'അതിഥിയായെത്തി പാരയായി', 5 ലക്ഷം മൂങ്ങകളെ കൊന്നൊടുക്കാനുള്ള നീക്കത്തിൽ ഈ രാജ്യം, പ്രതിഷേധം

By Web TeamFirst Published Apr 6, 2024, 3:12 PM IST
Highlights

നവംബർ മാസത്തിൽ അവതരിപ്പിച്ച ശുപാർശയ്ക്ക് അടുത്തിടെയാണ് അമേരിക്കയിൽ ചർച്ചയാവുന്നത്. ശുപാർശയ്ക്കെതിരെ പരിസ്ഥിതി സ്നേഹികളും മൃഗസംരക്ഷകരും മുന്നോട്ട് വന്നതോടെയാണ് ഇത്

ഒറിഗോൺ: സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ പോലെ തന്നെയാണ്   അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും. തദ്ദേശീയ ഇനങ്ങൾക്ക് അധിനിവേശ ഇനങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ കുറയ്ക്കാൻ വിവിധ രാജ്യങ്ങൾ പലപ്പോഴായി കൊന്നൊടുക്കൽ പോലുള്ള കർശന നടപടി സ്വീകരിക്കാറുണ്ട്. അമേരിക്കയിൽ ഇത്തരത്തിൽ കൊന്നൊടുക്കാൻ ഒരുങ്ങുന്നത് അഞ്ച് ലക്ഷം മൂങ്ങകളേയാണ്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കാനാണ് മത്സ്യ വനം വകുപ്പിന്റെ കർശന നടപടി. ബാർഡ് ഔൾ എന്നയിനം മൂങ്ങകളെയാണ് വലിയ രീതിയിൽ കൊന്നൊടുക്കാനുള്ള സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.

നവംബർ മാസത്തിൽ അവതരിപ്പിച്ച ശുപാർശയ്ക്ക് അടുത്തിടെയാണ് അമേരിക്കയിൽ ചർച്ചയാവുന്നത്. ശുപാർശയ്ക്കെതിരെ പരിസ്ഥിതി സ്നേഹികളും മൃഗസംരക്ഷകരും മുന്നോട്ട് വന്നതോടെയാണ് ഇത്. ശുപാർശ തള്ളണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്തരമൊരു കടുത്ത നടപടി അവലംബിച്ചില്ലെങ്കിൽ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. മൂന്ന് ദശാബ്ദത്തിനുള്ളിലാണ് അഞ്ച് ലക്ഷത്തോളം ബാർഡ് ഇനം മൂങ്ങകളെ കൊന്നൊടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യുഎസ് എഫ്ഡബ്ല്യുഎസ് മുന്നോട്ട് വച്ചിരിക്കുന്ന ശുപാർശ.

നടപടി കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഇനം മൂങ്ങകളെ സംരക്ഷിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വെടിവച്ച് ഇവയെ കൊല്ലാനുള്ള ശ്രമം സ്വാഭാവിക ആവാസ മേഖലയുടെ താളം കെടുത്തുമെന്നും അറിവില്ലാത്തവരുടെ തോക്ക് ഉപയോഗം സ്പോട്ടഡ് മൂങ്ങകളുടെ തന്നെ ജീവന് ആപത്താവുമെന്നാണ് ശുപാർശയെ എതിർക്കുന്നവരുടെ വാദം. കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് ബാർഡ് മൂങ്ങകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിയത്. എന്നാൽ സ്വാഭാവിക ആവാസ സ്ഥലങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളുണ്ടായതാണ് മൂങ്ങകൾ ഇത്തരത്തിൽ പലായനം ചെയ്യാൻ കാരണമായതെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!