തൃക്കാക്കരയൊക്കെ എന്ത്.. ഉപതെരഞ്ഞെടുപ്പെന്നാൽ അത് ഗൂരുവായൂരായിരുന്നു

By Roshni RajanFirst Published May 19, 2022, 2:15 PM IST
Highlights

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടക്കുന്ന നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായതോ അതിലേറെയോ ഒക്കെ ആവേശം ഉപതെരഞ്ഞെടുപ്പുകള്‍ക്കും ഉണ്ടാകാറുണ്ട് എന്നതാണ് കേരളത്തിന്റെ പ്രത്യേകത. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടക്കുന്ന നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായതോ അതിലേറെയോ ഒക്കെ ആവേശം ഉപതെരഞ്ഞെടുപ്പുകള്‍ക്കും ഉണ്ടാകാറുണ്ട് എന്നതാണ് കേരളത്തിന്റെ പ്രത്യേകത. സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഴുവന്‍ ശ്രദ്ധയും സവിശേഷമായ ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന - ദേശീയ നേതാക്കളടക്കം ഒരിടത്ത് ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകുന്ന സാഹചര്യങ്ങള്‍. അടിമുടി കോലാഹലങ്ങള്‍ നിറഞ്ഞ വിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും രാഷ്ട്രീയച്ചൂടില്‍ മാധ്യമങ്ങളും പരസ്പരം മത്സരിക്കുന്ന നാളുകള്‍.

ഐക്യകേരളത്തിലെ ആദ്യനിയമസഭയിലേക്ക് ദേവികുളത്ത് നിന്നും മത്സരിച്ച റോസമ്മ പുന്നൂസിന്റെ വിജയം തെരഞ്ഞെടുപ്പ് ട്രിബ്യൂണല്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 1958 ജൂണില്‍ ദേവികുളത്ത് നടന്ന സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് എത്രയോ ഉപതെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയിലേറ്റവും ശ്രദ്ധേയമായിരുന്നു 1994ല്‍ ഗുരുവായൂരില്‍ നടന്നത്. കാല്‍ നൂറ്റാണ്ടിലധികം മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന ഗുരുവായൂരില്‍ അന്ന് യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ മൂന്നാം കക്ഷിയായി അന്ന് മുസ്‌ലിം രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ പിഡിപിയും കളത്തിലിറങ്ങി.

ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് ദേശീയരാഷ്ട്രീയത്തിലുണ്ടായ ചില സംഭവവികാസങ്ങളുടെ അനന്തരഫലമായിരുന്നു ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന സൂചനകളുണ്ടായിട്ടും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളോ നിയമപടികളോ സ്വീകരിക്കാതെ, കര്‍സേവകര്‍ക്കും സംഘപരിവാര്‍ നേതൃത്വത്തിനും അനുകൂലമായ അന്തരീക്ഷമൊരുക്കുകയായിരുന്നു കോണ്‍ഗ്രസ് എന്ന അഭിപ്രായം മു‌സ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ ഉള്ളില്‍ ഉയര്‍ന്നുവന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുന്നണി വിടണമെന്ന് മുസ്ലിം ലീഗിനുള്ളില്‍ ഒരു വിഭാഗം ആവശ്യവുമുയര്‍ത്തി.

ലീഗിന്റെ ഔദ്യോഗിക നേതൃത്വം അതിന് തയ്യാറാകാതിരുന്നതോടെ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റും ഉന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുറത്തു പോവുകയും ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍) എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അന്ന് ഗുരുവായൂര്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പിഎം അബൂബക്കര്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടിനോടൊപ്പം ചേരുകയും എംഎല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് 1994ല്‍ ഗുരുവായൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്.

കാല്‍ നൂറ്റാണ്ടിലധികം കാലം മുസ്ലിം ലീഗിന്റെ കുത്തകയായിരുന്ന ഗുരുവായൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ പറ്റിയ അവസരമാണ് ലീഗില്‍ സംഭവിച്ചിരിക്കുന്ന പിളര്‍പ്പെന്ന് ഇടതുപക്ഷം കണക്കുകൂട്ടി. ലീഗില്‍ നിന്നും പിളര്‍ന്നുവന്ന ഐഎന്‍എലിനെ ഇടതുപക്ഷം തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയും ചെയ്തു. മുസ്ലിം ലീഗിനെ സംബന്ധിച്ച് ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് വലിയ അഭിമാന പ്രശ്നമായി മാറി. ഏത് വിധേനയും തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രം അവര്‍ മെനഞ്ഞു. മുസ്ലിം ജനസംഖ്യ ഏറെ കൂടുതലുള്ള മണ്ഡലമായതിനാല്‍ മുസ്ലിങ്ങള്‍ക്കിടയില്‍ അന്ന് വളരെ സ്വീകാര്യനായിരുന്ന മതപ്രഭാഷകനും വാഗ്മിയുമായ എംപി അബ്ദുസ്സമദ് സമദാനിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. 

