Asianet News Malayalam

ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

കക്ഷി രാഷ്‍ട്രീയത്തിലെ ഹരണഗുണന പ്രക്രിയകളിലും ചേരുമ്പടി ചേര്‍ക്കലുകളിലുമുള്ള ഭൂരിഭാഗം തന്ത്രവിദ്യകളും ഇവിടെ പലരും പരീക്ഷിച്ചുകഴിഞ്ഞു. ഒരേസമയം അഭിമാനിക്കാനും കൌതുകമുണര്‍ത്താനും വകനൽകുന്ന നിരവധി സംഭവവികാസങ്ങളുണ്ട് നമ്മുടെ നിയമസഭാ ചരിത്രത്തില്‍. ആ ചരിത്രത്തിലൂടെ ചെറിയൊരു യാത്ര 

History Of Kerala Legislative Assembly
Author
Trivandrum, First Published Mar 6, 2021, 12:15 PM IST
  • Facebook
  • Twitter
  • Whatsapp

'രാഷ്ട്രീയ പരീക്ഷണശാല' എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്. കാരണം രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പല രാഷ്ട്രീയ പരീക്ഷണങ്ങളിലും ഒന്നാമനായിരുന്നു കേരളം. വിസ്‍തീർണ്ണത്തിൽ ഇന്ത്യയുടെ ഒന്നേകാൽ ശതമാനത്തിൽ ഒതുങ്ങുന്ന ഈ ചെറിയ സംസ്ഥാനത്ത്‌ വിധേയമാക്കാത്ത രാഷ്ട്രീയ പരീക്ഷണങ്ങളില്ല. കക്ഷി രാഷ്‍ട്രീയത്തിലെ ഹരണഗുണന പ്രക്രിയകളിലും ചേരുമ്പടി ചേര്‍ക്കലുകളിലും ഭൂരിഭാഗം തന്ത്രവിദ്യകളും ഇവിടെ പരീക്ഷിച്ചുകഴിഞ്ഞു. ഒരേസമയം അഭിമാനിക്കാനും കൌതുകമുണര്‍ത്താനും വകനൽകുന്ന നിരവധി സംഭവവികാസങ്ങളുണ്ട് നമ്മുടെ നിയമസഭാ ചരിത്രത്തില്‍. ആ ചരിത്രത്തിലൂടെ ചെറിയൊരു യാത്ര പോകാം.

ഔദ്യോഗിക കൗൺസിൽ
പിന്നീട്‌ കേരളത്തിന്‍റെ ഭാഗമായി തീർന്ന, പഴയ സംസ്ഥാനമായ തിരുവിതാംകൂറിലായിരുന്നു ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യ നിയമസഭയുടെ പിറവി. 1888 മാർച്ച്‌ 30ന്‌ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ രൂപീകരിച്ച ശ്രീമൂലം കൗൺസിൽ അഥവാ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിൽ എന്ന ഈ നിയമസഭയില്‍ ആറ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളും ആണ് ഉണ്ടായിരുന്നത്.  അംഗങ്ങളില്‍ ആറുപേര്‍ സർക്കാർ ഉദ്യോഗസ്ഥരും രണ്ടുപേര്‍ അനുദ്യോഗസ്ഥരുമായിരുന്നു. മഹാരാജാവു തന്നെയായിരുന്നു ഇവരെ നാമനിർദ്ദേശം ചെയ്‍തത്‌. സഭയുടെ അധ്യക്ഷൻ ദിവാനായിരുന്നു. സഭയുടെ ശുപാർശകൾ തള്ളാനും കൊള്ളാനുമെല്ലാം രാജാവിന്‌ അധികാരമുണ്ടായിരുന്നു. കൗണ്‍സിലിന്‍റെ ആദ്യയോഗം 1888 ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് 12.00 മണിക്ക് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്‍റെ മുറിയില്‍ ചേര്‍ന്നു.

