Latest Videos

പട്ടാപ്പകൽ കോടിക്കണക്കിന് രൂപ വിലയുള്ള പെയിന്റിം​ഗ് മോഷ്ടിക്കാൻ ശ്രമം, പ്രതികൾ ഓടിരക്ഷപ്പെട്ടു

By Web TeamFirst Published Aug 19, 2021, 11:23 AM IST
Highlights

സാൻ നദിയിൽ ഒഴുകുന്ന ബോട്ടുകൾ ചിത്രീകരിക്കുന്ന, ലാൻഡ്സ്കേപ്പ് പെയിന്റിംഗ് 2015 -ൽ 1.16 ദശലക്ഷം യൂറോയ്ക്കാണ് (1.36 ദശലക്ഷം ഡോളർ) മ്യൂസിയം വാങ്ങിയത്.

നെതർലാൻഡിലെ ഒരു മ്യൂസിയത്തിൽ നിന്ന് ഒരു വിലപ്പെട്ട ക്ലോദ് മോനെ പെയിന്റിംഗ് മോഷ്ടിക്കാൻ ശ്രമം. മോഷണം പരാജയപ്പെട്ട് പ്രതികൾ വെറുംകൈയോടെ ഓടിപ്പോയി എന്ന് ഡച്ച് പോലീസ് പറഞ്ഞു. ആംസ്റ്റർഡാമിന് വടക്ക് സാൻഡാമിലെ സാൻസ് മ്യൂസിയത്തിൽ നടന്ന റെയ്ഡിനിടെ വെടിവയ്പ്പും നടന്നു, സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അപഹരിക്കാന്‍ ശ്രമിച്ച ഓയിൽ പെയിന്റിംഗ്, മോനെയുടെ 'ദി വൂർസാൻ ആൻഡ് വെസ്റ്റർഹെം' -ന് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്ന് മ്യൂസിയം പറയുന്നു. ഞായറാഴ്ച രാവിലെ 10.30 -നാണ് മോഷണശ്രമം നടന്നത്. എന്നാല്‍, മ്യൂസിയം ജീവനക്കാരും പെയിന്‍റിംഗ് നോക്കുന്നവരും കൃത്യസമയത്ത് തന്നെ ഇടപെട്ടു മോഷണശ്രമം തടഞ്ഞു. മോഷണത്തിനായെത്തിയ രണ്ടുപേര്‍ ഒരു കറുത്ത സ്കൂട്ടറില്‍ കടന്നുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു. 

"ആർക്കും പരിക്കില്ലെന്നും അവർക്ക് ഒന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നതിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്" മ്യൂസിയം ആക്ടിംഗ് ഡയറക്ടർ മാരീക്ക് വെർവിജ് സി‌എൻ‌എന്നിനോട് ഇമെയിൽ വഴി പറഞ്ഞു. സംഭവം ജീവനക്കാരെ വളരെയധികം ഞെട്ടിച്ചുവെന്നും മാരീക്ക് പറയുന്നു. തിങ്കളാഴ്ച മ്യൂസിയം താല്‍ക്കാലികമായി അടച്ചു. പിന്നീട്, സന്ദര്‍ശകര്‍ക്കായി ചൊവ്വാഴ്ച തുറന്നുകൊടുത്തു. മോഷ്ടിക്കാന്‍ ശ്രമിച്ച പെയിന്‍റിംഗ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്. 

സാൻ നദിയിൽ ഒഴുകുന്ന ബോട്ടുകൾ ചിത്രീകരിക്കുന്ന, ലാൻഡ്സ്കേപ്പ് പെയിന്റിംഗ് 2015 -ൽ 1.16 ദശലക്ഷം യൂറോയ്ക്കാണ് (1.36 ദശലക്ഷം ഡോളർ) മ്യൂസിയം വാങ്ങിയത്. 1871 -ൽ സാണ്ടാമിലേക്കുള്ള ഒരു യാത്രയിലാണ് മോനെ നദിയിലെ ഈ രംഗം വരച്ചത്. ഭാര്യയോടും മകനോടും ഒപ്പം നാലുമാസം താമസിച്ച ഒരു ഹോട്ടലിലിന്റെ ജെട്ടിയിൽ നിന്നുള്ള ദൃശ്യം ഇത് കാണിക്കുന്നു. മ്യൂസിയം പറയുന്നത് അനുസരിച്ച്, ഫ്രഞ്ച് കലാകാരനായ മോണറ്റ് നഗരത്തിന്റെ 25 പെയിന്റിംഗുകളും ഒൻപത് സ്കെച്ചുകളും സൃഷ്ടിച്ചിരുന്നു. കലാജീവിതത്തിൽ ഈയിടം അദ്ദേഹത്തിന് വളരെയധികം പ്രചോദനമായിട്ടുണ്ട് എന്ന് ഇത് തെളിയിക്കുന്നു.

മോഷണശ്രമം നടത്തിയ രണ്ട് പ്രതികളും ഒളിവിലാണ്, ഡച്ച് പോലീസ് ദൃക്സാക്ഷികളെ വിളിച്ചിട്ടുണ്ട്.

click me!