'കണ്ണേ കരളേ വിഎസേ', അണികളെ ഇളക്കിമറിച്ച 'വി എസ് കാലം'

By Jomit JoseFirst Published Mar 3, 2021, 2:00 PM IST
Highlights

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായ, പ്രായത്തെ വെല്ലുന്ന ആവേശത്തിന്‍റെ പര്യായമായ വിഎസ് പ്രചാരണവേദികളില്‍ ഇല്ലാതെയാണ് എല്‍ഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ ചക്കരക്കല്‍. 'കണ്ണേ കരളേ വിഎസ്സെ'... കാറില്‍ നിന്ന് വിഎസ്സ് അച്ചുതാനന്ദന്‍ ഇറങ്ങും മുമ്പേ വാനിലെങ്ങും പ്രകമ്പനം തീര്‍ത്തു മുദ്രാവാക്യംവിളികള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി വനിതകളുടെ ശിങ്കാരിമേളം, മാലപ്പടക്കം... പിന്നാലെ അണികള്‍ക്കിടയിലൂടെ സഹായികളുടെ കൈപിടിച്ച് വിഎസ് വേദിയിലേക്ക്. 'ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥിയായി സഖാവ് പിണറായി വിജയന്‍ മത്സരിക്കുന്നു. അദേഹത്തിന് നിങ്ങളുടെ എല്ലാവരുടേയും വോട്ടുകള്‍ നല്‍കി അഭിമാനകരമായ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുകയാണ്'... സ്വതസിദ്ധമായ ശൈലിയില്‍ നീട്ടലോടെ വിഎസ് ഇങ്ങനെ പറഞ്ഞതും നൂറുകണക്കിന് പ്രവര്‍ത്തകരുടെ ഹര്‍ഷാഹരവം. എന്നാല്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് അണികളെ ഇളക്കിമറിച്ച ഈ പ്രസംഗം ഇക്കുറിയില്ല, ചിലപ്പോള്‍ ആ മുദ്രാവാക്യം വിളികളും.  

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായ, പ്രായത്തെ വെല്ലുന്ന ആവേശത്തിന്‍റെ പര്യായമായ വിഎസ് പ്രചാരണവേദികളില്‍ ഇല്ലാതെയാണ് എല്‍ഡിഎഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയിരിക്കുന്നത്. അനാരോഗ്യം കാരണം വിഎസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നേരത്തെ തന്നെ ഒഴിഞ്ഞിരുന്നു. 

വിഎസ്: ട്രംപ് കാര്‍ഡ്

എല്‍ഡിഎഫിന്‍റെ പ്രത്യേകിച്ച് സിപിഎമ്മിന്‍റെ ട്രംപ് കാര്‍ഡാണ് വിഎസ്. ഏത് സന്ദര്‍ഭത്തിലും അണികളെ കയ്യിലെടുക്കാന്‍ കഴിവുള്ള നേതാവ്. ആരോഗ്യം അനുവദിക്കുമെങ്കില്‍ കുറിക്കുകൊള്ളുന്ന പ്രസംഗങ്ങള്‍ കൊണ്ട് ഉരുളയ്‌ക്ക് ഉപ്പേരി മറുപടി നല്‍കാന്‍ 97-ാം വയസിലും അദേഹത്തിന് കെല്‍പുകാണും. വിഎസ് ചവിട്ടിയെത്തിയ പടവുകളുടെ തഴക്കം തന്നെ കാരണം. അണികളും വിമര്‍ശകരും ഒരുപോലെ സമ്മതിച്ചുതരുന്ന കാര്യങ്ങളാണിത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വിഎസ് ഫാക്‌ടര്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ കൊടുങ്കാറ്റുകളും അട്ടിമറികളും തീര്‍ക്കുന്നത് രാഷ്‌‌ട്രീയ കേരളം കണ്ടിരിക്കുന്നു. എന്നാല്‍ വിഎസ് നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്ത നിയമസഭ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ പ്രചാരണച്ചൂട് കുറയുമോ എന്ന ആശങ്ക അണികള്‍ക്കുണ്ട്. 

