കേരളം കയ്യടിച്ചു; പക്ഷേ ആ മനുഷ്യന്‍റെ കണ്ണീരില്‍ത്തട്ടി സര്‍ക്കാര്‍ താഴെ വീണു!

By Web TeamFirst Published Apr 5, 2021, 1:23 PM IST
Highlights

ആ സംഭവത്തിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നു. മനസാക്ഷിയൊട്ടും ഉലയാതെ കേരളം വോട്ടു ചെയ്‍തു. പക്ഷേ ആ അച്ഛന്‍റെ കണ്ണീരില്‍ത്തട്ടി താഴെ വീഴാനുള്ള അല്‍പ്പായുസ് മാത്രമേ ആ അധികാരത്തിനുണ്ടായിരുന്നുള്ളൂ

1976 മാര്‍ച്ച് ഒന്ന്. നേരം പുലര്‍ച്ച. കോഴിക്കോടിന്‍റെ പ്രാന്തപ്രദേശമായ ചാത്തമംഗലത്തെ റീജിണല്‍ എഞ്ചിനീയറിംഗ് കോളേജിനു മുന്നിലേക്ക് ഒരു പൊലീസ് വാന്‍ ഇരമ്പി നിന്നു. പൊലീസുകാര്‍ ചാടിയിറങ്ങി. രാജന്‍ എന്നൊരാളെ തേടിയെത്തിയതായിരുന്നു അവര്‍. ഒരു വിദ്യാര്‍ത്ഥിയെ അവിടെ നിന്നും വലിച്ചിറക്കി ആ വാനിലേക്ക് കയറ്റി, അത് എങ്ങോട്ടോ ചീറിപ്പാഞ്ഞുപോയി. ആ ചെറുപ്പക്കാരനെ ജീവനോടെ അവസാനം ലോകം കണ്ട സമയം അതായിരുന്നു. പിന്നെ കണ്ടതും കേട്ടതുമൊക്കെ ഒരച്ഛന്‍ മകനു വേണ്ടി നടത്തിയ അന്വേഷണത്തിന്‍റെ നെഞ്ചുലയ്ക്കുന്ന കഥകള്‍.

ആ സംഭവത്തിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നു. മനസാക്ഷിയൊട്ടും ഉലയാതെ കേരളം അടിയന്തിരാവസ്ഥയുടെ പ്രയോക്താക്കളെ അധികാരത്തില്‍ തിരികെയേറ്റി. പക്ഷേ ആ അച്ഛന്‍റെ കണ്ണീരില്‍ത്തട്ടി താഴെ വീഴാനുള്ള അല്‍പ്പായുസ് മാത്രമേ ആ അധികാരത്തിന് ഉണ്ടായിരുന്നുള്ളൂ. ആ കഥകളിലേക്കൊക്കെ കടക്കാം. അതിനും മുമ്പ് അടിയന്തിരാവസ്ഥക്കാലത്തെ മറ്റു ചില കഥകള്‍ കൂടി കേള്‍ക്കാം. 

(ചിത്രം - പി രാജന്‍)
 
പൊലീസിനായി സിസിടിവി ഉണ്ടാക്കി, ഒടുവില്‍ എഞ്ചിനീയറും പെട്ടു!
അടിയന്തിരാവസ്ഥക്കാലത്ത് കെ കരുണാകരന്‍ എന്ന ആഭ്യന്തരമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ച രണ്ടേരണ്ടു വിഷയങ്ങള്‍ പൊലീസും രാഷ്‍ട്രീയവുമായിരുന്നു. അദ്ദേഹത്തിനു മുന്നില്‍ കീ കൊടുത്ത യന്ത്രപ്പാവയെപ്പോലായിരുന്നു സിപിഐയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ. അടിയന്തിരവാസ്ഥ നടപ്പിലാക്കുന്നതിനായി പൊലീസില്‍ പ്രത്യേകം സെല്‍ രൂപീകരിച്ചിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ എന്നാണ് ചിലര്‍ അവയെ വിശേഷിപ്പിച്ചിരുന്നത്. ഹതഭാഗ്യരായ ചില ചെറുപ്പക്കാര്‍ അവിടേക്ക് വലിച്ചെറിയപ്പെട്ടു. 

