'കണ്ണിലെ കൃഷ്‍ണമണി' തകര്‍ത്ത സിപിഎം - സിപിഐ പോര്!

By Web TeamFirst Published Apr 2, 2021, 8:12 PM IST
Highlights

ആദ്യമാദ്യം സുഖകരമായിട്ടാണ് ഭരണം മുമ്പോട്ടുപോയത്. എന്നാല്‍ സഹോദരങ്ങളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല

ന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ തിരുവനന്തപുരം പഴവങ്ങാടിയിലെ ഒരു പൊതുസമ്മേളനത്തില്‍ ഇഎംഎസ് പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു. 'കണ്ണിലെ കൃഷ്‍ണമണി പോലെ ഈ സര്‍ക്കാരിനെ  കാത്തുസൂക്ഷിക്കും' എന്നായിരുന്നല്ലോ ആ വാക്കുകള്‍. ആദ്യമാദ്യം സുഖകരമായിട്ടാണ് ഭരണം മുമ്പോട്ടുപോയത്. എന്നാല്‍ സഹോദരങ്ങളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. അധികാരത്തിലെത്തി വര്‍ഷം രണ്ടു തികയും മുമ്പേ അടിയും തുടങ്ങി വല്ല്യേട്ടനും കുഞ്ഞേട്ടനും!

വളരുന്ന അവിശ്വാസം
സിപിഎമ്മും സിപിഐയും പരസ്‍പരം വച്ചുപുലര്‍ത്തിയിരുന്ന അവിശ്വാസം തന്നെയായിരുന്നു രണ്ടാം ഇഎംഎസ് സര്‍ക്കാരിനെ താഴെയിറക്കിയതിനു പ്രധാന കാരണം. ഐക്യമുന്നണിയുടെ തുടക്കം മുതല്‍ തന്നെ സിപിഎമ്മിന് സിപിഐയെക്കുറിച്ച് പല ആശങ്കകളും ഉണ്ടായിരുന്നു. കൂട്ടുകക്ഷി മന്ത്രിസഭയില്‍ ടി വി തോമസ് - കെ ആര്‍ ഗൌരി ദമ്പതികളും ഉണ്ടായിരുന്നു. വ്യവസായ മന്ത്രിയായ തോമസ് സിപിഐക്കാരനായിരുന്നു, റവന്യൂ മന്ത്രിയായ ഭാര്യ ഗൌരിയാകട്ടെ സിപിഎമ്മിലും. ഇക്കാലമായപ്പോഴേക്കും ഇരുവരുടെയും ദാമ്പത്യം വേര്‍പിരിയിലിന്‍റെ വക്കിലായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. ഇരുവരും ഒരുമിച്ച് താമസിക്കുന്നത് പ്രകടമായും സിപിഎമ്മിന് അത്ര താല്‍പര്യമുള്ള കാര്യമായിരുന്നില്ല. പക്ഷേ, പൊതുജനാഭിപ്രായത്തെ പാര്‍ട്ടി ഭയന്നിരുന്നു. അതുകൊണ്ടു ഭര്‍ത്താവിന്‍റെ ഔദ്യോഗിക വസതിയായ റോസ് ഹൌസിനു തൊട്ടടുത്തുള്ള വസതി ഗൌരിയ്ക്കു നല്‍കി. പക്ഷേ കൂട്ടുകക്ഷി മന്ത്രിസഭയിലെ മന്ത്രിമാരെന്ന നിലയില്‍ തോമസും ഗൌരിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ല, പകരം വഷളാകുകയും ചെയ്‍തു. 

