നീണ്ട പ്രതിരോധത്തിനൊടുവിൽ ജലീലിൻ്റെ രാജി: തീരുമാനിച്ചത് മുഖ്യമന്ത്രി, അറിയിച്ചത് കോടിയേരി

By Asianet MalayalamFirst Published Apr 13, 2021, 2:15 PM IST
Highlights

ജലീൽ രാജിവയ്ക്കാത്തതിനെ ചൊല്ലി സിപിഎം നേതാക്കൾക്കിടയിൽ വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഈ പ്രശ്നം ആളിക്കത്താനുള്ള സാധ്യത കൂടിയാണ് ജലീലിൻ്റെ രാജിയിലൂടെ മുഖ്യമന്ത്രി ഒഴിവാക്കുന്നത്. 

തിരുവനന്തപുരം: രണ്ട് വർഷത്തിലേറെ തുടർച്ചയായി വിവാദങ്ങളിൽ ഉൾപ്പെട്ടെങ്കിലും എല്ലാ ഘട്ടത്തിലും കെ.ടി.ജലീലിനെ സംരക്ഷിച്ച മുഖ്യമന്ത്രി ഒടുവിൽ ലോകായുക്ത വിധിയോടെയാണ് അദ്ദേഹത്തെ കൈവിട്ടത്. രണ്ട് വർഷം പലതരം വിവാദങ്ങൾ ഉണ്ടായിട്ടും ലോകായുക്ത വിധിയിൽ പാർട്ടിക്കുള്ളിൽ പോലും ഭിന്നാഭിപ്രായം ഉണ്ടായിട്ടും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ പരിധി കടന്ന് ജലീലിനെ സംരക്ഷിക്കുന്നത് വലിയ തിരിച്ചടിയാവും എന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുയരുകയും ഇ.പി.ജയരാജന് ലഭിക്കാത്ത സംരക്ഷണം മുഖ്യമന്ത്രിയിൽ നിന്നും കെ.ടി.ജലീലിന് ലഭിക്കുന്നുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തിപ്പെടുകയും ചെയ്തതോടെയാണ് കടുത്ത നിലപാടിലേക്ക് മുഖ്യമന്ത്രി നീങ്ങിയത് എന്നാണ് സൂചന.   

സിപിഎമ്മിൽ അഭ്യന്തര ഭിന്നത രൂപപ്പെടുന്നതിനുള്ള സാഹചര്യം ലോകായുക്ത വിധിയോടെ ഉണ്ടായിരുന്നു. ഈ ഭിന്നത ആളിക്കത്താനുള്ള സാധ്യത കൂടിയാണ് ജലീലിൻ്റെ രാജിയോടെ സിപിഎം ഒഴിവാക്കിയത്. ലോകായുക്ത വിധിയിൽ എ.കെ.ബാലൻ അദ്ദേഹത്തെ പിന്തുണച്ചു രംഗത്ത് വന്നെങ്കിലും സിപിഎമ്മിൻ്റേതായി ഒരു പരസ്യ പിന്തുണ ജലീലിന് ലഭിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ പാർട്ടിയും മുഖ്യമന്ത്രിയും തന്നെ സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലീൽ എന്നാൽ ബാലൻ ജലീലിന് നൽകിയ ക്ലീൻ ചിറ്റിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടായതോടെ ചിത്രം മാറി. 

ജലീലിൻ്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്ന അതേസമയം തന്നെ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനത്തിലെത്തി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായി ചികിത്സയിലുള്ള മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള പോളിറ്റ് ബ്യൂറോ അംഗവും മുൻ പാർട്ടി സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തി. പിന്നാലെ കെ.ടി.ജലീലിനെ എ.കെ.ജി സെൻ്ററിന് അടുത്തുള്ള തൻ്റെ ഫ്ളാറ്റിലേക്ക് കോടിയേരി വിളിപ്പിച്ചു. 