ചിത്രം- ശ്രീമൂലം തിരുനാള്‍

മലയാളി മെമ്മോറിയൽ
സത്യത്തില്‍, പ്രാതിനിധ്യത്തിനായുള്ള ജനകീയ ആവശ്യത്തിന്‌ നിയമസഭാ രൂപീകരണത്തോളം പഴക്കമുണ്ട്‌. മലയാളി മെമ്മോറിയല്‍ പിറക്കുന്നത് അങ്ങനെയാണ്. അക്കാലത്ത് തിരുവിതാം‌കൂറിലെ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണർ ആയിരുന്നു. ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്കും പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിന്‌ ഒരു സംഘം ആളുകള്‍ നല്‍കിയ നിവേദനമാണ്‌ മലയാളി മെമ്മോറിയൽ. തിരുവിതാം‌കൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നൽകി. കൂടാതെ ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ഈ നിവേദനത്തിലെ മുഖ്യ ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിന്‍റെയൊക്കെ ഫലമായിരുന്നു 1888 മാർച്ച്‌ 30ലെ ശ്രീമൂലം സഭയുടെ പിറവി. 

ചിത്രം- വിജെടി ഹാള്‍

എന്നാല്‍ കിട്ടിയതുകൊണ്ട് തൃപ്‍തിയടിഞ്ഞ് ജനം അടങ്ങിയിരുന്നില്ല. കൂടുതല്‍ പ്രാതിനിധ്യത്തിനായി ആവശ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങി.  അങ്ങനെ 1898ൽ നിയമസഭയുടെ രൂപത്തിൽ പരിഷ്ക്കരണം വരുത്താൻ രാജാവ്‌ നിർബന്ധിതനായി. 1898 മാര്‍ച്ച് 21ന് പുതിയൊരു ഉത്തരവിലൂടെ രാജാവ്, കൗൺസിലിന്റെ അംഗസംഖ്യ 15 ആയി വർധിപ്പിച്ചു. ഒമ്പത് ഔദ്യോഗിക അംഗങ്ങളും ആറ് അനൗദ്യോഗിക അംഗങ്ങളുമായി മൊത്തം 15 അംഗങ്ങളുമായി പുതിയ സംവിധാനം നിലവിൽ വന്നപ്പോഴും തെരഞ്ഞെടുപ്പ്‌ സമ്പ്രദായം തത്വത്തിൽപ്പോലും അംഗീകരിച്ചിരുന്നില്ല. 

ശ്രീമൂലം പ്രജാസഭ
ജനാധിപത്യ ബോധം വീണ്ടും ഉയര്‍ന്നുപൊങ്ങി. ഭരണവുമായി ചെറിയ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുത്താതെ രാജാവിന് മുന്നോട്ടുപോകാന്‍ പ്രയാസമായി. അങ്ങനെ ശ്രീമൂലം തിരുനാള്‍,  1904ല്‍  ഈ കൗണ്‍സിലിനു പുറമെ 100 അംഗങ്ങളുള്ള ഒരു പ്രജാസഭ കൂടി സ്ഥാപിച്ചു. അതാണ് ശ്രീമൂലം പ്രജാസഭ അഥവാ ശ്രീമൂലം ജനകീയ പോപ്പുലര്‍ അസംബ്ളി.  ഈ ജനപ്രതിനിധിസഭ നിയമസഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം 1904 ഒക്ടോബര്‍ 22-ന് വിജെടി ഹാളില്‍ നടന്നു. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ. 

