മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

By Web TeamFirst Published Mar 21, 2021, 10:15 AM IST
Highlights

"കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് അവര്‍ക്ക് വച്ചുവിളമ്പിയ കൈകളാണിത്. അങ്ങനെയുള്ള എന്‍റെ ഈ കൈകകളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ചങ്ങല അണിയിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.."
 

വിമോചന സമരത്തിലെ ഏറ്റവും കൌതുകകരമായ പ്രതിഭാസങ്ങളിലൊന്നായി എടുത്തുപറയാവുന്നത് അതിലെ ഉപരി വര്‍ഗ്ഗ സ്‍ത്രീകളുടെ സജീവ സാനിധ്യവും പങ്കാളിത്തവുമായിരുന്നു. തൊഴിലാളി വര്‍ഗ്ഗത്തില്‍പ്പെട്ട വനിതകള്‍ ആ കാലത്ത് സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. തൊഴില്‍ സമരങ്ങളിലാണെങ്കില്‍ കൂടി എന്നത്തെയും പോലെ അവരുടെ സജീവ പങ്കാളിത്തതിനു സാക്ഷിയായിരുന്നു അന്നും കേരളം. എന്നാല്‍ ഇടത്തരം - ഉപരി ഇടത്തരം വര്‍ഗ്ഗങ്ങളിലെ സ്‍ത്രീ സാനിധ്യം സമരങ്ങളില്‍ അന്യമായിരുന്നു അക്കാലത്ത്. ഈ വനിതകള്‍ക്ക് സമരങ്ങളിലും പ്രകടനങ്ങളിലുമൊക്കെ പങ്കെടുക്കാന്‍ വലിയ ലജ്ജയും മടിയുമൊക്കെയായിരുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം. 

എന്നാല്‍ വിമോചനസമര കാലത്ത് ഇതിന് അല്‍പ്പം മാറ്റം വന്നു.  ഉപരിവര്‍ഗ്ഗത്തിലെ വനിതകളും കൂട്ടത്തോടെ പതിയെ തെരുവുകളിലേക്ക് ഇറങ്ങിത്തുടങ്ങി ഇക്കാലത്ത്. കോട്ടയത്തായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ട സ്‍ത്രീകള്‍ ആദ്യമായി പ്രക്ഷോഭത്തിനിറങ്ങിയത്. തിരുവനന്തപുരത്തെ വനിതകള്‍ ജില്ലാ കലക്ട്രേറ്റ് പിക്കറ്റ് ചെയ്‍ത് അറസ്റ്റുവരിച്ചു. അക്കൂട്ടത്തില്‍ മുന്‍ അധ്യായങ്ങളിലൊന്നില്‍ പരാമര്‍ശിച്ച എംഎല്‍എയെ വിലയ്ക്കു വാങ്ങാന്‍ ഗൂഡാലോചന നടത്തിയ മുന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്ന മുതലാളിയുടെ ഭാര്യയും ഉണ്ടായിരുന്നു. പിക്കറ്റിംഗ് നടത്തി പൊലീസ് അറസ്റ്റ് ചെയ്‍തപ്പോള്‍ ഈ വനിത തലസ്ഥാനത്തു വച്ച് ഇങ്ങനെ ഒരു പ്രഖ്യാപനവും നടത്തി.

"കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് അവര്‍ക്ക് വച്ചുവിളമ്പിയ കൈകളാണിത്. അങ്ങനെയുള്ള എന്‍റെ ഈ കൈകകളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ചങ്ങല അണിയിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.."

(ചിത്രം - വിമോചനസമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു വനിതാപ്രകടനം)

സമരം അനുദിനം രൂക്ഷമായിക്കൊണ്ടിരുന്നു. പിക്കറ്റിംഗുകള്‍ കൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ സ്‍തംഭിച്ചു. ഉടനടി തുടച്ചു നീക്കേണ്ട ഒരു ദുഷ്‍ടാണ് കമ്മ്യൂണിസ്റ്റ് ഭരണമെന്ന് ആക്രോശിച്ച് മുന്‍നിരയില്‍ രാഷ്‍ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അതീതനായ സാക്ഷാല്‍ മന്നം. സ്വന്തം രീതിയില്‍ പ്രചരണങ്ങളുമായി മുന്‍മുഖ്യനും പിഎസ്‍പി നേതാവുമായ പട്ടം. സത്യാഗ്രഹങ്ങളും ബഹുജനപ്രകടനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. താനാണ് 'വിമോചനസമരം' എന്ന പദത്തിന് ആദ്യമായി രൂപകല്‍പ്പന നല്‍കിയതെന്ന് അവകാശപ്പെട്ടുകൊണ്ട് പനമ്പിള്ളി ഗോവിന്ദ മേനോന്‍. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിച്ചുകൊണ്ട് റെവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്‍പി) നേതാക്കളായ എന്‍ ശ്രീകണ്ഠന്‍ നായരും കെ ബാലകൃഷ്‍ണനും ടി കെ ദിവാകരനും ബേബി ജോണും മുന്നിലുണ്ടായിരുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ ഒരു ' ചെമ്പട' മാര്‍ച്ചുതന്നെ അവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ചു. 

കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പതിയെ മന്നത്തിന്‍റെ നേതൃത്വം അംഗീകരിച്ചു. അദ്ദേഹത്തിന് സമരമുന്നണി പ്രചരണത്തിനായി വര്‍ണ്ണപ്പകിട്ടുള്ള വലിയൊരു കാര്‍ വിട്ടുനല്‍കിയിരുന്നു. തോക്കുധാരിയായ ഒരു അംഗരക്ഷകന്‍ അദ്ദേഹത്തോടൊപ്പം എന്നും സഞ്ചരിച്ചിരുന്നു. പക്ഷേ വിമോചനന സമരകാലത്തൊന്നും ഒരു ചെറുവിരല്‍ പോലും ആരും മന്നത്തിനെതിരെ അനക്കിയില്ല. 