ഔദ്യോഗിക വസതിയിൽ നിന്നും സ്വകാര്യ കാറിൽ ഫ്ളാറ്റിലെത്തി ജലീൽ കോടിയേരിയെ കണ്ടു.  രാജിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമെന്നാണ് പാർട്ടി വിലയിരുത്തലെന്ന് കോടിയേരി ഇവിടെ വച്ച് ജലീലിനെ അറിയിച്ചു. എകെജി സെൻ്ററിലെ കൂടിക്കാഴ്ചയിലും ഹൈക്കോടതിയിൽ നിന്നും തനിക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യത ജലീൽ ചൂണ്ടിക്കാട്ടിയെങ്കിലും പാർട്ടി തീരുമാനത്തിന് വഴങ്ങുക എന്ന നിർദേശം കോടിയേരി ജലീലിന് നൽകിയത് എന്നാണ് സൂചന. 

ഇതിന് പിന്നാലെ ജലീലിൻ്റെ രാജിക്കത്തുമായി അദ്ദേഹത്തിൻ്റെ പേഴ്സണൽ ഗൺമാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികയും പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും രാജ്ഭവനിലേക്ക് കൈമാറുന്ന രാജിക്കത്ത് ​ഗവർണർ അം​ഗീകരിക്കുന്നതോടെ ജലീൽ ഔദ്യോ​ഗികമായി സർക്കാരിന് പുറത്താവും. +

മുസ്ലീം വോട്ടുകളിലേക്കുള്ള പാലം.... 

മുസ്ലീം സമുദായത്തിലേക്ക് സിപിഎമ്മിനെ അടുപ്പിക്കുന്ന പാലമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെ.ടി.ജലീലിനെ കണ്ടിരുന്നത് എന്ന് പാർട്ടിക്കുള്ളിലെ നേതാക്കൾ തന്നെ നേരത്തെ അടക്കം പറ‍ഞ്ഞിരുന്നു. മുസ്ലീം സംഘടനകളുമായി ജലീലിനുള്ള അടുത്ത ബന്ധവും മലപ്പുറത്ത് സിപിഎം സമീപകാലത്തുണ്ടാക്കിയ മുന്നേറ്റത്തിൽ ജലീൽ നിർണായക പങ്കുവഹിച്ചെന്ന പാർട്ടിയുടെ വിലയിരുത്തലും ജലീലിനെ മുഖ്യമന്ത്രിക്ക് പ്രിയങ്കരനാക്കിയിരുന്നു. വ്യക്തിപരമായി പാർട്ടിയിലെ പല നേതാക്കളേക്കാളും കൂടുതൽ അടുപ്പം ജലീലിനോട് മുഖ്യമന്ത്രിക്കുണ്ടായിരുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. 

നേരത്തെ ജലീൽ തദ്ദേശസ്വയംഭരണവകുപ്പ് കൈകാര്യം ചെയ്ത സമയത്ത് വകുപ്പിൻ്റെ പ്രവർത്തനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ വലിയ വിമർശനമുണ്ടായെങ്കിലും പുനസംഘടനയുടെ സമയത്ത് മാത്രമാണ് ജലീലിനെ ആ വകുപ്പിൽ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസമന്ത്രിയാക്കാൻ പിണറായി തയ്യാറായത്. ജലീലിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ പോയ രണ്ട് വർഷത്തിൽ ഉണ്ടായെങ്കിലും ജലീലിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണം പാർട്ടി ഫോറങ്ങളിൽ ആരും തന്നെ അദ്ദേഹത്തെ വിമർശിക്കാൻ തയ്യാറായില്ല. 