മുസ്‌ലിങ്ങള്‍ക്കിടയില്‍ ആത്മീയ മുഖം കൂടി ഉണ്ടായിരുന്ന സമദാനിയെ ലീഗ് തെരഞ്ഞെടുപ്പിലിറക്കിയത് ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയായി. സമദാനിയോടെതിരിടാന്‍ ശക്തനായ എതിരാളിയെ കണ്ടെത്താന്‍ സിപിഐഎം കിണഞ്ഞു പരിശ്രമിച്ചു. അങ്ങനെയാണ് മുസ്ലിം - പ്രവാസി വിഷയങ്ങളില്‍ ചലച്ചിത്രങ്ങളെടുത്ത് ശ്രദ്ധപിടിച്ചുപറ്റിയ ഗുരുവായൂര്‍ സ്വദേശി കൂടിയായ ഇടത് സഹയാത്രികന്‍ പിടി. കുഞ്ഞുമുഹമ്മദിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പരോക്ഷമായ പിന്തുണയും ഇടതുമുന്നണിക്ക് ലഭിച്ചു.

അതോടെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് സംസ്ഥാനമാകമാനം വലിയ ശ്രദ്ധപിടിച്ചുപറ്റി. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ കേരളത്തിന്റെ തെക്കുവടക്ക് ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. കേരളത്തില്‍ അന്നോളം ഒരു തെരഞ്ഞെടുപ്പിലും കാണാത്ത ആവേശവും പ്രചരണവീര്യവുമായിരുന്നു ഗുരുവായൂരിലെന്നായിരുന്നു പലരും വിലയിരുത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളും ഗുരുവായൂരിലെ വീടുകള്‍ കയറിയിറങ്ങി, കവലകള്‍ തോറും പ്രസംഗിച്ചു.

ഇടത് വലത് മുന്നണികളും ബിജെപിയും കൂടാതെ അബ്ദുന്നാസര്‍ മഅ്ദനിയുടെ പി.ഡി.പിയും മത്സരത്തിനായി രംഗത്ത് വന്നു. പന്തളം അബ്ദുല്‍ മജീദ് ആയിരുന്നു പിഡിപിയുടെ സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷ ദളിത് മുന്നേറ്റ രാഷ്ട്രീയം മുന്നോട്ടുവെച്ചുകൊണ്ട് പിഡിപി രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അടയാളപ്പെടുത്തുന്നതിനായുള്ള സര്‍വ തന്ത്രങ്ങളും പിഡിപിയും പയറ്റി. മഅ്ദനിയെ സംബന്ധിച്ച് അന്ന് കേരള രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനമറിയിക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു അത്. അതോടെ മത്സരത്തിന്‍റെ മാനങ്ങള്‍ മാറി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ ഏത് പക്ഷത്ത് കേന്ദ്രീകരിക്കുമെന്നത് കൂടിയായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്.

ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അവസാന നിമിഷം വരെ നാടകീയതകള്‍ നിറഞ്ഞുനിന്ന വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ജയം പിടി കുഞ്ഞുമുഹമ്മദിന്. 27 വര്‍ഷത്തിന് ശേഷം ഗുരുവായൂരില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി ഇടതുമുന്നണി വിജയക്കൊടി നാട്ടി. പിടി കുഞ്ഞുമഹമ്മദ് 32560 വോട്ട് നേടിയപ്പോള്‍ സമദാനി 30508 വോട്ടും പിഡിപി 14384 വോട്ടും നേടി. ബിജെപി നേടിയത് 11305 വോട്ടായിരുന്നു. 2052 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നെങ്കിലും ഇടതുമുന്നണിയെ സംബന്ധിച്ച് അത് ചരിത്രവിജയമായിരുന്നു. ചൂടുപിടിച്ച, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പുകള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും 1994ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുണ്ടാക്കിയ ഓളം അതൊന്നു വേറെതന്നെയാണ്. 

click me!