(ചിത്രം - മന്നത്ത് പത്മനാഭന്‍)

കത്തോലിക്കാ സഭയും പിന്നിലായിരുന്നില്ല. മിക്കവാറും എല്ലാം ഇടവകകളിലും ആത്മരക്ഷയ്ക്കെന്ന പേരില്‍ സന്നദ്ധഭടന്മാരെ സംഘടിപ്പിച്ചു. പുരോഹിതനും കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ സ്ഥാപക നേതാവുമായിരുന്ന ജോസഫ് വടക്കനായിരുന്നു ഇതിനു നേതൃത്വം നല്‍കിയിരുന്നത്. പള്ളിപ്പറമ്പുകളില്‍ 'ക്രിസ്റ്റഫര്‍ പട' എന്ന പേരില്‍ ആയുധ പരിശീല പരിപാടികളും നടന്നു. 

ജോസഫ് വടക്കനും സ്വന്തമായി റാലികള്‍ സംഘടിപ്പിച്ചു. ഒരു ദിവസം പുത്തരംക്കണ്ടം മൈതാനത്ത് അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി. പക്ഷേ അദ്ദേഹം എത്തുന്നതിനു മിനിട്ടുകള്‍ക്കു മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ആ വേദി പൊളിച്ചുനീക്കിയിരുന്നു. കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിനു മുന്നില്‍ തറയില്‍ നിന്നു പ്രസംഗിച്ചാണ് അന്ന് വടക്കന്‍ മടങ്ങിയത്. 

(ചിത്രം - ജോസഫ് വടക്കന്‍)

അങ്ങനെ സമരം കൊടുമ്പിരിക്കൊണ്ടു. ജയിലുകള്‍ നിറഞ്ഞുകവിഞ്ഞു. തടവുകാരെ പാര്‍പ്പിക്കാന്‍ സ്വകാര്യ വീടുകള്‍ എടുക്കേണ്ടി വന്നു സര്‍ക്കാരിന്. ഇതിനിടെ ആഭ്യന്തര വകുപ്പ് കൃഷ്‍ണയ്യരില്‍ നിന്നും എടുത്തുമാറ്റി, സി അച്യുത മേനോന് നല്‍കി. പാര്‍ട്ടിയുടെ ശക്തമായ ലൈന്‍ നടപ്പാക്കുന്നതിന് 'സഹയാത്രികനെ'ക്കാള്‍ നല്ലത് പാര്‍ട്ടിക്കാരന്‍ തന്നെയാണ് എന്ന ചിന്തയായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. 

സിവില്‍ ഭരണത്തെ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ പട്ടാളത്തെ വിളിക്കുമെന്ന് പുതിയ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. പട്ടാളം ഒരു റൂട്ടു മാര്‍ച്ചും നടത്തി. പൊലീസ് രണ്ടുതവണ വെടിവയ്‍പ് നടത്തി. ഒന്നു തിരുവനന്തപുരത്തും മറ്റൊന്ന് അങ്കമാലിയിലും. "പകരം ഞങ്ങള്‍ ചോദിക്കും" എന്ന് പ്രക്ഷോഭകാരികള്‍ അലറി. അപ്പോള്‍  "കടലില്‍പ്പോകും കത്തോലിക്കാ മീന്‍പിടുത്തക്കാര്‍ക്കും കലപ്പ പിടിക്കും നായന്മാര്‍ക്കും ഞങ്ങളെതിരല്ല" എന്ന് കമ്മ്യൂണിസ്റ്റ് പ്രകടനക്കാര്‍ തിരിച്ചും അലറി. 'പള്ളിയച്ചന്‍റെയും പിള്ളയച്ചന്‍റെയും' പ്രസ്ഥാനമെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് നേതാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ വിമോചനസമരക്കാരെ പരിഹസിച്ചു. ആയിരക്കണക്കിന് വിമോചനസമരക്കാര്‍ ആയിരിക്കണക്കിന് കമ്മ്യൂണിസ്റ്റുകാരും പരസ്‍പരം പോര്‍വിളികളുമായി തെരുവില്‍ അലയടിച്ചു. ഏറ്റുമുട്ടലുകള്‍ ഏകദേശം രണ്ടുമാസത്തോളം നീണ്ടു.

സമര്‍ക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജും വെടിവയ്‍പും അഗ്നിശമന വാഹനങ്ങളിലൂടെ ചെളിവെള്ളം ചീറ്റിക്കലുമൊക്കെ നടന്നു. എന്നാല്‍ സമരത്തെ നേരിടുന്നതില്‍ സര്‍ക്കാരിന് ഭീമമായ ഒരബദ്ധം പറ്റി. ആയിരങ്ങളെ തല്ലിച്ചതയ്ക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്‍തപ്പോഴും സമരം നയിച്ച നേതാക്കളിലാരെയും സര്‍ക്കാര്‍ തൊട്ടില്ല, നുള്ളി നോവിച്ചില്ല. ജനാധിപത്യത്തിന്‍റെ അഭ്യാസത്തില്‍ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു കൊടുക്കേണ്ടി വന്ന വലിയ വിലയായിരുന്നു അത്.

(ചിത്രം - സി അച്ചുതമേനോന്‍)
 

(അടുത്തത് - പ്രധാനമന്ത്രി രക്ഷകനാകുമെന്ന് കരുതി കമ്മ്യൂണിസ്റ്റുകാര്‍, പക്ഷേ സംഭവിച്ചത്!)

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍

click me!