
ആറാം വയസിൽ മരിക്കുമ്പോൾ കൊച്ചിയിലിരുന്ന് എഡ്മണ്ട് തോമസ് ക്ലിന്‍റ് വരച്ച് കൂട്ടിയത് ഇരുപത്തയ്യായിരത്തിൽ അധികം ചിത്രങ്ങൾ. എന്നാൽ, അകാലത്തിൽ മരിച്ച് പോയ ആ അത്ഭുതപ്രതിഭ 43 വർഷമായി അവഗണന നേരിടുകയായിരുന്നു. ഒടുവിൽ, ക്ലിന്‍റിന്‍റെ ഓർമ്മകൾക്ക് ഒരിടമൊരുങ്ങുന്നു. കൊച്ചിയിൽ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗർ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഒന്നാം നിലയിലാണ് ക്ലിന്‍റിന് വേണ്ടി ഒരു ആർട് ഗാലറി ഒരുങ്ങുന്നത്. 1983 ഏപ്രിൽ 15 -ാണ് എഡ്മണ്ട് തോമസ് ക്ലിന്‍റ് നമ്മെ വിട്ട് പോയത്.
1976 മെയ് 19 -ന് എറണാകുളത്ത് എം.ടി ജോസഫിന്‍റെയും ചിന്നമ്മയുടേയും മകനായി ജനിച്ച ക്ലിന്‍റ് ചെറുപ്രായത്തില്‍ത്തന്നെ ഇരുപത്തയ്യായിരത്തിലധികം ചിത്രങ്ങളാണ് വരച്ചു കൂട്ടിയത്. അക്കാലത്ത് നടന്ന പ്രധാനപ്പെട്ട ചിത്രരചനാ മത്സരങ്ങളില്‍ വിജയിയുടെ സ്ഥാനത്ത് എന്നും ഒരു പേരേ ഉണ്ടായിരുന്നൊള്ളൂ, എഡ്മണ്ട് തോമസ് ക്ലിന്‍റ്. കേരളക്കര കടന്ന് ക്ലിന്‍റിന്‍റെ പ്രശസ്തി ലോകത്തിന്‍റെ വാതായനങ്ങളെ തൊട്ടു. പക്ഷേ, ആ മഹാപ്രതിഭയ്ക്ക് കൂടുതൽ കാലം ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല. വെറും 2,522 ദിസങ്ങള്‍ മാത്രം. പക്ഷേ, അവൻ ആ ചെറിയ കാലം കൊണ്ട് വരച്ച് തീർത്തത് 25,000 -ത്തിൽ അധികം ചിത്രങ്ങൾ.
ക്ലിന്‍റിന്‍റെ അച്ഛൻറെ മരണശേഷം മാതാവ് ചിന്നമ്മയുടെ പക്കലുള്ള ഏതാണ്ട് ഇരുപത്തയ്യായിരത്തോളം ചിത്രങ്ങളും ക്ലിന്‍റിന് ലഭിച്ച പുരസ്‌കാരങ്ങളും ക്ലിന്‍റ് ചെറുപ്പത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും പുതിയ തലമുറയ്ക്ക് കാണാനും ഒപ്പം അവ സംരക്ഷിക്കാനുമുള്ള ഒരു ഇടം എന്നത് ക്ലിന്‍റിനെ സ്‌നേഹിക്കുന്നവരുടെ നീണ്ട കാലത്തെ സ്വപ്നമായിരുന്നു. ഈ സ്വപ്നമാണ് 43 വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്നത്. 2012 -ൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ആസ്ഥാനമാക്കി കേരള ബിനാലെ ആരംഭിച്ചെങ്കിലും ക്ലിന്‍റിന് ഒരു സ്മാരകത്തിനായി 2026 വരെ കാത്തിരിക്കേണ്ടിവന്നു.
ഗ്യാലറിയിൽ ക്ലിന്‍റിന്‍റെ തെരെഞ്ഞെടുത്ത 101 ചിത്രങ്ങളും ചിത്രങ്ങൾ വരച്ചതിനെ കുറിച്ച് ക്ലിന്‍റിന്‍റെ മാതാവ് പറഞ്ഞ അനുഭവങ്ങളും ഇവയെ കുറിച്ചുള്ള ലഘു വിവരണങ്ങളും വായിക്കാനും കാണാം ആസ്വദിക്കാനുമാകും വിധം മനോഹരമായി സജ്ജീകരിക്കും. ഒപ്പം ക്ലിന്‍റിന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങളുമുണ്ടായിരിക്കും. ക്ലിന്‍റിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയും ലഘു വീഡിയോകളും പ്രദർശിപ്പിക്കുന്നതിനായി മിനി തിയ്യേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ഒരു കുഞ്ഞുലൈബ്രറിയും സമീപഭാവിയിൽ ഒരുക്കും. മാർച്ച് 12 -ാം തിയ്യതി രാവിലെ 10.30 മണിക്ക് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് ക്ലിന്‍റ് ആർട് ഗാലറി ഉദ്ഘാടനം ചെയ്യും. ക്ലിന്‍റിന്‍റെ അമ്മ ചിന്നമ്മ ജോസഫ് വിശിഷ്ടാതിഥി ആയിരിക്കും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും