
നൃത്തം, എഴുത്ത്, ഗവേഷണം, സോമാറ്റിക് പഠനങ്ങള്‍ എന്നിവയാണ് മേഘ മല്‍ഹാര്‍ എന്ന കലാകാരിയുടെ ലോകങ്ങള്‍. ശരീരം, ഓര്‍മ്മ, ഭാവന, പരിസ്ഥിതി, ജീവിച്ച അനുഭവങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധങ്ങളെ അവള്‍ നിരന്തരം തേടുന്നു.
ചുട്ടുപൊള്ളുന്ന കാലമാണ്. കാലാവസ്ഥാ വ്യതിയാനം അതിന്റെ തീക്കൈകളാല്‍ ഭൂമിയെ മാറ്റിമറിക്കുന്നു. കടലുകള്‍ക്ക് തീപിടിക്കുന്നു. കുന്നുകള്‍ അതിന്റെ അനാദിയായ പൊടിപടലങ്ങളിലേക്ക് പൊടിഞ്ഞു തീരുന്നു. കാടുകളില്‍നിന്ന് ഇറ്റുനീരിനായി മൃഗങ്ങള്‍ നാടിറങ്ങുന്നു. മണ്ണുമായുള്ള അവസാന പൊക്കിള്‍ക്കൊടി ബന്ധവും അറുത്തുമുറിച്ച്, കൃത്രിമജീവിതങ്ങളിലേക്ക് സ്വയം വിവര്‍ത്തനം ചെയ്ത മനുഷ്യജീവിതങ്ങള്‍ ദുരയും ആര്‍ത്തികളും മാത്രം പ്രസരിപ്പിക്കുന്ന യന്ത്രങ്ങളായി മാറുന്നു. മ്യൂസിയം പീസാക്കി മാറ്റിയ പ്രകൃതിയെ കണ്ടില്ലെന്നു നടിക്കുന്ന പാച്ചിലുകളെ ജീവിതം എന്നു പേരുവിളിക്കുന്നു. ജീവയോഗ്യമല്ലാതായി മാറിയ ആവാസവ്യവസ്ഥകളില്‍ ജീവജാലങ്ങള്‍ സ്വയം വേവുന്നു.
ഇങ്ങനെയൊരു കാലത്തോട് നൃത്തത്തിന്റെ ഭാഷയില്‍ എങ്ങനെയാണ് സംവദിക്കുക? നമ്മളൊക്കെ ആരാണെന്നും പ്രകൃതി നമുക്ക് എന്താണെന്നും പറഞ്ഞുകൊടുക്കാനുള്ള ഒരു പുതിയ ജൈവഭാഷ എങ്ങനെയാണ് നിര്‍മിക്കുക? പാരിസ്ഥിതികമായ ഉല്‍ക്കണ്ഠകളെ ആര്‍ത്തി വിഴുങ്ങുന്ന നാട്ടുനടപ്പുകള്‍ക്കു മുഖാമുഖം നിന്ന് എങ്ങനെയാണ് ഭൂമിക്കു വേണ്ടി സംസാരിക്കുക? ഭാഷാപരവും ചിന്താപരവുമായ ഈ പ്രതിസന്ധിയാണ്, കാസര്‍കോഡ് സ്വദേശിയായ മേഘമല്‍ഹാര്‍ എന്ന കലാകാരിയെ പുതിയൊരു ഏകാംഗ പ്രകടനത്തിലേക്ക് വഴി നടത്തിയത്. 'ശ്വസിക്കുന്ന വേരുകള്‍/Breathing Roots' എന്നു പേരിട്ട ആ പ്രകടനം ഇക്കഴിഞ്ഞ പാരിസ്ഥിതിക ദിനത്തില്‍ ബെംഗളുരുവിലെ വിസ്താറില്‍ നടന്നു. 'ഭൂമി ഹബ്ബ 2026' പരിപാടിയുടെ ഭാഗമായാണ് കലാകാരി, നര്‍ത്തകി, എഴുത്തുകാരി, ഗവേഷക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മേഘ മല്‍ഹാര്‍ ഭൂമിയ്ക്കുവേണ്ടിയുള്ള തന്റെ ഇടപെടല്‍ അവതരിപ്പിച്ചത്.