(ചിത്രം - ടി വി തോമസും കെ ആര്‍ ഗൌരിയും - പഴയ ചിത്രം)

മന്ത്രിസഭയില്‍ സിപിഎമ്മിന്‍റെ ഒന്നാം നമ്പര്‍ നോട്ടപ്പുള്ളി ടി വി തോമസ് ആയിരുന്നു. സിപിഎമ്മിനെതിരെ ഗൂഡാലോചന നടത്തുന്നു എന്നതായിരുന്നു തോമസിനെതിരായ ആരോപണം. സിപിഎമ്മിനെതിരായ ഗൂഡാലോചന എന്ന ആരോപണം കുഴപ്പത്തിന്‍റെ തുടക്കം മാത്രമായിരുന്നു. ആരോപണത്തിന് തെളിവുണ്ടെന്ന് സിപിഎം തറപ്പിച്ചു പറഞ്ഞു. എങ്കില്‍ തെളിവ് ഹാജരാക്കണമെന്നായി സിപിഐ. അവര് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.  ആയിടയ്ക്ക് ടി വി തോമസ് ജപ്പാന്‍ സന്ദര്‍ശനത്തിനു പോയി. കോഴിക്കോടിനടുത്തുള്ള ഇരുമ്പയിര് നിക്ഷേപങ്ങളെ സംസ്ഥാനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന സാധ്യതാ പഠനത്തിനായിരുന്നു വ്യവസായ മന്ത്രിയുടെ ആ യാത്ര. മന്ത്രിസഭയുടെ അനുമതിയോടെയായിരുന്നു അത്. എന്നാല്‍ ജപ്പാന്‍ കുത്തകകള്‍ക്ക് എല്ലാം അടിയറ വയ്ക്കാനാണ് മന്ത്രിയുടെ നീക്കമെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. ഐക്യമുന്നണി കലങ്ങി മറിഞ്ഞു. 

പ്രതിപക്ഷത്തിന്റെ തന്ത്രം
പരസ്‍പരാവഹേളനം തുടര്‍ന്നു. ഘടക കക്ഷികള്‍ക്കിടയിലെ പ്രശ്‍നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ വല്ല്യേട്ടനും കുഞ്ഞേട്ടനും തമ്മിലുള്ള കുറ്റപ്പെടുത്തലുകളുടെ വേദികളായി മാത്രം ചുരുങ്ങി. ഒമ്പത് അംഗങ്ങളുള്ള കോണ്‍ഗ്രസും അഞ്ചുപേരുള്ള കേരളാ കോണ്‍ഗ്രസും ഉള്‍പ്പെട്ട 'മിനി പ്രതിപക്ഷം' ഈ സമയം ബോധപൂര്‍വ്വമോ അല്ലാതെയോ മറ്റൊരു തന്ത്രം സ്വീകരിച്ചു. അവരുടെ ആക്രമണം മുഴുവനും കേന്ദ്രീകരിച്ചത് സിപിഎമ്മിന്‍റെ നേര്‍ക്കായിരുന്നു. കമ്മ്യൂണിസ്റ്റിതര പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ടുള്ള ഈ ആക്രമണരീതി ഘടകകക്ഷികളിലും അവരുടെ ഉദ്ദേശ്യങ്ങളിലും സിപിഎമ്മിന് സംശംയം ജനിപ്പിക്കാന്‍ ഇടയാക്കി. സിപിഎമ്മിന്‍റെ നോട്ടത്തില്‍ പാകപ്പെട്ടു വരുന്ന ഗൂഡാലോചനയ്ക്ക് മറ്റൊരു തെളിവായിരുന്നു പ്രതിപക്ഷത്തിന്‍റെ ഈ ഏകപക്ഷീയമായ ആക്രമണം. 

സിപിഐക്ക് എതിരായ ആരോപണങ്ങള്‍ സിപിഎം പരസ്യമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സിപിഐയും അടങ്ങിയിരുന്നില്ല, ശക്തമായി തിരിച്ചടിച്ചു. 'വന്‍ പാര്‍ട്ടി മേധാവിത്വം' എന്നായിരുന്നു സിപിഐയുടെ ആരോപണം. മിനിമം പരിപാടി നടപ്പിലാക്കുന്നതില്‍ സിപിഎമ്മിന് താല്‍പ്പര്യമില്ല എന്നായിരുന്നു സിപിഐയുടെ മുഖ്യ വാദം. സിപിഐയോട് ഉള്ളതിനേക്കാളും സിപിഎമ്മിനോടായിരുന്നു മുസ്ലീം ലീഗിന് അടുപ്പം. പക്ഷേ 1960കളുടെ ഒടുവില്‍ അത് പതിയെ ഇല്ലാതെയായി. 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകരിച്ചതോടെ അകല്‍ച്ച പൂര്‍ണമായി. 

ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസിലെ കെ എം മാണി സിപിഎം, കെടിപി മന്ത്രിമാര്‍ക്കെതിരെ ഒരു അഴിമതിയാരോപണം ഉന്നയിക്കുന്നത്. സിപിഐയും ആര്‍എസ്‍പിയും എസ്എസ്‍പിയും മുസ്ലീം ലീഗും ഈ അഴിമതിയാരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സിപിഎം ഇത് തള്ളിക്കളഞ്ഞു. ഐക്യമുന്നണിയുടെ അന്ത്യവും അടുത്തു.

ഇഎംഎസിന്‍റെ അസുഖം
ഈ സമയത്താണ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരപ്പാട് അസുഖബാധിതനാകുന്നത്. ചികിത്സയ്ക്കായി അദ്ദേഹം ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്കില്‍ പോകണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ ഇതൊരു അടവായിരുന്നു. ഇഎംഎസിനെ തലസ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി മുന്നണി പൊളിക്കാന്‍ സിപിഎം തന്നെ, അതും ഇഎംഎസിന്‍റെ അറിവോടെ പയറ്റിയ തന്ത്രമായിരുന്നു ഇത്. സിപിഐയെ ഐക്യ മുന്നണിയില്‍ നിന്നും പുറന്തള്ളാനുള്ള നിലമൊരുക്കുകയായിരുന്നു ഈ അടവിന്‍റെ ആത്യന്തിക ലക്ഷ്യം. 

(ചിത്രം - ഇഎംഎസ് നമ്പൂതിരിപ്പാട്)

മുഖ്യമന്ത്രി ജര്‍മ്മനിക്ക് പോകുന്നതിനും മുമ്പേ ഐക്യമുന്നണിയെ ശിഥിലീകരിക്കാനുള്ള നീക്കത്തിന് അടിത്തറ പാകിയിരുന്നു. എസ്എസ്‍പി പിളര്‍ന്ന്  ഐ‍എസ്‍പിക്കാരനായിത്തീര്‍ന്ന ധനമന്ത്രി പി കെ കുഞ്ഞിനെതിരെ ഒരു അഴിമതി ആരോപണം ഉയര്‍ന്നിരുന്നു ഇതിനിടെ. പി കെ കുഞ്ഞിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിഗമനം. തുടര്‍ന്ന് 1969 മേയ് 13ന് അദ്ദേഹം രാജിവച്ചു. മുഖ്യമന്ത്രിയുടെ നടപടി ഏകപക്ഷീയമാണെന്ന് സിപിഐയും ഐഎസ്‍പിയും അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങളോടെ ഭരണമുന്നണിക്ക് അകത്ത് 'ഒരു മിനിമുന്നണി' ഉണ്ടായി. 

ജര്‍മ്മനിയില്‍ നിന്നും ഇഎംഎസ് മടങ്ങിവന്നപ്പോഴേക്കും ഉദ്ദേശിച്ചപോലെ ഐക്യമുന്നണിയാകെ കലങ്ങി മറിഞ്ഞിരുന്നു. കെടിപിക്കാരനും മന്ത്രിയുമായ വെല്ലിങ്ടണിനെതിരെയുള്ള അഴിമതിയില്‍ അന്വേഷണം വേണമെന്ന് ഒക്ടോബര്‍ 4ന് പ്രമേയം പാസായി. ഇതോടെ മന്ത്രിസഭ ഉലയാന്‍ തുടങ്ങി. പിന്നീട്  1969 ഒക്ടോബര്‍ 21ന് മിനി മുന്നണിയിലെ എം എന്‍  ഗോവിന്ദന്‍നായര്‍, ടി വി  തോമസ്, പി ആര്‍  കുറുപ്പ്, ടി കെ ദിവാകരന്‍, അവുക്കാദുകുട്ടി നഹ, സി എച്ച് മുഹമ്മദ് കോയ എന്നിവര്‍ രാജിവച്ചു. വെല്ലിങ്ടണും ഉടന്‍ രാജിവച്ചു. 

