Asianet News MalayalamAsianet News Malayalam

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം വിഎസ് രാജിവച്ചു

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സ്ഥാനമൊഴിയൽ

vs Achuthanandan resigns from administrative reforms commission
Author
Trivandrum, First Published Jan 30, 2021, 2:48 PM IST

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വി എസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്തത് നൽകി. 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷൻ ഇത് വരെ തയ്യാറാക്കിയത്. ഇതിൽ 11 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. രണ്ട് റിപ്പോർട്ടുകളുടെ പ്രിൻ്റിംഗ് ജോലി പുരോഗമിക്കുകയാണ് ഇത് കഴിഞ്ഞാലുടൻ സർ‍ക്കാരിന് സമർപ്പിക്കും. 

നൂറു കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കമ്മീഷന്‍റെ പഠന റിപ്പോര്‍ട്ടുകളുണ്ടായതെന്ന് പറഞ്ഞ വിഎസ് സഹകരിച്ച എല്ലാവർക്കും കൃതജ്ഞത അറിയിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും വിഎസ് വിടവാങ്ങൽ കുറിപ്പിൽ പറയുന്നു. ഇത് വരെ സമർപ്പിച്ച റിപ്പോർട്ടുകളിൽ സർക്കാർ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം വിഎസ് ഈ വാക്കുകളിൽ ഒതുക്കി. 

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സ്ഥാനമൊഴിയൽ. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു. 

ലോ കോളേജ് ജംഗ്ക്ഷനിലെ മകൻ വി എ അരുൺകുമാറിൻ്റെ വേലിക്കകത്ത് വീട്ടിലാണ് നിലവിൽ വിഎസിന്റെ താമസം. ചികിത്സയും ആരോഗ്യപ്രശ്നങ്ങളും മൂലം വിഎസ് വീട്ടിലേക്കൊതുങ്ങിയിട്ട് ഒരു വർഷമായി. ഫേസ്ബുക്കിലൂടെയുള്ള പൊതു വിഷയങ്ങളിലെ പ്രതികരണവും ഏതാനം മാസമായിട്ടില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന വിഎസ് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. 


സ്ഥാനമൊഴിയിലുമായി ബന്ധപ്പെട്ട് വിഎസ് പുറത്തിറക്കിയ പത്രക്കുറിപ്പ്

പ്രിയമുള്ളവരെ, 
ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു.  ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.  നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി.  ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്.  രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്.  അതിന്‍റെ പ്രിന്‍റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും.  

എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു.  തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല.  ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിന്‍റെ ഫലമായാണ് കമ്മീഷന്‍റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്.  ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു.  സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക.  അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios