അണികള്‍ തിരുത്തിച്ചു, കുറ്റ്യാടിയില്‍ കണ്ടത് ചരിത്രത്തിന്‍റെ ആവര്‍ത്തനം

By Web TeamFirst Published Mar 15, 2021, 8:30 PM IST
Highlights

അണികളുടെ പ്രതിഷേധത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കുന്നത് രാഷ്‌ട്രീയ കേരളത്തില്‍ ആദ്യമല്ല. എന്നാല്‍ ഘടകകക്ഷിക്ക് നല്‍കിയ മണ്ഡലം പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

കോഴിക്കോട്: ഒരിക്കല്‍ കൂടി അണികളുടെ പ്രതിഷേധത്തിന് മുന്നില്‍ സിപിഎമ്മിന്‍റെ കേഡര്‍ സംവിധാനം അടിയറവ് പറഞ്ഞിരിക്കുന്നു. 2006,2011 തെരഞ്ഞെടുപ്പുകളിലെ വി എസ് ഫാക്‌ടര്‍ ഓര്‍മ്മിപ്പിച്ച് ഈ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി അവസാന നിമിഷം അണികള്‍ക്ക് കീഴടങ്ങി. അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റിൽ കെപി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്ററാണ് സിപിഎം സ്ഥാനാര്‍ഥി.

അണികളുടെ പ്രതിഷേധത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കുന്നത് രാഷ്‌ട്രീയ കേരളത്തില്‍ ആദ്യമല്ല. എന്നാല്‍ ഘടകകക്ഷിക്ക് നല്‍കിയ മണ്ഡലം പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. വി എസ് അച്യുതാനന്ദനെ 2006ലും 2011ലും നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്നായിരുന്നു ആദ്യം പാര്‍ട്ടി തീരുമാനം. എന്നാല്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ എതിര്‍പ്പ് പരസ്യമാക്കി പലയിടങ്ങളിലും 'കണ്ണേ കരളേ വിഎസ്സേ' വിളികളുയര്‍ന്നതോടെ സിപിഎമ്മിന്‍റെ കേന്ദ്ര നേതൃത്വം ഇടപെട്ട് അദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്‍റെ ഫലം തെരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു.  

കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ, ആദ്യമേ കേട്ട പേര്

വി എസ്സിന്‍റെ സീറ്റ് നിഷേധ കാലം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയിലെ പോര്‍വിളികള്‍. സിപിഎം സ്ഥാനാർത്ഥിയായി തുടക്കം മുതല്‍ കേട്ടിരുന്നത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമായ കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്ററുടെ പേരാണ്. പ്രവര്‍ത്തകര്‍ അദേഹത്തിനായി പ്രാഥമിക പ്രചാരണം ആരംഭിക്കുകയും ചെയ്‌തിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി സീറ്റ് എല്‍ഡിഎഫിലെ ഘടകകക്ഷിയായ കേരളാ കോൺഗ്രസ് എമ്മിന് സിപിഎം വിട്ടുനൽകുന്നത്. ഇതോടെ കുറ്റ്യാടിയിലെ പാര്‍ട്ടി ക്യാംപ് കലുഷിതമാവുകയായിരുന്നു.

പിന്നെ കണ്ടത് തെരുവിലെ പ്രതിഷേധങ്ങളും പോസ്റ്റര്‍ യുദ്ധങ്ങളും. വിഎസ് കാലം ഓര്‍മ്മിപ്പിച്ച മുദ്രാവാക്യം വിളികളും വിമത സ്വരങ്ങളും. 'കണ്ണേ കരളേ' ഓര്‍മ്മിപ്പിച്ച് 'ചുവന്ന കുറ്റ്യാടിയുടെ ചുവന്ന  കരുത്ത്'... ഞങ്ങളുടെ സ്ഥാനാര്‍ഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എന്നായിരുന്നു നാടുനീളെ ഉയര്‍ന്ന ഫ്ലക്‌സുകളും പോസ്റ്ററുകളിലും എഴുതിയിരുന്നത്.

വിഭജിച്ച സീറ്റ് വിഭജനം

സീറ്റ് വിഭജന ചര്‍ച്ചകളില്‍ കുറ്റ്യാടി സിപിഎം കൈവിട്ടതോടെ സാധാരണക്കാരായ പ്രവര്‍ത്തകരടക്കമുള്ള അണികള്‍ തെരുവിലിറങ്ങിറങ്ങുകയായിരുന്നു. മാര്‍ച്ച് എട്ടിന് നടന്ന പ്രതിഷേധം കുറ്റ്യാടിയെ ഇളക്കിമറിച്ചു. മണ്ഡലത്തില്‍ ഇതിനൊപ്പം പോസ്റ്റര്‍ യുദ്ധവും സജീവമായി. വിമത സ്ഥാനാര്‍ഥി വരുമെന്ന് ഭീഷണിയുയര്‍ന്നു. എന്നാല്‍ അണികളുടെ പ്രതിഷേധത്തിന് വഴങ്ങില്ല എന്ന നിലപാടായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തൊട്ടടുത്ത ദിവസം പരസ്യമാക്കുകയും ചെയ്തു.

കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണ്ട് പാർട്ടിയിൽ പുനപരിശോധന സാധ്യമല്ലെന്ന് തീര്‍ത്തുപറഞ്ഞു എം വി ഗോവിന്ദൻ മാസ്റ്റര്‍. 'പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത്. സിറ്റിംഗ് സീറ്റ് അല്ലാഞ്ഞിട്ടും ഇത്ര വലിയ പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്? പ്രശ്നം പാർട്ടി സംഘടനാപരമായി കൈകാര്യം ചെയ്ത് പരിഹരിക്കും' എന്നുമായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകള്‍. എന്നാല്‍ അണികളുടെ വീര്യത്തിന് മുന്നില്‍ ഈ വാക്ക് വിലപ്പോയില്ല.

തൻറെ പേരിൽ ഫ്ലക്സുകളും പോസ്റ്ററുകളും ഇറക്കിയ നടപടി തെറ്റാണെന്ന് കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെ അണികളെ ഓര്‍മ്മിപ്പിച്ചിരുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിൽ പാർട്ടി അംഗങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് അച്ചടക്കലംഘനമാണ്. പാർട്ടിയും മുന്നണിയും തീരുമാനിക്കുന്ന സ്ഥാനാർഥി കുറ്റ്യാടിയിൽ ജയിക്കുമെന്നും കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര നേതൃത്വം ഗൗനിച്ചില്ല, പിന്നെ സംഭവിച്ചത്

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധം മണ്ഡലത്തില്‍ ഒതുങ്ങിയില്ല. സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് ഇ-മെയിലായി നേരിട്ട് പരാതി അയച്ച് കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം അറിയിച്ചു. സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് ഇമെയിലില്‍ അവര്‍ വ്യക്തമാക്കി. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പ്രതിഷേധങ്ങള്‍ക്ക് അയവുവരാതിരുന്നതോടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കുറ്റ്യാടി ഒഴിച്ചിടേണ്ടിവന്നു കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണിക്ക്.കേന്ദ്രത്തിനയച്ച കത്തും ഫലം കാണാതെ വന്നതോടെ തൊട്ടടുത്ത ദിവസം(മാര്‍ച്ച് 10) കുറ്റ്യാടിയില്‍ വീണ്ടും നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരസ്യ പ്രതിഷേധമുണ്ടായി. പാർട്ടി വിരുദ്ധതയല്ല, പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് പ്രകടനം നടത്തുന്നതെന്നായിരുന്നു ഈസമയം പ്രാദേശിക നേതാക്കളുടെ പ്രതികരണം.

ഒടുവില്‍ ട്വിസ്റ്റ്, വീണ്ടും കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍

കേരള കോണ്‍ഗ്രസിന് നല്‍കിയ കുറ്റ്യാടി സീറ്റ് പാര്‍ട്ടി അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിന് ഒടുവില്‍ ഗത്യന്തരമില്ലാതെ തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. പ്രാദേശിക എതി‍പ്പുകള്‍ സമീപ മണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ പ്രകടനത്തെ വരെ ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് നയമാറ്റത്തിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവിൽ കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍ക്ക് തന്നെ നറുക്ക് വീണു.

അങ്ങനെ വി എസ് കാലം ഓര്‍മ്മിപ്പിച്ച് അണികള്‍ക്ക് മുന്നില്‍ പാര്‍ട്ടി തിരുത്തിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ പാറക്കല്‍ അബ്‌ദുള്ളയോട് സിപിഎമ്മിന്‍റെ കെ കെ ലതിക 1157 വോട്ടുകള്‍ക്ക് കൈവിട്ട കുറ്റ്യാടി സീറ്റ് തിരിച്ചുപിടിക്കാന്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്കായാല്‍ അത് അണികളുടെ വിജയമാകും. 2016ല്‍ പാറക്കല്‍ 71809 വോട്ടുകളും ലതിക 70652 വോട്ടുകളുമാണ് നേടിയത്. 2011ല്‍ നിയമസഭയിലെത്തിയത് 6972 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ കെ കെ ലതികയായിരുന്നു.

'കണ്ണേ കരളേ വിഎസേ', അണികളെ ഇളക്കിമറിച്ച 'വി എസ് കാലം'

click me!