പിന്നീട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ 1920കളില്‍ നാമമാത്രമായ ചില പരിഷ്ക്കാരങ്ങൾ വന്നു. പക്ഷേ ഇതൊന്നും നിലവിലുളള തെരഞ്ഞെടുപ്പ്‌ രീതിയുടെ അടുത്തെങ്ങും എത്തിയിരുന്നില്ല. 1921-ൽ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗസംഖ്യ 50 ആയി ഉയർത്തി. ഇതിൽ 21 അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. പിന്നീട് 1930നു ശേഷമായിരുന്നു നിയമസഭാ പരിഷ്ക്കരണ രംഗത്ത്‌ ശ്രദ്ധേയമായ ചില കാൽവയ്‍പുകൾ ഉണ്ടായത്‌.  1932ൽ ചിത്തിര തിരുനാൾ അധികാരമേറ്റു.  ലെജിസ്ലേറ്റീവ് കൗൺസിലിന്റെ പേര് ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നാക്കി മാറ്റി. ശ്രീമൂലം അസംബ്ലിയെന്നും ശ്രീചിത്തിര സ്റ്റേറ്റ്‌ കൗൺസിൽ എന്നുമുളള രണ്ടുമണ്ഡലങ്ങളായി നിയമസഭ വിഭജിക്കപ്പെട്ടു. ഇതോടെ സ്റ്റേറ്റ് കൗൺസിൽ ഉപരിസഭയും പ്രജാസഭ അധോസഭയുമായി മാറി. പക്ഷേ അപ്പോഴും നിലവിലെ നിയോജകമണ്ഡല വ്യവസ്ഥകളിലും സമ്മതിദാനാവകാശരീതിയിലുമൊന്നും ഒരു മാറ്റവും ഉണ്ടായില്ല. അഞ്ചു രൂപ കരമടയ്ക്കുന്ന ആൾക്കാർക്കായിരുന്നു വോട്ടവകാശം. 

സഭയില്‍ പ്രവേശനം നായര്‍ക്കുമാത്രം
നിയമസഭയിലും അന്ന്‌ അയിത്തമുണ്ടായിരുന്നു. നായർ വിഭാഗത്തിനല്ലാതെ ക്രിസ്ത്യാനികൾ, ഈഴവർ, മുസ്ലീങ്ങൾ എന്നീ സമുദായങ്ങൾക്കൊന്നും നിയമസഭയിലേക്ക് എത്തിനോക്കാൻ പോലും കഴിയുമായിരുന്നില്ല. ഇവിടെയായിരുന്നു കേരള ചരിത്രത്തെ മാറ്റിമറിച്ച നിവർത്തന പ്രക്ഷോഭത്തിന്റെ തുടക്കം. പിന്നോക്ക സമുദായക്കാരും അവഗണിക്കപ്പെട്ട മറ്റു സമുദായങ്ങളും ജനസംഖ്യാനുപാതികമായ സീറ്റു സംവരണത്തിനുവേണ്ടി പ്രക്ഷോഭം തുടങ്ങി. അതാണ്‌ പ്രസിദ്ധമായ നിവർത്തന പ്രക്ഷോഭം. സി കേശവനും എൻ വി ജോസഫുമായിരുന്നു നിവർത്തന പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ. 

നിയമസഭയിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കുവാൻ തീരുമാനിച്ച പിൻതള്ളപ്പെട്ട സമുദായത്തിലെ ജനങ്ങൾ കൂടിച്ചേർന്ന് സംയുക്തരാഷ്ട്രീയകോൺഗ്രസ് എന്നൊരു സംഘടനയുണ്ടാക്കി. ആവശ്യപ്പെട്ട പ്രാതിനിധ്യം ലഭിക്കുന്നതുവരെ, തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ഇവർ തീരുമാനിച്ചു. 1932 ഡിസംബർ 17 തിരുവനന്തപുരത്തു ചേർന്ന ഒരു യോഗത്തിൽ സർക്കാരിനു സമർപ്പിക്കാൻ ഒരു മെമ്മോറാണ്ഡം തയ്യാറാക്കി. എന്നാൽ ഈ മെമ്മോറാണ്ഡത്തിനോട് സർക്കാരിന്റെ നിലപാട് തികച്ചും നിരാശാജനകമായിരുന്നു. ഇതിനിടെ 1935 ജൂണിലെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി കേശവൻ അറസ്റ്റു ചെയ്യപ്പെട്ടു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ നായർ സമുദായം ഭൂരിപക്ഷം സീറ്റുകളും പിടിച്ചെടുത്തു. എന്നാൽ ഈ തെരഞ്ഞെടുപ്പിനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും നിയമസഭ പിരിച്ചുവിടണമെന്നും നിവർത്തനപ്രക്ഷോഭക്കാർ ആവശ്യപ്പെട്ടു. ഈ സമയത്ത് തിരുവനന്തപുരം സന്ദർശിച്ച വെല്ലസ്ലി പ്രഭുവിനെ സമരക്കാർ കണ്ടു, നിവേദനം സമർപ്പിച്ചു. വെല്ലസ്ലിയുടെ പ്രതികരണം അനുകൂലമായിരുന്നു.  ഇതോടെ സമരക്കാരുമായി ഒത്തു തീർപ്പിലെത്താനും  ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായത്തിനു ഉദ്യോഗനിയമനങ്ങളിൽ സംവരണതത്വം നടപ്പാക്കാനും മഹാരാജാവ്‌ നിർബന്ധിതനായി. 

