ലോകത്തിലേറ്റവും വിലകൂടിയ മുന്തിരി, കുലയ്ക്ക് 6000 മുതൽ 33,000 രൂപവരെ, ലേലത്തിൽ നേരത്തെ വിറ്റത് എട്ടുലക്ഷത്തിന്

By Web TeamFirst Published Sep 21, 2021, 12:44 PM IST
Highlights

ഓരോ മുന്തിരിയും 20 ഗ്രാം തൂക്കം വരും. പ്രീമിയം എന്ന വിഭാഗത്തില്‍ പെട്ട മുന്തിരിക്ക് 30 ഗ്രാമിലധികം തൂക്കം വരും. അതിന് വില വീണ്ടും കൂടും.

ഒരു കുല മുന്തിരിക്ക് എത്ര രൂപ കിട്ടും? എട്ട് ലക്ഷത്തിന് മുകളില്‍ രൂപയ്ക്ക് ഒരുകുല മുന്തിരി വില്‍ക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍, അവിശ്വസനീയമെങ്കിലും സത്യമാണത്. 2020 -ല്‍ ഒരു ലേലത്തില്‍ ഒരു കുല മുന്തിരി വിറ്റത് ഏകദേശം 8,83,038.00 രൂപയ്ക്കാണ്. അതായത് ഒരു മുന്തിരിക്ക് ഏകദേശം 29,000 രൂപ. 

അതേ, ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി. ജപ്പാനില്‍ മാത്രം കണ്ടുവരുന്ന ഈ റൂബി റോമന്‍ എന്ന മുന്തിരി സാധാരണയായി ആറായിരം രൂപ മുതല്‍ 33,000 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. അവയുടെ നിറം, വലിപ്പം, രുചി എന്നീ മൂന്ന് സവിശേഷതകളാണ് അവയെ ലോകത്തിലെ തന്നെ വിലയേറിയ ആഡംബര മുന്തിരികളായി മാറ്റുന്നത്. 

ഇഷികാവ ഗവണ്‍മെന്‍റിന് കീഴില്‍ ഒരുകൂട്ടം പ്രാദേശിക കര്‍ഷകരാണ് ഈ മുന്തിരി വികസിപ്പിച്ചത്. ഈ മുന്തിരിക്ക് ഒരെണ്ണത്തിന് സാധാരണ മുന്തിരിയേക്കാള്‍ നാലിരട്ടി വലിപ്പമുണ്ടാകും. ഓരോ മുന്തിരിയും 20 ഗ്രാം തൂക്കം വരും. പ്രീമിയം എന്ന വിഭാഗത്തില്‍ പെട്ട മുന്തിരിക്ക് 30 ഗ്രാമിലധികം തൂക്കം വരും. അതിന് വില വീണ്ടും കൂടും. കഹോകുവില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുല മാത്രമാണ് പ്രീമിയം കാറ്റഗറിയില്‍ വരുന്നത്. ഇത്തരം കാറ്റ​ഗറിയിലൊന്നും ലഭിക്കാത്ത വർഷങ്ങളും ഉണ്ടായിട്ടുണ്ട്. റൂബി റോമൻ മുന്തിരി 30 മില്ലിമീറ്ററെങ്കിലും ഉണ്ടോ എന്നും ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കുന്നു. 18 ശതമാനത്തിനും മുകളിലാണ് ഇതിലെ പഞ്ചസാരയുടെ അളവ്. നിറത്തിന്‍റെ കാര്യത്തിലുമുണ്ട് പ്രത്യേകത. അവയ്ക്ക് വിശേഷപ്പെട്ട ചുവപ്പ് നിറമാണ് എന്നാണ് പറയുന്നത്. 

ഇഷികാവ പ്രിഫറക്ച്വല്‍ ഡുണേ ലാന്‍ഡ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്‍റര്‍ ചീഫ് റിസര്‍ച്ചറായ ഹിരോഷി ഇഷു പറയുന്നത്, ഇത്രയും വലിപ്പമുള്ളതും ഇങ്ങനെയൊരു നിറമുള്ളതുമായ മുന്തിരി ലോകത്ത് മറ്റെവിടെയുമില്ല. റൂബി റോമന്‍ മാത്രമാണ് അത്തരത്തിലൊന്ന് നിലനില്‍ക്കുന്നത് എന്നാണ്. അതാണ് ഈ മുന്തിരിയെ ലോകത്തിലെ ഏറ്റവും വിലകൂടിയ മുന്തിരിയാക്കി മാറ്റുന്നത് എന്നും അദ്ദേഹം പറയുന്നു. നിലവിൽ ജപ്പാനിൽ ഇഷികാവ പ്രിഫെക്ച്വറിന് കീഴില്‍ ഗ്രീന്‍ഹൗസുകളിലാണ് ഇവ വളര്‍ത്തുന്നത്. ഇവിടെ ഓരോ മുന്തിരിയും പ്രത്യേക ശ്രദ്ധയോടെ പരിപാലിക്കുന്നു. 

click me!