മാറ്റം അധ്യക്ഷസ്ഥാനത്ത് മാത്രം: കോണ്‍ഗ്രസിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവ്

By Web TeamFirst Published Oct 19, 2022, 8:18 PM IST
Highlights

പുതിയ അദ്ധ്യക്ഷന് എല്ലാം വിട്ടുകൊടുക്കുന്നു എന്നാണ് ഇന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ അപ്പോഴും ഭാരത് ജോഡോ യാത്ര നയിച്ച് പാർട്ടിയിലെ ടീം ലീഡറായി രാഹുൽ തുടരുകയാണ്

ദില്ലി: മല്ലികാർജ്ജുൻ ഖർഗെ അദ്ധ്യക്ഷനായി വരുമ്പോഴും കോൺഗ്രസിൽ കാര്യമായ മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കേണ്ടതില്ല. പാർട്ടി സംഘടന ശക്തിപ്പെടുത്തി ഒന്നര വർഷത്തിൽ പൊതു തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നതാണ് ഖർഗെയ്ക്ക് മുന്നിലെ വെല്ലുവിളി. കോൺഗ്രസിൽ തൻറെ റോൾ പുതിയ അദ്ധ്യക്ഷൻ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി ഇന്ന് വ്യക്തമാക്കിയിരുന്നു.

പുതിയ അദ്ധ്യക്ഷന് എല്ലാം വിട്ടുകൊടുക്കുന്നു എന്നാണ് ഇന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ അപ്പോഴും ഭാരത് ജോഡോ യാത്ര നയിച്ച് പാർട്ടിയിലെ ടീം ലീഡറായി രാഹുൽ തുടരുകയാണ്. ഖ‍ർഗയെ വീട്ടിലെത്തി കണ്ട് സോണിയ ഗാന്ധിയും പാർട്ടിയിൽ കാര്യങ്ങൾ മാറുന്നു എന്ന സന്ദേശം നല്കാൻ നോക്കി.

എന്നാൽ ഖർഗെ വിജയിച്ചപ്പോഴും എഐസിസി അസ്ഥാനത്ത് പ്രവർത്തകർ എത്തിയത് രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചിത്രങ്ങളുമായാണ്. 22 കൊല്ലത്തിനു ശേഷം സോണിയ ഗാന്ധി മാറുന്നു. അപ്പോഴും അധികാര കേന്ദ്രം തല്ക്കാലം സോണിയ കുടുംബം തന്നെയായിരിക്കും. ഒരു കുടുംബം നയിക്കുന്നു എന്ന ആക്ഷേപം നേരിടാൻ ഖർഗെ അദ്ധ്യക്ഷനാകുന്നത് പാർട്ടിയെ സഹായിക്കും എന്നു മാത്രം. പാർട്ടിക്കകത്ത് ജനാധിപത്യമുണ്ട് എന്ന് തെളിയിക്കാനും രാജ്യശ്രദ്ധ കോൺഗ്രസിലേക്ക് കൊണ്ടു വരാനും ഈ മത്സരം സഹായിച്ചു.

രാഹുൽ ഗാന്ധി വീണ്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകുന്നത് വരെയാകും ഖർഗെയുടെ കാലാവധി. ലോക്സഭ പോരാട്ടത്തിന് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ഖർഗെയുടെ പ്രധാന ദൗത്യം. രണ്ടു സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് അധികാരമുള്ളത്. പാർട്ടി സംഘടന ശക്തിപ്പെടുത്താൻ ചിന്തൻ ശിബിരം നല്കിയ നിർദ്ദേശങ്ങൾ നടപ്പാക്കണം. രണ്ടോ മൂന്നോ വർക്കിംഗ് പ്രസിഡൻറുമാരെ നിയമിക്കാനാണ് സാധ്യത.

പാർട്ടിയുടെ പല വിഷയങ്ങളിലുമുള്ള നയം എന്താവും എന്നത് വ്യക്തമാക്കുക എന്നതാണ് രണ്ടാമത്തെ കടമ. തൊഴിലാളി സംഘടനകളോട് ചേർന്നു നിന്ന ഖർഗെയ്ക്ക് തൻറെ നയങ്ങൾ പാർട്ടിയുടെ നയമാക്കാൻ കഴിയുമോ എന്നത് കണ്ടറിയണം. ബിജെപി ഇതര പാർട്ടികളെ എല്ലാം കൂടെ നിറുത്തി കോൺഗ്രസ് കൂടിയുള്ള സഖ്യം ഉറപ്പാക്കുക എന്ന ലക്ഷ്യവും ഖർഗെയ്ക്കു മുന്നിലുണ്ട്. തല്ക്കാലം കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിക്ക് മാറ്റം പ്രതീക്ഷിക്കേണ്ട. എന്നാൽ വെറുതെയിരിക്കാൻ നേത്യത്വത്തിന് കഴിയില്ല എന്ന സന്ദേശം ശശി തരൂരിന് കിട്ടിയ ആയിരം വോടുകൾ നല്കുന്നുണ്ട്

click me!