തിരുവിതാംകൂർ സ്റ്റേറ്റ്‌ കോൺഗ്രസ്‌ നിലവിൽവന്നത്‌ 1938ലാണ്‌. പട്ടം താണുപിള്ളയായിരുന്നു ആദ്യ അധ്യക്ഷൻ. ഉത്തരവാദ ഭരണമായിരുന്നു സ്റ്റേറ്റ്‌ കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം. സമാധാനപരമായും പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലും ന്യുനപക്ഷ താൽപ്പര്യം സംരക്ഷിക്കുന്ന വ്യവസ്ഥകളോടു കൂടിയതുമാണ്‌ ഉത്തരവാദ ഭരണം. 

ചിത്രം - പട്ടം താണുപിള്ള

കൊച്ചി രാജപ്രജാമണ്ഡലം 
ഈ കാലയളവിൽ കൊച്ചിരാജ്യത്ത് 45 അംഗങ്ങളുള്ള ആദ്യ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ നിലവില്‍വന്നു. 1925ല്‍ ആയിരുന്നു അത്. പരിമിതമായ വോട്ടവകാശം അനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട 30 പേരുൾപ്പെടെ ഈ 45 അംഗ നിയമസയെ 1938ൽ പരിഷ്ക്കരിച്ചു. കൗണ്‍സില്‍ അംഗമായ അമ്പാട്ട് ശിവരാമമേനോന്‍ ഈ വ്യവസ്ഥയിലെ ഏകാംഗമന്ത്രിയായി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന്‌ എ ആർ മേനോനാണ്‌ മന്ത്രിയായത്‌. അവിശ്വാസ പ്രമേയത്തെ തുടർന്ന്‌ മേനോൻ രാജിവച്ചപ്പോൾ 1942ൽ ടി കെ നായർ മന്ത്രിയായി. പിന്നീട് 1946 ൽ നാലംഗ മന്ത്രിസഭ നിലവില്‍ വന്നു.

വി ആർ കൃഷ്ണനെഴുത്തച്ഛൻ പ്രസിഡന്റായി കൊച്ചി രാജപ്രജാമണ്ഡലം എന്ന സംഘടന രൂപംകൊണ്ടത്‌ 1942 ജനുവരി 26നാണ്‌. മാറ്റത്തിന്റെ കാറ്റായി മാറി  സംഘടനയുടെ പിറവി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടു ഉത്തരവാദപ്പെട്ട സർക്കാർ ഉണ്ടാകണം എന്നതായിരുന്നു പ്രജാമണ്ഡലത്തിന്റെ മുഖ്യ ആവശ്യം. ഒട്ടേറെ സമരങ്ങൾ നടന്നു. 1945ൽ തെരഞ്ഞെടുപ്പിൽ പ്രജാമണ്ഡലം 19ൽ 12 സീറ്റ്‌ നേടി. ഈ വിജയത്തെ തുടർന്ന്‌ കൊച്ചിയിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനു പ്രജാമണ്ഡലം തയ്യാറെടുത്തു. പ്രക്ഷോഭം പണിയാകുമെന്ന് മഹാരാജാവ്‌ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ നിയമസമാധാനം, ധനകാര്യം ഒഴികെയുളള വകുപ്പുകൾ ജനപ്രതിനിധികളായ മന്ത്രിമാരെ ഏൽപ്പിക്കാമെന്ന്‌ 1946 ഓഗസ്റ്റ്‌ 14ന്‌ സമ്മതിച്ചു. അങ്ങനെ സെപ്‍തംബര്‍ ഒമ്പതിന്‌ ആദ്യ ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നു. പനമ്പളളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ സി ആർ ഇയ്യുണ്ണി, കെ അയ്യപ്പൻ, ടി കെ നായർ എന്നിവർ ഉൾപ്പെടുന്നതായിരുന്നു മന്ത്രിസഭ. വകുപ്പുകൾ മന്ത്രിമാർക്ക്‌ വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച്‌ ദിവാനായിരുന്ന കരുണാകര മേനോൻ രാജിവച്ചു. 