വിഎസിന്‍റെ പഴയൊരു ആവേശ പ്രസംഗം- വീഡിയോ

പ്രചാരണവേദികളില്‍ വിഎസ്സിനെ താരമാക്കിയതില്‍ 'കണ്ണേ കരളേ വിഎസ്സേ' എന്ന മുദ്രാവാക്യത്തിനും പങ്കുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ, വിഎസ് എത്തിയിടത്തെല്ലാം അണികള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന മുദ്രാവാക്യമാണത്. വിഭാഗീയതക്കാലത്താണ് ഏറെ അലയൊലികള്‍ തീര്‍ത്ത ഈ മുദ്രാവാക്യം പിന്നീട് പലകുറി പൂത്തുലഞ്ഞു. 2015ല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍, 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍റെ സ്വന്തം ധര്‍മ്മടം മണ്ഡലത്തില്‍, വിഎസിന്‍റെ തന്നെ മലമ്പുഴയില്‍, ഏറ്റവുമൊടുവില്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ തന്‍റെ 95-ാം വയസില്‍, അതേസമയം കൊല്ലത്ത്. അങ്ങനെ അനവധി ഇടങ്ങളില്‍ വിഎസ്സിനെ എതിരേറ്റും അണികളെ ആവേശത്തിലാക്കിയും പാര്‍ട്ടിയെ തിരുത്തിയും ഈ മുദ്രാവാക്യവുമുണ്ടായിരുന്നു. 

ജന്‍മനാട്ടിന്‍റെ സ്‌നേഹമായ മുദ്രാവാക്യം

ആലപ്പുഴയില്‍ 2012ല്‍ വിഎസ് പങ്കെടുത്ത പരിപാടിയില്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. മേഖല റിപ്പോര്‍ട്ടിംഗില്‍ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ച ശേഷം ആദ്യമായി നാട്ടിലെത്തിയതായിരുന്നു വിഎസ് അച്ചുതാനന്ദന്‍. വിഎസ്സിന് അഭിവാദ്യങ്ങള്‍പ്പിച്ച് നാട്ടിലെങ്ങും ഫ്ലക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞു. ജന്‍മനാട്ടില്‍ വിഎസ് എത്തിയതോടെ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. പോയകാല പ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങളേയും പ്രസംഗത്തില്‍ ഓര്‍ത്ത വിഎസ് പിന്നാലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കത്തിക്കയറി. വിഎസ് മടങ്ങിയിട്ടും ആലപ്പുഴയിലെ പ്രവര്‍ത്തകരുടെ ആവേശം കെട്ടടങ്ങിയിരുന്നില്ല. 

വിഎസ് 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും 2011 മുതല്‍ 2016 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006ല്‍ മുഖ്യമന്ത്രിയായി. സാധാരണക്കാരായ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം തുടങ്ങി പടവുകള്‍ താണ്ടിയ വിഎസ് ഒരു മുദ്രാവാക്യം പോലെ കേരള രാഷ്‌ട്രീയത്തില്‍ പടര്‍ന്നുപന്തലിക്കുകയായിരുന്നു. 

ആലപ്പുഴയിലെ ഉജ്ജ്വല സ്വീകരണം- വീഡിയോ

മലമ്പുഴയില്‍ മണിമുത്തായി 

പുന്നപ്ര-വയലാർ സമര നായകരില്‍ ഒരാളായ വിഎസ് അച്ചുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ തട്ടകം ജന്‍മനാടായ ആലപ്പുഴ തന്നെയായിരുന്നു. അമ്പലപ്പുഴ, മാരാരിക്കുളം മണ്ഡലങ്ങളില്‍ പ്രാരംഭ അങ്കം. എന്നാല്‍ 2001ല്‍ ആലപ്പുഴയില്‍ നിന്ന് മലമ്പുഴയിലേക്ക് രാഷ്‌ട്രീയക്കളരി പറിച്ചുനട്ടു. 2001ല്‍ 4703 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷം നേടിയ വിഎസ് പിന്നീട് ശക്തനായി വേരുറപ്പിച്ചു. 2006ല്‍ 20,017 വോട്ടിനും 2011ല്‍ 23440 വോട്ടിനും 2016ല്‍ 27,142 വോട്ടുകള്‍ക്കും വിഎസ്സിന് വിജയം. കണ്ണേ കരളേ വിഎസ്സേ എന്ന മുദ്രാവാക്യം മലമ്പുഴയ്‌ക്കൊപ്പം നീന്തുന്നത് ഇതിനിടെയും പിന്നീടും കണ്ടു. എന്നാല്‍ അതിന് സ്‌നേഹത്തിന്‍റെ ചെറിയൊരു മേമ്പൊടി കൂടിയുണ്ടായിരുന്നു. 

