണ് കൂടുതല്‍ പേര്‍ അലങ്കാര മത്സ്യം വളര്‍ത്താന്‍ മുന്നോട്ട് വരുന്നത്.  കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നത്. ബില്യണ്‍ ഡോളറുകള്‍ കൊയ്യാന്‍ സഹായിക്കുന്ന മേഖലയാണിത്. 125 -ല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആഗോള വ്യാപകമായുള്ള അലങ്കാര മത്സ്യ വിപണി കണക്കിലെടുത്താല്‍ യു.എസ് ഡോളര്‍ 15 ബില്യണില്‍ക്കൂടുതല്‍ വ്യാപാരം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവിലുള്ള മത്സ്യപ്രേമികളുടെ മനോഭാവം പരിശോധിച്ചാല്‍ 99 ശതമാനം ആളുകളും ഹോബി ആയി വളര്‍ത്തുന്നവരാണ്. ഒരു ശതമാനം ആളുകള്‍ പബ്‌ളിക് അക്വേറിയത്തില്‍ വളര്‍ത്തുന്നു. അതുപോലെ ഒരുശതമാനം ആളുകള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആവശ്യങ്ങള്‍ക്കായും മത്സ്യങ്ങള്‍ വാങ്ങുന്നു.

വികസ്വര രാജ്യങ്ങളാണ് അലങ്കാര മത്സ്യങ്ങളുടെ പ്രധാന ഉത്പാദകര്‍. 60 ശതമാനത്തില്‍ക്കൂടുതല്‍ അലങ്കാര മത്സ്യങ്ങള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കായി ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്. നിയോണ്‍ ടെട്രാസ്, എയ്ഞ്ചല്‍, ഗോള്‍ഡ് ഫിഷ്, ഡാനിയസ് എന്നിവയെല്ലാമാണ് ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അലങ്കാര മത്സ്യങ്ങള്‍. ഗപ്പിയും സീബ്രാ ഡാനിയോയും വില്‍പ്പനയുടെ 14 ശതമാനം എത്തിയിട്ടുണ്ട്.

സ്വദേശികളായ മത്സ്യങ്ങളും വിദേശികളായ മത്സ്യങ്ങളും ഈ അലങ്കാരമത്സ്യ ശ്രേണിയിലുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും പശ്ചിമ ബംഗാളും കേരളവും തമിഴ്‌നാടും സ്വദേശികളായ നിരവധി മത്സ്യങ്ങളാല്‍ സമ്പന്നമാണ്. ഏകദേശം 90 ശതമാനം മത്സ്യങ്ങളെ ശേഖരിച്ച് പ്രജനനം നടത്തി കയറ്റുമതി ചെയ്യുന്നുണ്ട്.

ഏകദേശം പ്രാദേശികമായ 100 അലങ്കാര മത്സ്യങ്ങള്‍ അക്വേറിയത്തില്‍ വളര്‍ത്തുന്നുണ്ട്. വിദേശ മത്സ്യങ്ങളുടെ നിറവും ആകൃതിയും കാരണം അലങ്കാര മത്സ്യപ്രേമികളെ ആകര്‍ഷിക്കുന്നതില്‍ ഇവര്‍ മുമ്പന്‍മാരാണ്.

300 -ല്‍ക്കൂടുതല്‍ വിദേശയിനങ്ങള്‍ അലങ്കാര മത്സ്യങ്ങളായി വിപണിയിലുണ്ട്. കൊല്‍ക്കത്ത, മുംബൈ, ചൈന്നെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ വളര്‍ത്തി കയറ്റുമതി ചെയ്യുന്നത്. ശുദ്ധജലമത്സ്യങ്ങളാണ് കൂടൂതലും. കടലിലെ അലങ്കാര മത്സ്യങ്ങള്‍ക്കാണ് കയറ്റുമതിയില്‍ ഡിമാന്റ്. ഇതിന് കാരണം ആകര്‍ഷകമായ നിറവും ശ്രദ്ധ നേടാനുള്ള കഴിവുമാണ്.

തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് സമുദ്രത്തിലെ അലങ്കാര മത്സ്യങ്ങളുടെ വ്യാപാരം കൂടുതലായി നടക്കുന്നത്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, മാലിദ്വീപ്, പസഫിക് ദ്വീപുസമൂഹമായ സോളമന്‍ ദ്വീപ്, ആസ്‌ട്രേലിയ,ഫിജി,എന്നിവിടങ്ങളാണ് വ്യാപാരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈ രാജ്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് 98 ശതമാനത്തില്‍ക്കൂടുതല്‍ അലങ്കാര മത്സ്യങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.

അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

1. യുവതലമുറയ്ക്ക് ആനന്ദം നല്‍കുന്ന ഹോബിയാണിത്.

2. മനസ് ശാന്തമാക്കാനും ആരോഗ്യകരമായ അന്തരീക്ഷം വീട്ടിനകത്ത് സൃഷ്ടിക്കാനും കഴിയും.

3. കുട്ടികള്‍ക്ക് പ്രകൃതിയിലെ ജീവജാലങ്ങളെ അടുത്തറിയാനും അവരുടെ സൃഷ്ടി പരത വര്‍ധിപ്പിക്കാനും കഴിയും.

4. സ്വയം വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണ് അലങ്കാര മത്സ്യം വളര്‍ത്തല്‍.

click me!