ചിത്രം - പനമ്പിള്ളി ഗോവിന്ദ മേനോന്‍

1947 ഒക്ടോബർ 18ന് എറണാകുളത്തെ രാജേന്ദ്ര മൈതാനിയിലെ ലാത്തിച്ചാർജ്ജ്‌ കൊച്ചിയിൽ ഭരണ പ്രതിസന്ധിക്ക്‌ കാരണമായി. ടി കെ നായർ ഒഴികെയുളള മന്ത്രിമാരെല്ലാം രാജിവച്ചു. പറമ്പി ലോനപ്പൻ, കെ ബാലകൃഷ്‍ണ മേനോൻ എന്നിവരെ ചേർത്ത്‌ ടി കെ നായർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രജാമണ്ഡലം ഇതിനകം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഇ ഇക്കണ്ട വാര്യർ, പനമ്പളളി ഗോവിന്ദമേനോൻ, സഹോദരൻ അയ്യപ്പൻ, സി എ ഔസേപ്പ്‌ എന്നിവർ അംഗങ്ങളായ പ്രഥമ കോൺഗ്രസ്‌ മന്ത്രിസഭ അധികാരത്തിൽ വന്നു.

അധികാര മുഖത്തേറ്റ വെട്ട് 
ഇന്ത്യ സ്വാതന്ത്ര്യത്തിനു തൊട്ടരികിലെത്തി നില്‍ക്കുന്ന സമയം. എല്ലാ നാട്ടുരാജ്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകാൻ വെമ്പൽപൂണ്ടു നിൽക്കുന്നു. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി നിലകൊളളുമെന്നായിരുന്നു 1947 ജൂൺ 11ന് ദിവനായ സര്‍ സിപി രാമസ്വാമി  അയ്യരുടെ പ്രഖ്യാപനം. ഈ നിലപാടിനെതിരെ ജനരോഷം പടർന്നു. ജനം ഒറ്റക്കെട്ടായി അണിനിരന്നു. നാടെങ്ങും പ്രക്ഷോഭ കൊടുങ്കാറ്റ്‌ . 1947 ജൂലൈ 25ലെ സന്ധ്യ. സിപിയ്ക്കു വെട്ടേറ്റു. മുഖത്തായിരുന്നു വെട്ട്‌. ജനാധിപത്യാവകാശം നേടാൻ വല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) പ്രവർത്തകനായിരുന്ന കെ സി എസ്‌ മണിയായിരുന്നു ആയുധമെടുത്തത്‌. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ സ്വാതിതിരുനാൾ ചരമശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിച്ചേർന്നതായിരുന്നു ദിവാൻ. ചിത്തിരതിരുനാൾ ബാലരാമവർമ്മ ആയിരുന്നു ഉദ്ഘാടകൻ. ചടങ്ങ് കഴിഞ്ഞ് സംഗീതകച്ചേരിയും ആസ്വദിച്ച് തന്റെ കാറിന്റെ അടുത്തേക്ക് തിരിക്കുമ്പോൾ മണി ദിവാനെ വെട്ടി. ആദ്യ വെട്ട് കഴുത്തിൽ ചുറ്റിയിട്ട പട്ടിലും രണ്ടാമത്തെ വെട്ട് ഇടതുകവിളിന്റെ കീഴ്ഭാഗത്തും കൊണ്ടു. ആ ഭാഗം അറ്റുതൂങ്ങിക്കിടന്നു. പെട്ടെന്ന് വൈദ്യുതി നിലച്ചു. തുടരെ തുടരെ വെട്ടിയ മണി തലവഴിയിട്ട മുണ്ടും ഉടുമുണ്ടും അഴിച്ചെറിഞ്ഞ് ഇരുളിൽ മറഞ്ഞു. എന്തായാലും ആ സംഭവത്തോടെ സിപി നാടുവിട്ടു. 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചു. ഓഗസ്റ്റ്‌ 19ന്‌ സിപി ദിവാൻ സ്ഥാനവും ഒഴിഞ്ഞു. അങ്ങനെ തിരുവിതാംകൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി.

