"വിൻസെന്റ് 130 വർഷങ്ങൾക്ക് മുമ്പ് നിന്ന അതേ സ്ഥലത്താണ് ഞാൻ നിന്നത്" പഠനത്തിന് നേതൃത്വം നൽകിയ ക്യുങ് ഹീ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ എലിയാ ജിയോങ്-ഹ്യുൻ കിം പറഞ്ഞു.
ലോകപ്രശസ്തമായ ചിത്രങ്ങളിലൊന്നായ വിൻസെന്റ് വാൻഗോഗിന്റെ 'ദി സ്റ്റാറി നൈറ്റ്' (The Starry Night) പൂർണ്ണമായും ഭാവനയിൽ നിന്ന് വരച്ചതല്ലെന്നും, മറിച്ച് അക്കാലത്തെ യഥാർത്ഥ ആകാശത്തിലെ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പുതിയ പഠനം. 1889 ജൂലൈയിൽ തെക്കൻ ഫ്രാൻസിൽ ദൃശ്യമായ അപൂർവ്വ ആകാശക്കാഴ്ചയാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
'ദ ഗാർഡിയനാ'ണ് പുതിയ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ചിത്രം 1889 ജൂണിൽ വരച്ചതാണെന്ന മുൻധാരണയെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ. സെന്റ്-റെമി-ഡി-പ്രൊവെൻസിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഡച്ച് ചിത്രകാരനായ വാൻഗോഗ് ഈ മാസ്റ്റർപീസ് രചിച്ചത്.
ദക്ഷിണ കൊറിയയിലെ ഒരു ഗവേഷക സംഘമാണ് പുതിയ പഠനത്തിന് പിന്നിൽ. ക്രസന്റ് മൂൺ, ശുക്രൻ (Venus), ഹയാഡസ് (Hyades) നക്ഷത്രക്കൂട്ടം എന്നിവയുടെ അന്നത്തെ സ്ഥാനം പരിശോധിച്ച അവർ, 1889 ജൂലൈ 22-ന് പുലർച്ചെ സൂര്യോദയത്തിന് തൊട്ടുമുമ്പ് ആകാശം ഇതേ രൂപത്തിലായിരുന്നു എന്ന് കണ്ടെത്തി.
ആശുപത്രിക്ക് തെക്കുപടിഞ്ഞാറുള്ള ഒരു മലനിര കണ്ടെത്തിയ ശേഷം വാൻഗോഗിന്റെ പഴയ സ്കെച്ചുമായി ഗവേഷകർ ഈ ഭൂപ്രകൃതി ഒത്തുനോക്കി. ഇത് ചിത്രകാരൻ നോക്കിനിന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ അവരെ സഹായിച്ചു.
"വിൻസെന്റ് 130 വർഷങ്ങൾക്ക് മുമ്പ് നിന്ന അതേ സ്ഥലത്താണ് ഞാൻ നിന്നത്" പഠനത്തിന് നേതൃത്വം നൽകിയ ക്യുങ് ഹീ യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ എലിയാ ജിയോങ്-ഹ്യുൻ കിം പറഞ്ഞു. അസ്ട്രോണമി സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് 1889 ജൂൺ, ജൂലൈ മാസങ്ങളിലെ പ്രഭാതത്തിലെ ആകാശം പുനർനിർമ്മിച്ച ഗവേഷകർ, പെയിന്റിംഗിലെ ഘടനയുമായി പൊരുത്തപ്പെടുന്ന മൂന്ന് തീയതികൾ കണ്ടെത്തി. ഇതിൽ ജൂലൈ 22-ലെ ആകാശമാണ് ചിത്രവുമായി ഏറ്റവും അടുത്തുനിൽക്കുന്നത്.
"ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതിനായി, ചിത്രത്തിലെയും യഥാർത്ഥ ആകാശത്തിലെയും നക്ഷത്രങ്ങൾ ജ്യോമട്രിയും സ്റ്റാറ്റിസ്റ്റിക്സും ഉപയോഗിച്ച് ഞങ്ങൾ താരതമ്യം ചെയ്തു" എന്നും കിം പറഞ്ഞു.
തീയതിയെച്ചൊല്ലിയുള്ള തർക്കം എന്തുകൊണ്ട്?
വാൻഗോഗ് തന്റെ സഹോദരൻ തിയോയ്ക്ക് 1889 ജൂൺ 18-ന് അയച്ച കത്തിൽ, നക്ഷത്രങ്ങൾ നിറഞ്ഞൊരാകാശത്തിന്റെ പുതിയൊരു സ്റ്റഡി പൂർത്തിയാക്കിയതായി സൂചിപ്പിച്ചിരുന്നു. ഈ കാരണത്താലാണ് ചിത്രം ജൂൺ മാസത്തിലേതായി കണക്കാക്കപ്പെട്ടിരുന്നത്. കൂടാതെ, ഇതിനുശേഷം അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടായതിനാൽ ഏതാനും ആഴ്ചകൾ അദ്ദേഹം വരച്ചിരുന്നില്ലെന്നും വിശ്വസിക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും, ഭാവന മാത്രമല്ല, നേരിട്ടുള്ള നിരീക്ഷണവും ഈ ചിത്രത്തിന് പിന്നിലുണ്ടെന്നാണ് ജൂലൈയിലെ ആകാശം സൂചിപ്പിക്കുന്നത് എന്ന് ഗവേഷകർ വാദിക്കുന്നു. ഒക്ടോബർ 22-ന് സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, ചിത്രം കൃത്യമായി എപ്പോഴാണ് പൂർത്തിയായതെന്ന് സ്ഥിരീകരിക്കുന്നില്ല. പല ദിവസങ്ങളിലെ പ്രഭാത കാഴ്ചകൾ ചേർന്നതായിരിക്കാം വാൻഗോഗ് ചിത്രീകരിച്ചതെന്ന് കിം സമ്മതിക്കുന്നുണ്ട്.
അതേസമയം, ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയം ഈ വാദത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. 1889 ജൂലൈ 2-ന് തിയോയ്ക്ക് അയച്ച ഒരു ഡ്രോയിങ് അടക്കമുള്ള രേഖകൾ ഈ ചിത്രം ജൂണിലാണ് വരച്ചതെന്ന വാദത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അവർ 'ദ ഗാർഡിയനോ'ട് വ്യക്തമാക്കി.





