വാസ്‍തുപ്രകാരം മണി പ്ലാന്റ് എവിടെ വളര്‍ത്തണം? അടുക്കളത്തോട്ടം എവിടെ നിര്‍മിക്കാം?

By Web TeamFirst Published Oct 5, 2020, 9:49 AM IST
Highlights

സമ്പാദ്യം ലക്ഷ്യം വെച്ചാണല്ലോ മണിപ്ലാന്റ് പരിപാലിച്ച് വളര്‍ത്തുന്നത്. തെക്ക് കിഴക്ക് ദിശയില്‍ ഈ ചെടി വളര്‍ത്തണമെന്നാണ് വാസ്തു പറയുന്നത്. കിടപ്പുമുറിയില്‍ കട്ടിലിന്റെ വലതുവശത്തോ ഇടതുവശത്തോ ആയി മണി പ്ലാന്റ് വെക്കാം. 

ചെടികള്‍ സൗകര്യപ്രദമായ രീതിയില്‍ വളര്‍ത്തുന്നവരാണ് പലരും. എന്നാല്‍, വാസ്തുശാസ്ത്രപകാരം ഓരോ ചെടിക്കും ഓരോ സ്ഥാനമുണ്ട്. യഥാവിധി വളര്‍ത്തിയാല്‍ പുരോഗതിയും സന്തോഷവും പോസിറ്റീവ് ആയ ഊര്‍ജവും വീട്ടിലുള്ളവര്‍ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടിലേക്ക് ചെടികള്‍ വാങ്ങുന്നതിന് മുമ്പ് അവയെക്കുറിച്ചുള്ള വാസ്തുശാസ്ത്രം കൂടി അറിഞ്ഞിരിക്കാം.

കാര്‍ബണ്‍ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ചെടികള്‍ സഹായിക്കുന്നു. വീട്ടില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ വളരെ ശ്രദ്ധയോടെയും  ശരിയായ ദിശയിലേക്കും തന്നെ വളര്‍ത്തണമെന്ന് വാസ്തു നിഷ്‌കര്‍ഷിക്കുന്നുണ്ട്. തെക്ക് കിഴക്കും തെക്ക് വടക്കും ദിശകളില്‍ പൂന്തോട്ടം നിര്‍മിക്കാന്‍ പാടില്ലെന്നാണ് വാസ്തുവനുസരിച്ച് പറയുന്നത്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ മൂന്ന് അടിയിലധികം ഉയരത്തില്‍ വളരുന്ന ചെടികള്‍ വളര്‍ത്തരുത്. പൂന്തോട്ടത്തിന്റെ നടുവില്‍ വലിയ മരങ്ങള്‍ നട്ടുവളര്‍ത്താനും പാടില്ലെന്ന് വാസ്തു പറയുന്നു. പൂന്തോട്ടത്തിന്റെ മധ്യത്തിലായി ആകര്‍ഷകമായി പ്രതിമകളും ശില്‍പ്പങ്ങളും വെക്കാമെന്നും നിഷ്‌കര്‍ഷിക്കുന്നു.

സമ്പാദ്യം ലക്ഷ്യം വെച്ചാണല്ലോ മണിപ്ലാന്റ് പരിപാലിച്ച് വളര്‍ത്തുന്നത്. തെക്ക് കിഴക്ക് ദിശയില്‍ ഈ ചെടി വളര്‍ത്തണമെന്നാണ് വാസ്തു പറയുന്നത്. കിടപ്പുമുറിയില്‍ കട്ടിലിന്റെ വലതുവശത്തോ ഇടതുവശത്തോ ആയി മണി പ്ലാന്റ് വെക്കാം. ഒരു കാരണവശാലും കട്ടിലിന്റെ ചുവട്ടില്‍ വെക്കരുതെന്നാണ് പറയുന്നത്. അതുപോലെ കിടപ്പുമുറിയിലെ മൂലയില്‍ വെച്ചാല്‍ സ്‌ട്രെസ് ഇല്ലാതാക്കാമെന്നും വാസ്തു സൂചിപ്പിക്കുന്നു.

ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന തുളസിച്ചെടിയാണ് ഏറ്റവും പരിശുദ്ധമായി വീട്ടില്‍ വളര്‍ത്തുന്നത്. എല്ലാ ദിവസവും നനച്ച് പരിപാലിക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. കിഴക്ക് ദിശയിലോ വടക്ക് കിഴക്ക് ദിശയിലോ ആണ് തുളസി വളര്‍ത്താന്‍ അനുയോജ്യം. ദിവസം മുഴുവനും ഓക്‌സിജന്‍ പുറത്തുവിടുന്ന തുളസിച്ചെടി വീട്ടില്‍ പോസിറ്റീവ് ആയ അന്തരീക്ഷം നിലനിര്‍ത്തുന്നു.

വാസ്തുപ്രകാരം പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും അലങ്കാരച്ചെടികളും കിഴക്ക് വശത്തോ വടക്കു വശത്തോ തയ്യാറാക്കണമെന്നാണ് പറയുന്നത്. അതുപോലെ വെള്ളച്ചാട്ടങ്ങളൊക്കെ പൂന്തോട്ടത്തില്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കിഴക്കും വടക്കും ദിശയിലേ പാടുള്ളൂ. മണ്ണില്‍ നിന്നും മൂന്നോ നാലോ അടി ഉയരത്തിലാകണം. വടക്ക്-കിഴക്കും വടക്ക്-പടിഞ്ഞാറും ദിശ ഒഴിവാക്കണം.

വടക്ക് ദിശ: ചെറിയ ചെടികളും കുറ്റിച്ചെടിയായി വളരുന്നവയും മാത്രമാണ് ഇവിടെ യോജിക്കുന്നത്. വലിയ മരങ്ങളും പാറകളും ഒഴിവാക്കണം.

കിഴക്ക് ദിശ: വടക്കുദിശയില്‍ സ്ഥലപരിമിതിയുണ്ടെങ്കില്‍ അടുക്കളത്തോട്ടം കിഴക്ക് ദിശയിലാക്കാവുന്നതാണ്. പഴങ്ങളുണ്ടാകുന്ന ചെടികള്‍ ഇവിടെ വളര്‍ത്താം. എന്നാല്‍ തുളസിച്ചെടിയും മണിപ്ലാന്റും ഇവിടെ വളര്‍ത്തരുത്.

പടിഞ്ഞാറ്: ഇവിടെയാണ് വലിയ മരങ്ങളായി വളരുന്ന മാവ്, ഓറഞ്ച്, വാഴ തുടങ്ങിയവയ്ക്ക് നല്ലത്. ഇവയെല്ലാം വീട്ടില്‍ നിന്നും അല്‍പം അകലെയായിരിക്കണം. ഈ ദിശയില്‍ പാറകളും അലങ്കാര പ്രതിമകളും ശില്‍പ്പങ്ങളുമൊക്കെ വെച്ച് അലങ്കരിക്കാം.

തെക്ക് ദിശ: ഈ ദിശയില്‍ അടുക്കളത്തോട്ടം നിര്‍മിക്കാന്‍ പാടില്ല. ഈ വശത്ത് വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നില്ലെന്നതാണ് കാരണം. ഇവിടെ തുറസായ സ്ഥലമാക്കി നിര്‍ത്തുകയോ തൂങ്ങുന്ന പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തുകയോ ചെയ്യാം. മണി പ്ലാന്റ് വളര്‍ത്താവുന്നതാണ്. ദിവസത്തില്‍ ഒരിക്കല്‍ മാത്രം നനച്ചാല്‍ മതിയെന്ന രീതിയിലുള്ള ചെടികള്‍ ഇവിടെ വളര്‍ത്താം.

click me!