ചിത്രം - സി പി രാമസ്വാമി അയ്യര്‍

തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം അനുവദിക്കുന്നതിനു പ്രാരംഭമായി പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടന നിർമ്മാണ സമിതിയെ തെരഞ്ഞെടുക്കാനുളള വിളംബരം 1947 സെപ്റ്റംബർ നാലിനു മഹാരാജാവ്‌ പുറപ്പെടുവിച്ചു. 1948 ഫെബ്രുവരിയിലായിരുന്നു തിരുവിതാംകൂറിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌. ആകെയുളള 120 സീറ്റുകളിൽ 112 എണ്ണത്തിൽ മത്സരിച്ച സ്റ്റേറ്റ്‌ കോൺഗ്രസ്‌ 97 സീറ്റുകള്‍ നേടി. തമിഴ്‌നാട്‌ കോൺഗ്രസിനു 14ഉം മുസ്ലീം ലീഗിന്‌ എട്ടും സീറ്റുകൾ. ഒരാൾ  കക്ഷിരഹിതനായിരുന്നു.

1948 മാർച്ച്‌ 20ന് തിരുവിതാംകൂറിലെ പ്രഥമ ഭരണഘടന നിർമ്മാണ സമിതി രൂപംകൊണ്ടു. സമിതിയുടെ പ്രസിഡന്റായി എ ജെ ജോണിനെ 1948 മാർച്ച്‌ 21ന്‌ തെരഞ്ഞെടുത്തു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന നിർമ്മാണ സമിതിയായിരുന്നു ഇത്. ജനനേതാക്കളുടെ ആവശ്യാനുസരണം ഈ സമിതിയെ നിയമനിർമ്മാണസഭ കൂടിയാക്കി മാർച്ച്‌ 24ന്‌ രാജകീയ വിളംബരമുണ്ടായി.

കൊട്ടാരം, രാജകുടുംബം, ശ്രീഭണ്ഡാരംവക, ദേവസ്വം, ഹിന്ദുമത സ്ഥാപനങ്ങൾ എന്നിവ രാജാവിന്റെ ചുമതലയിലായിരുന്നു. രാജ്യത്തിന്റെ ചുമതല നിയമസഭയോട്‌ ഉത്തരവാദിത്വമുളള ഒരു ഇടക്കാല മന്ത്രിസഭയെ ഏൽപ്പിച്ചു. അങ്ങനെ പട്ടം താണുപിളള മുഖ്യമന്ത്രിയും സി കേശവൻ, ടി എം വർഗീസ്‌ എന്നിവർ അംഗങ്ങളുമായുളള മന്ത്രിസഭ 1948 മാർച്ച്‌ 24ന്‌ അധികാരത്തിലെത്തി. ഇതായിരുന്നു തിരുവിതാംകൂറിലെ പ്രഥമ ജനകീയ മന്ത്രിസഭ. 