കെ ആര്‍ ഗൗരി, എം കെ കൃഷ്‍ണന്‍, ഇ കെ  ഇമ്പിച്ചിബാബ, മത്തായി മാഞ്ഞൂരാന്‍ തുടങ്ങിയ മന്ത്രിമാര്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം സഭയിലെത്തി. സി പി ഐയിലെ ടിപി മജീദായിരുന്നു ഇതവതരിപ്പിച്ചത്. പ്രമേയം പാസായി. അതോടെ രാജിവയ്ക്കാന്‍ ഇ എം എസ് തീരുമാനിച്ചു. അങ്ങനെ 1969 നവംബര്‍ ഒന്നിന് ഇഎംഎസ് സര്‍ക്കാര്‍ താഴെ വീണു. 

രാജിക്കത്തുമായി പ്രകടനം
രാജി ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കാനുള്ള ഇഎംസിന്‍റെ യാത്രയും അന്ന് വേറിട്ട കാഴ്‍ചയായിരുന്നു. റോഡ് നിറഞ്ഞു കവിഞ്ഞ ഒരു പ്രകടനമായിട്ടായിരുന്നു രാജിക്കത്തുമായി രാജ്ഭവനിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. രാഷ്‍ട്രീയമായ പരാജയത്തെ ഒരു പരസ്യപ്രകടനമാക്കുന്നതിനുള്ള സിപിഎമ്മിന്‍റെ മറ്റൊരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ 'രാജിയാത്ര'യും!

ഇങ്ങനെ രാജി വച്ചൊഴിഞ്ഞെങ്കിലും ഇഎംഎസ് മറ്റൊരു അതിബുദ്ധി കൂടിക്കാണിച്ചിരുന്നു. നിയമസഭ പിരിച്ചുവിടണമെന്ന് ഗവര്‍ണ്ണറോട് അദ്ദേഹം പറഞ്ഞില്ല. കോണ്‍ഗ്രസുമായി കൂടിച്ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഐയെ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ തന്ത്രത്തിനു പിന്നില്‍. ഇതിലൂടെ, സിപിഐ കോണ്‍ഗ്രസ് പാളയത്തിലേക്ക് നീങ്ങുകയാണെന്ന് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താനായിരുന്നു ഇഎംഎസിന്‍റെ പദ്ധതി. എപ്പോഴത്തെയും പോലെ സിപിഎമ്മിന്‍റെ ഈ രാഷ്‍ട്രീയ തന്ത്രത്തിലും സിപിഐ വീണു. 

ഇഎംസിന്‍റെ രാജിക്ക് പിന്നാലെ സിപിഐയും ഒപ്പം ഐഎസ്‍പി, ആര്‍എസ്‍പി, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളും ഒരുച്ചൊരു മുന്നണിയായി. രാജ്യസഭാംഗവും സിപിഐ നേതാവുമായ സി അച്ചുതമേനോന്‍ മുഖ്യമന്ത്രിയായ ആ മന്ത്രിസഭ  1969 നവംബര്‍ ഒന്നിന് നിലവില്‍ വന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു വിഭാഗം കൂടി ഈ സിപിഐ മന്ത്രിസഭയെ പിന്തുണച്ചതോടെ 'കണ്ണിലെ കൃഷ്‍ണമണി' തകര്‍ത്ത് സിപിഎമ്മിന്‍റെ രാഷ്‍ട്രീയ ലക്ഷ്യവും പൂര്‍ത്തിയായി.

 

(അടുത്തത് - സിപിഐയില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസുകാര്‍ !)


മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

ഭാഗം 14- ഇഎംഎസിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!

ഭാഗം 15- കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചി അറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!

ഭാഗം 16- സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തു, പിന്നെ സംഭവിച്ചത്!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
വിക്കി പീഡിയ

click me!