ഗവര്‍ണറുടെ അടുത്ത നീക്കമെന്ത്? ആകാംഷയോടെ രാഷ്ട്രീയ കേരളം, പ്രതിപക്ഷ പിന്തുണയുടെ ആത്മവിശ്വാസത്തിൽ എൽഡിഎഫ്

By Web TeamFirst Published Oct 26, 2022, 11:40 PM IST
Highlights

വിസി മാര്‍ക്ക് പിന്നാലെ മന്ത്രിയെ തന്നെ ഗവര്‍ണര്‍ ലക്ഷ്യം വച്ചതോടെ ഇടഞ്ഞ് നിന്ന എല്‍ഡിഎഫ് നേതൃത്വം ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തില്‍ എരിതീയില്‍ എണ്ണയൊഴിച്ച പോലെയായി ഇന്നത്തെ സംഭവവികാസങ്ങള്‍. ഇനി ഒത്ത്തീര്‍പ്പൊന്നുമില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ക്കെതിരെ നിയമപരമായ എല്ലാ സാധ്യതയും ഉപയോഗിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാകുമ്പോള്‍ രാജ്ഭവന്‍റെ അടുത്ത നീക്കമെന്തെന്ന ആകാംഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍.

വിസി മാര്‍ക്ക് പിന്നാലെ മന്ത്രിയെ തന്നെ ഗവര്‍ണര്‍ ലക്ഷ്യം വച്ചതോടെ ഇടഞ്ഞ് നിന്ന എല്‍ഡിഎഫ് നേതൃത്വം ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി. ഗവര്‍ണര്‍ വട്ടപൂജ്യമെന്ന് പറഞ്ഞ് തുടങ്ങിയ നേതാക്കള്‍ ചാന്‍സിലര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റുമെന്ന സൂചനയും നല്‍കി.കാനം രാജേന്ദ്രന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു.ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ട വീണ്ടും ഓര്‍മ്മിപ്പിച്ച്, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ സമീപിക്കുന്നതടക്കം പഴുതുകള്‍ തേടുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് ഇത്തരം അധികാരങ്ങളില്ലെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പ്രതിപക്ഷ പിന്തുണയും ഇടത് നേതാക്കള്‍ക്ക് ഈ അസാധാരണ ഘട്ടത്തിൽ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

അതേസമയം ഗവര്‍ണറുടെ അടുത്ത നടപടിയെന്തെന്ന ചോദ്യവും പ്രസക്തമാണ്. ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ഇതിനകം ഗവര്‍ണര്‍ നല്‍കുന്നത്. മന്ത്രിക്കെതിരായ തന്‍റെ അനിഷ്ടം തള്ളിയ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ പരസ്യനിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കെഎന്‍ ബാലഗോപാലിനെ സ്വന്തം നിലയില്‍ പുറത്താക്കി കൊണ്ട് ഉത്തരവിറക്കാനുള്ള സാധ്യതയും തള്ളാനാകില്ല. സര്‍ക്കാര്‍ അനുസരിക്കില്ലെങ്കിലും തന്നെ വിമര്‍ശിച്ചയാള്‍ക്കെതിരെ നടപടിയേടുത്തെന്ന് ഗവര്‍ണര്‍ക്ക് പറയാനാകും.ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമാകും തുടര്‍ നടപടികൾ ഉണ്ടാവുക. 

തന്നെ അപമാനിക്കാൻ ശ്രമിച്ചാൽ പ്രീതി പിൻവലിക്കുമെന്ന് ഈ മാസം 17ന് നൽകിയ ആദ്യ മുന്നറിയിപ്പ്. മന്ത്രിമാരെ പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു പലതവണയുള്ള വിശദീകരണം. എല്ലാത്തിനുമൊടുവിലാണ് ധനമന്ത്രിയുടെ മേലുള്ള പ്രീതി പിൻവലിച്ചുള്ള ഗവർണറുടെ നടപടി. പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് പലവട്ടം വിശദീകരിച്ചെങ്കിലും, ഗവർണർ നീങ്ങുന്നത് പുറത്താക്കൽ തേടിത്തന്നെയാണ്.

ആർഎസ്എസ് അജണ്ട നടപ്പാക്കുന്നയാൾ, ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാത്തത്. മുഖ്യമന്ത്രി തുടങ്ങിവെച്ച കടന്നാക്രമണം മന്ത്രിമാർ കൂടി ഏറ്റെടുത്തതോടെ 17ന് ഗവർണറുടെ ട്വിറ്റർ ഹാൻഡിലിൽ മുന്നറിയിപ്പിന്റ ആദ്യ കൊടി ഉയർന്നു. താൻ നിയമിച്ച മന്ത്രിമാർ തനിക്കെതിരെ വിമർശനമുന്നയിച്ചാൽ പ്രീതി പിൻവലിക്കും.

24ന്, രാജ്ഭവനിലെ വാർത്താസമ്മേളനത്തിൽ വെച്ച്, പ്രീതി പിൻവലിച്ചാലും തീരുമാനം മുഖ്യമന്ത്രിയുടേതാണെന്ന് കൂടുതൽ വ്യക്തത വരുത്തി ഗവർണർ. പക്ഷെ മന്ത്രിമാരെ കടന്നാക്രമിച്ച് പ്രതികരണം. പിന്നോട്ട് പോയെക്കുമെന്ന സൂചനകൾ നൽകിയ വിശദീകരണങ്ങൾക്കൊടുവിൽ, പൊടുന്നനെ, പേരുപോലും പറയാതെ ധനമന്ത്രി നടത്തിയ വിമർശനം ആയുധമാക്കി പ്രയോഗിച്ച് പ്രീതി പിൻവലിച്ച് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. സുപ്രിം കോടതി വിധിക്ക് പിന്നാലെ 9 വി.സിമാർക്കെതിരെ എടുത്ത നടപടി കത്തി നിൽക്കുന്നതിനിടെയാണ് വീണ്ടും അസാധാരണ നീക്കം. ചെയ്യും മുൻപ് പറയുകയും, പറഞ്ഞതെല്ലാം ചെയ്യുകയും ചെയ്ത് വെല്ലുവിളിക്കുന്ന ഗവർണർ അടങ്ങിയിരിക്കില്ലെന്നുറപ്പാണ്. ചാൻസലർ പദവിയിലടക്കം സർക്കാാർ പുതിയ നീക്കങ്ങൾ നടത്തുമ്പോൾ വരും ദിവസങ്ങളും നാടകീയമാകുമെന്നുറപ്പ്.
മുന്നറിയിപ്പു നിലനിൽക്കുമ്പോൾ തന്നെ തൊട്ടടുത്ത ദിവസം, മുഖ്യമന്ത്രി കൂടി പങ്കെടുത്ത കാര്യവട്ടം ക്യാംപസിലെ പരിപാടിയിൽ ഗവർണറുടെ പേരു പറയാതെ ധനമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും വിമർശനം. ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ അധികാരമുണ്ടോയെന്ന ചോദ്യവുമായി വിവാദം വളർന്നപ്പോൾ, 22ന് കൊച്ചിയിൽ വെച്ച് ഗവർണറുടെ വിശദീകരണം.

click me!