'കണ്ണേ കരളേ വിഎസ്സേ...ഞങ്ങടെ ഓമന നേതാവേ... ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ...പുന്നപ്രയുടെ പൊന്നോമനയെ...സഖാവുയര്‍ത്തിയ മുദ്രാവാക്യം ഞങ്ങളി മണ്ണില്‍ ശാശ്വതമാക്കും' എന്നിങ്ങനെയായിരുന്നു വിവിധയിടങ്ങളില്‍ വിഎസ്സിനെ എതിരേറ്റ മുദ്രാവാക്യംവിളി. എന്നാല്‍ 'കണ്ണേ കരളേ വിഎസ്സേ, മലമ്പുഴയുടെ മണിമുത്തേ' എന്നായി ഈ മുദ്രാവാക്യം മലമ്പുഴയിലെത്തിയപ്പോള്‍.  

മലമ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണം- വീഡിയോ

പാര്‍ട്ടിയെ തിരുത്തിച്ച മുദ്രാവാക്യം

തെരഞ്ഞെടുപ്പുകളിലെ വിഎസ് ഫാക്‌ടറിന്  തെളിവുകളേറെയുണ്ട്. വിഎസിനെ 2006ലും 2011ലും മത്സരിപ്പിക്കേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ എതിര്‍പ്പ് പരസ്യമാക്കി കണ്ണേ കരളേ വിളികളുമായി അണികള്‍ തെരുവിലിറങ്ങി. സിപിഎമ്മിന്‍റെ കേന്ദ്ര നേതൃത്വം ഇടപെട്ടു. അങ്ങനെ വിഎസ് ഇരു തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. 2006ല്‍ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി മൗനംപാലിച്ചു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി ജനരോക്ഷം ഉയര്‍ന്നതോടെ വിഎസ്സിനെ മുഖ്യമന്ത്രിയാക്കി പാര്‍ട്ടി അണികള്‍ക്കൊപ്പമായി. മുഖ്യമന്ത്രിയായ വിഎസ് അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ പേരില്‍ ശ്രദ്ധേനേടി. 2011ല്‍ ഭരണം നിലനിര്‍ത്താനായില്ലെങ്കിലും യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരിലേക്ക്(72-68) എല്‍ഡിഎഫിനെ എത്തിക്കുന്നതില്‍ വിഎസ്സിന് വലിയ പങ്കുണ്ടായിരുന്നു. 

കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ഇടതുമുന്നണി 91 സീറ്റുകളുമായി അധികാരത്തിലെത്തിയപ്പോള്‍ കണ്ടതും വിഎസ് ഫാക്‌ടറാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ് കേരളമങ്ങോളം പ്രചാരണത്തിനിറങ്ങിയ 92 വയസുകാരന്‍റെ വിജയം. അന്നും വിഎസിനെ അണികള്‍ എതിരേറ്റത് കണ്ണേ കരളേ വിളികള്‍ കൊണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലായിരുന്നു പ്രചാരണ പരിപാടികളുടെ തുടക്കം. ആദ്യദിനം തിരുവനന്തപുരത്തും അരൂരും പരിപാടികള്‍. പിന്നീട് മലമ്പുഴയിലും പാലക്കാടും. മലമ്പുഴയിലെ പരിപാടികളില്‍ യുഡിഎഫ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് തീപ്പൊരി പ്രസംഗങ്ങള്‍. 136 അഴിമതി കേസുകള്‍ 18 യുഡിഎഫ് മന്ത്രിമാര്‍ നേരിടുന്നു എന്നായിരുന്നു വിഎസ്സിന്‍റെ ഒരു ആയുധങ്ങളിലൊന്ന്. അങ്ങനെ കേരളമങ്ങോളം യുഡിഎഫിനെ കടന്നാക്രമിച്ച് വിഎസ് പ്രചാരണത്തില്‍ കപ്പിത്താനായി. 