എന്നാൽ അധികകാലം ഭരണത്തിൽ തുടരാൻ പട്ടം മന്ത്രിസഭയ്ക്കു സാധിച്ചില്ല. കോൺഗ്രസനുളളിലെ പ്രശ്‍നങ്ങളും മുഖ്യനേതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്‍മയും കാരണം ഭരണസ്‍തംഭനം ഉണ്ടായി. പ്രശ്‍ന പരിഹാരമായി മന്ത്രിസഭ വികസിപ്പിച്ചു. ജി രാമചന്ദ്രൻ, എ അച്യുതൻ, കെ എം കോര, പി എസ്‌ നടരാജപിളള എന്നിവരെ മന്ത്രിമാരാക്കി. എന്നാല്‍ പ്രശ്‍നം പുകഞ്ഞുകത്തി. മുഖ്യമന്ത്രി സ്വന്തം ഇഷ്‍ടപ്രകാരം മന്ത്രിമാരെ നിയമിച്ചെന്ന പരാതിയുമായി സി കേശവനും ടിഎം വർഗീസും രാജിക്കൊരുങ്ങി. പിന്നീട് സമ്മർദ്ദങ്ങൾക്കു വഴങ്ങി രാജി തീരുമാനത്തിൽ നിന്നും അവർ പിൻവാങ്ങി. ഈ തർക്കം ഒതുക്കാൻ പി എസ്‌ നടരാജപിളളയെ ദില്ലിയിൽ ലെയ്സൺ ഓഫീസറായി നിയമിച്ചു.

എന്നാല്‍ പ്രശ്‍നങ്ങള്‍ അവിടെയും തീര്‍ന്നില്ല. മുഖ്യമന്ത്രി സ്ഥാനവും സ്റ്റേറ്റ്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പദവും ഒരാൾ തന്നെ വഹിക്കുന്നതിൽ എതിർപ്പുയര്‍ന്നു. ഏതെങ്കിലും ഒന്നൊഴിയാന്‍ പട്ടം താണുപിളളയാകട്ടെ തയ്യാറായുമില്ല. ഒടുവില്‍ കോൺഗ്രസ്‌ പാർട്ടിതന്നെ പണി കൊടുത്തു. പട്ടത്തിനെതിരെ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ കൊടുത്തു. ഞെട്ടിയ പട്ടം പക്ഷേ പൂഴിക്കടകനടിച്ചു. 1948 ഒക്ടോബർ 17ന്‌ മന്ത്രിസഭയുടെ രാജി സമർപ്പിച്ചു.

തുടർന്ന്‌ പാർട്ടി ലീഡറായി പറവൂർ ടി കെ നാരായണപിളള എത്തി. കെ ആർ ഇലങ്കത്ത്‌, ഇ കെ മാധവൻ, എ ജെ ജോൺ, എൻ കുഞ്ഞുരാമൻ, വി ഒ മാർക്കോസ്‌ എന്നിവർ മന്ത്രിമാരുമായി. ഒക്ടോബർ 22നാണ്‌ മന്ത്രിസഭ ചുമതലയേറ്റത്‌. ചെറുനാട്ടുരാജ്യങ്ങൾ പലതും സംയോജിച്ച്‌ ഐക്യസംസ്ഥാനങ്ങൾ രൂപംകൊണ്ടുവന്ന ഇക്കാലത്ത് തിരുവിതാംകൂർ സ്റ്റേറ്റ്‌ കോൺഗ്രസും കൊച്ചിയിലെ പ്രജാമണ്ഡലവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. 

നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിനെയും കൊച്ചിയേയും സംയോജിപ്പിച്ചുകൊണ്ടും തിരുകൊച്ചി ഐക്യസംസ്ഥാനത്തിന്റെ രാജപ്രമുഖനായി തിരുവിതാംകൂർ മഹാരാജാവിനെ വാഴിച്ചുകൊണ്ടും ഇന്ത്യാ ഗവൺമെന്റ്‌ 1949 ജൂൺ 8ന്‌ വിളംബരം പുറപ്പെടുവിച്ചു. കൊച്ചി മഹാരാജാവിന്‌ അടുത്തൂൺ കൊടുത്ത്‌ ഭരണഭാരത്തിൽ നിന്നും ഒഴിവാക്കി. 