ഈ ക്യാമ്പുകളിലെ ചോദ്യം ചെയ്യല്‍ എന്നാല്‍ പീഡനങ്ങളുടെ പെരുമഴയായിരുന്നു. കസ്റ്റഡിയിലെടുത്ത ആളുകളെ പൊലീസുകാര്‍ വളഞ്ഞിട്ടു തൊഴിച്ചു തെറിപ്പിക്കുന്ന 'മനുഷ്യപ്പന്തുകളി', റൂള്‍ത്തടി കൊണ്ട് ദേഹാസകലമുള്ള ഉരുട്ടല്‍, കാലുകള്‍ കൂട്ടിക്കെട്ടി എണ്ണപുരട്ടിയ ചൂരല്‍ക്കൊണ്ട് തുടര്‍ച്ചയായിട്ടുള്ള അടി തുടങ്ങിയവയായിരുന്നു പീഡന പരമ്പരയിലെ പ്രധാന പ്രയോഗങ്ങള്‍. 

ഇക്കാലത്ത് തിരുവനന്തപുരം ശാസ്‍തമംഗലത്തെ പൊലീസ് ക്യാമ്പില്‍ 'ക്ലോസ്‍ഡ് സര്‍ക്ക്യൂട്ട്' ടെലിവിഷന്‍ സ്ഥാപിക്കുവാന്‍ സംസ്ഥാനത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന് നിര്‍ദ്ദേശം കിട്ടി. പൊലീസ് മേധാവിയുടെ മുറിയിലായിരുന്നു അത് സ്ഥാപിക്കേണ്ടിയിരുന്നത്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യുന്നതിന്‍റെ ചുമതലയുള്ള പൊലീസ് മേധാവി ചോദ്യം ചെയ്യലിന്‍റെ പുരോഗതി നിരീക്ഷിക്കുവാന്‍ ആ ടിവി സെറ്റ് ഉപയോഗിച്ചു. മേല്‍പ്പറഞ്ഞ പീഡനമുറകള്‍ ഇവിടെയും അരങ്ങേറിയിരുന്നു. വിധി വൈപരീധ്യമെന്നു പറയാം, അതെ നിലവറയില്‍ പീഡനത്തിനു വിധേയമായവരില്‍ ഒരാള്‍ സിസിടിവി ഉണ്ടാക്കിയ കെല്‍ട്രോണിലെ ഒരു യുവ എഞ്ചീനീയര്‍ തന്നെയായിരുന്നു! ഭാഗ്യം കൊണ്ടാവണം അദ്ദേഹത്തിന് ജീവന്‍ തിരികെക്കിട്ടിയത്!

അടിയന്തിരാവസ്ഥാക്കാലത്ത് പൊലീസ് പീഡനം മൂലം കേരളത്തില്‍ 20 പേര്‍ മരിച്ചു എന്നായിരുന്നു ജനതാപാര്‍ട്ടി സബ്‍കമ്മിറ്റിയുടെ നിഗമനം. ഇതില്‍ നാലുപേര്‍ പൊലീസിന്റെ പീഡനം ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഒരാള്‍ വെടിയേറ്റും മറ്റു രണ്ടുപേര്‍ ലോക്കപ്പില്‍ വച്ചാണ് കൊല്ലപ്പെട്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തടവിലാക്കുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്‍ത സ്‍ത്രീകളുടെ എണ്ണം 11 ആയിരുന്നു.

 

പീഡനത്തിന് കയ്യടിച്ച് കേരളം
18മാസം നീണ്ട അടിയന്തിരാവസ്ഥ ഒടുവില്‍ പിന്‍വലിച്ചു. പിന്‍വലിക്കല്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിച്ച് രാഷ്ട്രപതിയുടെ ചുമതലയുള്ള ഉപരാഷ്ട്രപതി ബി ഡി ജട്ടി ഉത്തരവിട്ടു. രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒരു മാസം മുമ്പ് മരിച്ചതോടെയാണ് ബി ഡി ജട്ടിയില്‍ ആ ചുമതല എത്തിയത്. 

ശേഷം 1977 മാർച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. മണ്ഡല പുനഃസംഘടനയെ തുടർന്ന് മണ്ഡലങ്ങളുടെ എണ്ണം 133ല്‍ നിന്ന് 140 ആയിരുന്നു. അതില്‍ 14 സീറ്റുകള്‍ സംവരണമണ്ഡലങ്ങള്‍ ആയിരുന്നു. കോണ്‍ഗ്രസ്, സിപിഐ, മുസ്ളിംലീഗ്, ആർഎസ്‍പി, കേരള കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഐക്യമുന്നണിയാണ് മത്സരിച്ചത്. എന്‍ഡിപിയും പിഎസ്‍പിയും ഈ സഖ്യത്തെ പിന്താങ്ങി.  ഇന്ദിരാഗാന്ധിക്കെതിരെ പ്രതിപക്ഷ കക്ഷികൾ 1977ൽ വിശാല സഖ്യം രൂപീകരിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഇടതുപക്ഷ പാർട്ടികളും ജനസംഘവും. ആ തെരഞ്ഞെടുപ്പിൽ 79.19% ആയിരുന്നു കേരളത്തിലെ പോളിംഗ്. 