2016ല്‍ 92-ാം വയസിലെ പ്രസംഗം-വീഡിയോ

2016ല്‍ തീപ്പൊരിയായി ധര്‍മ്മടത്തും അലയൊലികള്‍

വിഎസ്സിന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രചാരണ പരിപാടികളിലൊന്ന് കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തിലായിരുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പിണറായി വിജയന്‍ ആയതിനാല്‍ വിഎസ് എന്തുപറയും എന്ന ആകാംക്ഷയുണ്ടായിരുന്നു രാഷ്‌ട്രീയ കേരളത്തിന്. വിഎസ് വന്നിറങ്ങിയതും കണ്ണേ കരളേ വിഎസ്സേ മുദ്രാവാക്യത്തോടെ പതിവ് ശൈലിയില്‍ പ്രൗഢമായ സ്വീകരണം. പിന്നീടങ്ങോട്ട് അണികളെ ആവേശത്തിലാക്കിയ 15 മിനുറ്റുകള്‍. പിണറായിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം എന്ന് പറഞ്ഞ് പ്രസംഗത്തിന് തുടക്കം. യുഡിഎഫ് പ്രകടനപത്രികയെ വിമര്‍ശിച്ച വിഎസ് യുഡിഎഫ് അഴിമതിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. 

'മാനിഫെസ്റ്റോയില്‍ പറയുന്നത് അഴിമതിരഹിത ഭരണം കാഴ്‌ചവെക്കും എന്നാണ്. എനിക്കുണ്ടായ ചിരിക്ക് അവസാനുണ്ടായില്ല' എന്നായിരുന്നു വിഎസ്സിന്‍റെ ഒളിയമ്പ്. 'ഞാന്‍ അപ്പോഴാണ് ഓര്‍ത്ത്. അഴിമതി കേസിലെ പ്രതികളാരൊക്കെ. ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, കെ ബാബു, കെ എം മാണി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.കെ. അബ്ദുറബ്ബ്, വി എസ് ശിവകുമാര്‍, മഞ്ഞളാംകുഴി അലി, വി കെ ഇബ്രാഹിം കുഞ്ഞ്' എന്നിവരുടെ പേരുകളെടുത്ത് പറഞ്ഞായിരുന്നു വിഎസ്സിന്‍റെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച് വിഎസ് മടങ്ങുമ്പോഴും വാനിലുയര്‍ന്നത് ഒരേയൊരു മുദ്രാവാക്യം വിളി. 2019ലെ ലോക‌്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചു പ്രസംഗങ്ങളില്‍ വിഎസ്.

ധര്‍മ്മടത്തെ ഇളക്കിമറിച്ച്- വീഡിയോ

അസാന്നിധ്യം ബാധിക്കില്ല: എ വിജയരാഘവൻ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുയരുമ്പോള്‍ വിഎസ് അച്ചുതാനന്ദന്‍ നേരിട്ട് പ്രചാരണപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. നീട്ടിയും കുറുക്കിയും ഹാസ്യം കലര്‍ത്തിയും എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന പ്രസംഗം ഇക്കുറിയില്ല. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ജനുവരി അവസാനം വിഎസ് രാജിവച്ചിരുന്നു. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. 13 റിപ്പോർട്ടുകള്‍ ഭരണപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയപ്പോള്‍ ഇതിൽ 11 റിപ്പോർട്ടുകൾ സമർപ്പിച്ചു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു സ്ഥാനമൊഴിയൽ. ഡോക്‌ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടുംബത്തിനൊപ്പം വീട്ടില്‍ വിശ്രമിക്കുകയാണ് വിഎസ് അച്ചുതാനന്ദന്‍. 

എന്നാല്‍ ഇത്തവണ വിഎസ് ഇല്ലാത്തത് ഒരു തരത്തിലും എൽഡിഎഫിന്റെ പ്രചാരണത്തെ ബാധിക്കില്ലെന്ന് പറയുന്നു സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രി പിണറായി വിജയനാകും ഇത്തവണ മുഖ്യപ്രചാരകൻ. ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രചാരണരംഗത്ത് സജീവമാകുമെന്നും എ വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും തെരഞ്ഞെടുപ്പ് വേദിയില്‍ വിഎസ് സൃഷ്‌ടിക്കാറുള്ള പോരാട്ടച്ചൂട്ട് അണികള്‍ക്ക് അന്യമാകും. കണ്ണേ കരളേ വിഎസ്സേ എന്ന വിളികളും നീട്ടിയും കുറുക്കിയുമുള്ള പ്രസംഗവുമില്ലാതെ മലയാളിക്കൊരു തെരഞ്ഞെടുപ്പ്. വിഎസിനോളം പോന്ന സ്റ്റാര്‍ പ്രചാരകനാകുമോ പിണറായി വിജയന്‍ എന്ന് കാത്തിരുന്നറിയാം.  

എ വിജയരാഘവന്‍റെ വാക്കുകള്‍- വീഡിയോ

click me!