തിരുകൊച്ചി ഐക്യസംസ്ഥാനം
1949 ജൂലൈ 1-ന് തിരുകൊച്ചി ഐക്യസംസ്ഥാനത്തിന്റെ പ്രഥമ മന്ത്രിസഭ അധികാരത്തിൽ വന്നു. ടി കെ നാരായണപിള്ള മുഖ്യമന്ത്രിയും ഇക്കണ്ട വാര്യർ, എ ജെ ജോൺ, കെ അയ്യപ്പൻ, പനമ്പിള്ളി ഗോവിന്ദമേനോൻ, ഡോ. ഇ കെ മാധവൻ, ടി കെ അബ്ദുള്ള എന്നിവർ മന്ത്രിമാരുമായിരുന്നു. അപ്പോഴും മന്ത്രിസഭാ രൂപീകരണത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി. പരിഹാരമെന്നോണം എൻ. കുഞ്ഞിരാമൻ, ഇ ജോൺ ഫിലിപ്പോസ്‌, ആനി മസ്ക്രിൻ എന്നിവരെകൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഡോ. ഇ കെ മാധവന്റെ രാജി വച്ചു. 

ഈ മന്ത്രിസഭയും അൽപ്പായുസായിരുന്നു. ഉൾപ്പാർട്ടി പ്രശ്‍നങ്ങള്‍ കാരണം1951 ഫെബ്രുവരി 24ന്‌ ടി കെ നാരായണപിള്ള മന്ത്രിസഭ രാജിവച്ചു. ഫെബ്രുവരി 28ന്‌ സി കേശവനെ ലീഡറായി തെരഞ്ഞെടുത്തു. പാർട്ടിയിലെ പോര്‌ വർധിച്ചപ്പോൾ ടി കെ നാരായണപിള്ളയെയും എ ജെ ജോണിനെയും ഉൾപ്പെടുത്തി സി കേശവന്‍ മന്ത്രിസഭ വികസിപ്പിച്ചു. പക്ഷെ  തിടുക്കത്തിലുള്ള നടപടിക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്ന്‌ മാത്രമല്ല വിപരീതഫലവുമുണ്ടായിൃ. മന്ത്രിസഭാ വിപുലീകരണത്തിൽ പ്രതിഷേധിച്ച്‌ കൊച്ചി എംഎൽഎമാർ രാജിവച്ചു. തുടർന്ന്‌ മാർച്ച്‌ 20ന്‌ സി കേശവൻ ലീഡർ സ്ഥാനം ഒഴിഞ്ഞു. എങ്കിലും അദ്ദേഹത്തെതന്നെ വീണ്ടും ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 

എന്നാല്‍ അങ്ങനെ തീരുന്നതായിരുന്നില്ല കോൺഗ്രസിലെ തമ്മിലടി. പതിവുപോലെ മന്ത്രിസ്ഥാനങ്ങൾ നൽകി പ്രശ്‍നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. അങ്ങനെ സെപ്റ്റംബർ ആറിന്‌ കെ എം കോര, ജി ചന്ദ്രശേഖരപിള്ള, എൽ എം പെയിലി, പി കെ കുട്ടികൃഷ്‍ണമേനോൻ എന്നിവരെക്കൂടി ചേർത്ത്‌ മന്ത്രിസഭ വികസിപ്പിച്ചു. 

ഈ സമയത്ത് ഇന്ത്യയിൽ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുളള ഇന്ത്യയിലെ പ്രഥമ പൊതുതെരഞ്ഞെടുപ്പ്‌ നടന്നത് ഇക്കാലത്താണ്‌. തിരുക്കൊച്ചിയിലെ പാർട്ടിനില പഴയതുപോലെ ആയിരുന്നില്ല. പട്ടത്തിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ്‌ പാർട്ടിയും ആർ ശങ്കറിന്റെയും മന്നത്ത്‌ പത്മനാഭന്റെയും നേതൃത്വത്തിൽ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയും രൂപംകൊണ്ടിരുന്നു  അപ്പോഴേക്കും.

(തുടരും)

(നാളെ- തിരുകൊച്ചിയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌)


 

Follow Us:
Download App:
  • android
  • ios