(ചിത്രം - ഇന്ദിരാ ഗാന്ധി)

ലോകസഭയിലേക്കും മറ്റു സംസ്ഥാനങ്ങളിലും ഇതേ സമയം തെരെഞ്ഞെടുപ്പ് നടന്നിരുന്നു. ഒടുവില്‍ ഇന്ത്യ ഉറ്റുനോക്കിയ ഫലം വന്നു.  ജയിലില്‍ നിന്നിറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇന്ദിര കരുതിയതിലും കൂടുതല്‍ ജനപിന്തുണ ഉണ്ടായിരുന്നു. കോൺഗ്രസ് ഇന്ത്യ മുഴുവനും തകർന്നടിഞ്ഞു. കോണ്‍ഗ്രസ് ആദ്യമായി പ്രതിപക്ഷത്ത് എത്തിയ ആ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി 345 സീറ്റ് നേടി അധികാരത്തിലെത്തി. കോണ്‍ഗ്രസിന് 187 സീറ്റുകള്‍ മാത്രം കിട്ടി. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആയതിലും വലിയ വാര്‍ത്ത അതായിരുന്നു. ഇന്ദിരാ ഗാന്ധി റായ്ബരേലിയില്‍ തോറ്റു. സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, ഭാരതീയ ലോക്ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയുടെ സംയുക്ത മുന്നണിയാണ് അധികാരത്തില്‍ എത്തിയത്. മൊറാര്‍ജി ദേശായി ആയിരുന്നു പ്രധാനമന്ത്രി. 

എന്നാല്‍ കേരളത്തിലെ ഫലം സകലരെയും ഞെട്ടിക്കുന്നതായിരുന്നു. നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പ്രകടനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരളത്തിലെ ഐക്യമുന്നണി ഈ തെരെഞ്ഞെടുപ്പ് തൂത്തുവാരി.  111 സീറ്റുകള്‍ നേടിയ കോൺഗ്രസ്-സിപിഐ-കേരള കോൺഗ്രസ് മുന്നണി അധികാരം നിലനിര്‍ത്തി. 

(ചിത്രം - ഇന്ദിരാ ഗാന്ധിയും കെ കരുണാകരനും)

കോണ്‍ഗ്രസ്–38, സിപിഐ–23, കേരള കോണ്‍ഗ്രസ്–20, മുസ്ളിംലീഗ്–13, ആർഎസ്‍പി–9, എന്‍ഡിപി–5, പിഎസ്.പി–3 എന്നിങ്ങനെയായിരുന്നു സീറ്റുനില. പ്രതിപക്ഷ പാർട്ടികളില്‍ സിപിഐഎമ്മിന് 17, ഭാരതീയ ലോകദളിന് 6, മുസ്ളിംലീഗ് വിമത വിഭാഗത്തിന് 3, കേരള കോണ്‍ഗ്രസ് വിമതർക്ക് 2, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്. തെരെഞ്ഞെടുപ്പില്‍ മത്സരിച്ച 558 പുരുഷന്മാരില്‍ 139 പേരും 11 വനിതകളില്‍ ഒരാളും മാത്രം വിജയിച്ചു. സിപിഐക്ക് വേണ്ടി മത്സരിച്ച ഭാർഗവി തങ്കപ്പന്‍ മാത്രമായിരുന്നു അത്തവണ നിയമസഭ കണ്ട ഏക വനിത. അങ്ങനെ കെ കരുണാകരന്‍ മുഖ്യമന്ത്രിയായി സംസ്ഥാനത്തെ അഞ്ചാം നിയമസഭ 1977 മാര്‍ച്ച് 25ന് അധികാരമേറ്റു.