എന്നാൽ ലോകായുക്തയിൽ നിന്നും കടുത്ത പരാമർശങ്ങൾ വന്നതോടെ സ്ഥിതി മാറി. എ.കെ.ബാലൻ ഒഴികെ സിപിഎമ്മിലെ ഒരു നേതാവും ജലീലിനെ പരസ്യമായി സംരക്ഷിക്കാൻ തയ്യാറായില്ല. പോളിറ്റ് ബ്യൂറോ അം​ഗമായ എം.എ.ബേബി പോലും ജലീൽ രാജിവയ്ക്കുന്നതാണ് ഉചിതം എന്ന് പരസ്യമായി സൂചിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തി. ഇപി ജയരാജന് കിട്ടാത്ത പിന്തുണ ജലീലിന് നൽകുന്നതിലെ വൈരുധ്യവും പാർട്ടി നേതാക്കൾക്കിടയിൽ ചർച്ചയായി. 

ഇതോടെ മുഖ്യമന്ത്രി പിബി അം​ഗങ്ങളായ കോടിയേരി ബാലകൃഷ്ണനുമായും എസ്.രാമചന്ദ്രൻപിള്ളയുമായി ചർച്ച നടത്തുകയും, ഒരു പരിധിയിൽ കൂടുതൽ ജലീലിനെ പാർട്ടി പിന്തുണയ്ക്കേണ്ടതില്ലെന്ന അഭിപ്രായത്തിലേക്ക് നേതാക്കൾ എത്തുകയും ചെയ്തു. ഇതോടെയാണ് ജലീലിൻ്റെ രാജിക്ക് കളമൊരുങ്ങിയത്.

അതേസമയം അവസാനനിമിഷം വരെ തന്നെ പാർട്ടി സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലീൽ. താനുമായി അടുത്ത ബന്ധമുള്ള നേതാക്കളുമായി അദ്ദേഹം ഈ ആത്മവിശ്വാസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. രാജിവച്ച ശേഷം അതൊരു ധാർമികതയിലൂന്നീയ നിലപാടായി ജലീൽ വ്യാഖ്യനിക്കുന്നുണ്ടെങ്കിലും ആ വാദം എത്ര കണ്ട് ജനം സ്വീകരിക്കും എന്നത് കണ്ടറിയണം. ധാർമിതകയുടെ പേരിലാണ് രാജിയെങ്കിൽ എന്തു കൊണ്ട് ലോകായുക്തയുടെ വിധി വന്നപ്പോൾ രാജിവച്ചില്ല എന്ന ചോദ്യം ബാക്കിയാണ്. ഹൈക്കോടതിയിൽ ലോകായുക്ത വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് ജലീലിൻ്റെ രാജി. 

രാജിവച്ച ശേഷം ജലീൽ ഫേസ്ബുക്കിലിട്ട കുറിപ്പിൽ മുസ്ലീം ലീ​ഗിനും കോൺ​ഗ്രസിനും നേരെ അതിരൂക്ഷവിമർശനമാണുള്ളത്. എന്നാൽ ഹൈക്കോടതിയിൽ ലോകായുക്ത വിധിക്കെതിരെ ഉന്നയിച്ച കാര്യങ്ങളൊന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇല്ല. ലോകായുക്ത വിധികളെ അനുകൂലമിക്കുന്നതാണ് പൊതുവെ ഹൈക്കോടതികളുടെ നയമെന്ന് ജലീലിനെ നിയമവിദ്​ഗ്ദ്ധർ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നിട്ടും ഹൈക്കോടതിയെ സമീപിക്കാൻ ജലീലിനെ പ്രേരിപ്പിച്ചത് അനുകൂല വിധി നേടി പാർട്ടിയുടെ പിന്തുണ ഉറപ്പിക്കാം എന്ന പ്രതീക്ഷയാണ്. എന്നാൽ ജലീലിനെതിരെ പാർട്ടിക്കുള്ളിൽ പടനീക്കമാരംഭിക്കുകയും ലോകായുക്ത വിധിയെ അവ​ഗണിച്ചും ഇടതുമുന്നണി ഒരു മന്ത്രിയെ നിലനിർത്തുന്ന സാഹചര്യം ചർച്ചയാവുകയും ചെയ്തതോടെയാണ് ചിത്രം മാറിമറിഞ്ഞത്. 

click me!