രാജ്യമെങ്ങും തകര്‍ന്നപ്പോഴും കേരളം സമ്മാനിച്ച തിളങ്ങുന്ന വിജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍പ്പോലും അമ്പരന്നിട്ടുണ്ടാകണം. അടിയന്തിരാവസ്ഥയുടെ ഗുണപരമായ ചില ഫലങ്ങളെ മലയാളികള്‍ നെഞ്ചേറ്റിയെന്നതാണ് സത്യം. അകമേ തിളച്ചിരുന്നെങ്കിലും രാജ്യം ശാന്തമായിരുന്നു. ട്രെയിനുകളും ബസുകളും സമയത്തിനോടിയിരുന്നു. പണി മുടക്ക് എന്നൊന്ന് ഉണ്ടായിരുന്നേയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ കൃത്യസമയത്ത് ജോലിക്കെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ കൃത്യമായി ക്ലാസുകളില്‍ ഹാജരാകുകയും പരീക്ഷയെഴുതുകയും ചെയ്യുന്നത് പല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പുതിയൊരു അനുഭവം ആയിരുന്നു. അപ്പോള്‍ അടിയന്തിരാവസ്ഥയ്ക്ക് കയ്യടിക്കാതെ മറ്റെന്തു ചെയ്യാനാണ് മലയാളി?!

 

ഉദുമയില്‍ സംഭവിച്ചത്
എന്നും തെരെഞ്ഞെടുപ്പ് കാലമാകുമ്പോള്‍ വാര്‍ത്തകളില്‍ നിറയും 1977ലെ സംസ്ഥാനത്തെ തെരെഞ്ഞെടുപ്പ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഉദുമ നിയമസഭാ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പാണ് ഇപ്പോഴും കോണ്‍ഗ്രസ് ബിജെപിക്കും സിപിഎമ്മിനും എതിരെയുള്ള ആയുധമാക്കുന്നത്. ഉദുമയില്‍ സിപിഎം ജനസംഘത്തിനും പകരമായി പിണറായി വിജയന്‍ മത്സരിച്ച കൂത്തുപറമ്പ് ഉൾപ്പെടെ മറ്റെല്ലാ സീറ്റുകളിലും ഇടതുപക്ഷത്തിനു ജനസംഘവും പിന്തുണ നൽകിയെന്നുമാണ് ആരോപണം.  

ഇന്ദിരാഗാന്ധിക്കെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യമായിരുന്നു 1977ലെ തെരെഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷ പാർട്ടികളും ജനസംഘവും ഇതില്‍ ഭാഗമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ വികാരത്തെ മുതലെടുക്കുക എന്നതു മാത്രമായിരുന്നു രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും മുഖ്യലക്ഷ്യം.  അതുകൊണ്ടുതന്നെ 1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ ഇടതുപക്ഷത്തിനു സ്ഥാനാർഥി ഇല്ലായിരുന്നു. ജനസംഘത്തിലെ കെ ജി മാരാര്‍ ആയിരുന്നു ഉദമയിലെ സംയുക്ത സ്ഥാനാര്‍ത്ഥി. ഐക്യമുന്നണിയുടെ ഭാഗമായ ഇടതു സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എല്‍ കെ അദ്വാനി ഉൾപ്പെടെ നേതാക്കൾ അന്ന് സംസ്ഥാനത്ത് എത്തിയിരുന്നു.

ജനസംഘത്തിനു നാമമാത്രമായ വോട്ടുകൾ ഉണ്ടായിരുന്ന കാലമാണത്. എന്തായാലും ഉദുമയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കെ ജി മാരാർ തോറ്റു. സ്വതന്ത്രനായി മത്സരിച്ച എൻ കെ ബാലകൃഷ്‍ണൻ 31,690 വോട്ടുകൾ നേടി. ബിഎൽഡി സ്ഥാനാർഥിയായി മത്സരിച്ച മാരാർക്കു ലഭിച്ചത് 28,145 വോട്ടുകൾ. 3545 വോട്ടുകള്‍ക്കായിരുന്നു മാരാരുടെ തോല്‍വി. പിന്നീടൊരിക്കലും ബിജെപിക്ക് ഉദുമയിൽ ഇത്രയും വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. 2016ൽ ബിജെപിക്ക് ഉദുമയിൽ ലഭിച്ചത് 21,231 വോട്ടുകൾ മാത്രമായിരുന്നു.

(ചിത്രം - കെ ജി മാരാര്‍)

അല്‍പ്പായുസായ അധികാരം
ഇനി 1977ലേക്ക് തിരികെ വരാം. കേരളത്തില്‍ നേടിയ മിന്നുന്ന വിജയത്തില്‍ കോണ്‍ഗ്രസ് ക്യാംപുകളില്‍ ആഹ്ളാദം അലയടിച്ചിരുന്നു. കാരണം ഒരു വ്യാഴവട്ടത്തിനു ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ അധികാരത്തില്‍ എത്തുന്നത്. അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ആര്‍ ശങ്കര്‍ അധികാരത്തിന്‍റെ പടിയിറങ്ങിപ്പോയിട്ട് അപ്പോഴേക്കും ഏകദേശം ഒന്നരപ്പതിറ്റാണ്ട് തികയാറായിരുന്നു. ഇപ്പോഴിതാ കെ കരുണാകരന്‍റെ മന്ത്രിസഭ ഭരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ തന്‍റെ വിജയാഹ്ളാദപ്പുഞ്ചിരി ഒരു മാസത്തിനകം മാഞ്ഞുപോകുമെന്ന് കരുണാകരന്‍ സ്വപ്‍നത്തില്‍പ്പോലും ചിന്തിച്ചിരിക്കില്ല. 

(ചിത്രം - പ്രൊഫസര്‍ ടി വി ഈച്ചര വാര്യര്‍)

മകനെ തേടി അലഞ്ഞ ഒരു പിതാവിന്‍റെ തേങ്ങലുകള്‍ ഇടിത്തീയായി കോടതിമുറിയില്‍ മുഖ്യമന്ത്രിയെ കാത്തിരിപ്പുണ്ടായിരുന്നു. കരുണാകരനും കോണ്‍ഗ്രസും തങ്ങളുടെ വിജയം ആഘോഷിച്ചുകൊണ്ടിരുന്ന നേരത്ത് കാണാതായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്‍റെ അച്ഛന്‍ ഈച്ചര വാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കേരള ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

ഇതോടെ കേസിന് പിന്നിലെ ദുരൂഹതകള്‍ വ്യക്തമായി. രാജൻ മരിച്ചിട്ടില്ലെന്നാണ് കെ കരുണാകരൻ ആദ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് തെരഞ്ഞെടുപ്പ് വേളയിൽ പ്രസംഗിച്ചിരുന്നു. 1977 മാര്‍ച്ച് 29ന് കേരള അസംബ്ലിയിൽ രാജന്റെ തിരോധാനം ചര്‍ച്ചയ്ക്കു വന്നു. രാജനെ അറസ്റ്റ് ചെയ്‍തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ‘രാജനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടില്ല’ എന്നായിരുന്നു പ്രസ്‍താവന. കോഴിക്കോട് എസ്‍ പി ലക്ഷ്‍മണയുടെ റിപ്പോർട്ട് അനുസരിച്ചായിരുന്നു ഇത്. 

(ചിത്രം - കെ കരുണാകരന്‍)

രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നായിരുന്നു കുറ്റാരോപിതരായ ജയറാം പടിക്കലടക്കമുള്ളവരുടെ ആദ്യ വാദം. രാജന്‍ മരിച്ചിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ മുഖ്യമന്ത്രി പിന്നീട്, രാജൻ മരിച്ചെന്ന് കോടതിയിൽ പറഞ്ഞു. രാജനെ ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് ഒടുവില്‍ കോടതിക്ക് ബോധ്യമായി. കള്ള സത്യവാങ്മൂലത്തിന് കരുണാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കരുണാകരന് നിവര്‍ത്തിയില്ലെന്നായി. അങ്ങനെ വെറും 30 ദിവസത്തിനകം 1977 ഏപ്രില്‍ 25ന് കരുണാകരന്‍ മന്ത്രിസഭ താഴെവീണു.  കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന കാരണത്താലായിരുന്നു രാജി. പിന്നീട് 1977 മെയ് 22ന് കോടതിയിൽ പുതിയ സത്യവാങ്മൂലവും അദേഹത്തിന് നല്‍കേണ്ടിവന്നു. കക്കയത്തെ പൊലീസ് മർദനത്തിൽ രാജൻ കൊല്ലപ്പെട്ടെന്നായിരുന്നു ആ സത്യവാങ്മൂലം. 

 

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
ജനയുഗം
വിക്കി പീഡിയ,
മനോരമ

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

ഭാഗം 14- ഇഎംഎസിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!

ഭാഗം 15- കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചി അറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!

ഭാഗം 16- സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തു, പിന്നെ സംഭവിച്ചത്!

ഭാഗം 17- 'കണ്ണിലെ കൃഷ്‍ണമണി' തകര്‍ത്ത സിപിഎം - സിപിഐ പോര്!

ഭാഗം 18 - സിപിഐയില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസുകാര്‍! 

ഭാഗം 19 - മുഖ്യമന്ത്രിക്കസേരയോ അതോ ജയിലോ നല്ലത്..?!


 

click me!