പ്രകൃതിയുടെയും ഉടലിന്റെയും പരസ്പരാശ്രിതത്വം
പാരിസ്ഥിതിക പ്രതിസന്ധികള്‍, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം-ഇവയായിരുന്നു 'ശ്വസിക്കുന്ന വേരുകളുടെ കേന്ദ്രവിഷയം. സ്വന്തം ശരീരമായിരുന്നു മേഘയ്ക്ക് അതിനുള്ള കാന്‍വാസ്. മരമായി മാറുന്ന ഒരു പെണ്ണുടല്‍ എന്ന ദൃശ്യസങ്കല്‍പ്പം. പാരിസ്ഥിതിക തകര്‍ച്ചയും ജീവജാലങ്ങളുടെ മണ്‍മറയലും മനുഷ്യന്റെ ആന്തരിക അനുഭവങ്ങളുമായി എങ്ങനെ കണ്ണിചേര്‍ക്കപ്പെടുന്ന എന്ന അന്വേഷണം. ഉടലും വൃക്ഷവും ഒന്നായിത്തീരുന്നൊരു ഘട്ടം വരച്ചുകാട്ടി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അദൃശ്യബന്ധങ്ങള്‍ തുറന്നുകാട്ടല്‍.
ഒരു സ്ത്രീയുടെ ശരീരം ക്രമേണ ഒരു വൃക്ഷമായി രൂപാന്തരപ്പെടുന്നു. വേരുകള്‍, ശാഖകള്‍, ശ്വാസം, ഓര്‍മ്മകള്‍ എന്നിവയുടെ പ്രതീകാത്മക സാന്നിധ്യത്തിലൂടെ ശരീരം ഒരു ജീവനുള്ള ഭൂപ്രകൃതിയായി മാറുന്നു. ചലനങ്ങളിലൂടെയും ശരീരഭാഷയിലൂടെയും നഷ്ടബോധം, ക്ഷീണം, പ്രതിരോധശേഷി, രോഗശാന്തി, പുനരുജ്ജീവനം എന്നീ അനുഭവങ്ങള്‍ ആഴത്തില്‍ പകര്‍ത്തുന്നു. പ്രകൃതിയെ മനുഷ്യനില്‍ നിന്ന് വേറിട്ട അസ്തിത്വമായി കാണാതെ നിലനില്‍പ്പിന്റെ അടിസ്ഥാന ഏകകമായി അടയാളപ്പെടുത്തുന്നു.
പാരിസ്ഥിതിക വ്യഥ (Ecological Grief) എന്ന ആശയമാണ് 'ശ്വസിക്കുന്ന വേരുകള്‍' മുന്നോട്ടുവെയ്ക്കുന്നത്. വനനശീകരണം, കാലാവസ്ഥാ വ്യതിയാനം, ജീവവൈവിധ്യങ്ങളുടെ നശീകരണങ്ങള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ ഭൂമിയ്‌ക്കേല്‍പ്പിക്കുന്ന ക്ഷതങ്ങളെയും വടുക്കളെയും ശാരീരികാനുഭവമായി സമീപിക്കാനുള്ള ശ്രമം. ദുഃഖം മാത്രമായിരുന്നില്ല ഈ പെര്‍ഫോമന്‍സ് പ്രസരിപ്പിച്ചത്. ശമനം, പുനഃസ്ഥാപനം, പരിചരണം, പ്രത്യാശ, അനുതാപം എന്നീ സാധ്യതകളിലേക്കും അത് ശ്രദ്ധ തുറന്നിടുന്നു. ഭൂമിയുമായുള്ള ബന്ധം എങ്ങനെ പുനഃസ്ഥാപിക്കാം, പ്രകൃതിയുടെ ജീവചക്രത്തിന്റെ ഭാഗമാണ് മനുഷ്യന്‍ എന്ന ബോധം എങ്ങനെ വീണ്ടെടുക്കാം എന്നീ ചോദ്യങ്ങളാണ് ഈ പ്രകടനം ഉയര്‍ത്തുന്നത്. പ്രകൃതിയുടെയും ഉടലിന്റെയും പരസ്പരാശ്രിതത്വത്തെക്കുറിച്ചുള്ള ഒരു ധ്യാനാത്മക അനുഭവമായി പ്രകടനം മാറുന്നു.
കത്തുന്ന മരം, കനിവിന്റെ യാത്രാപഥം
കത്തിപ്പിടയുന്നൊരു മരമായാണ് മേഘ അരങ്ങിലെത്തിയത്. ചുവപ്പുടുത്ത്, ശരീരഭാഷയില്‍ നോവും വൃഥയും ലയിപ്പിച്ച്, ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത പ്രതിസന്ധിയുടെ ആഴങ്ങള്‍ മേഘ കാഴ്ചക്കാരിലേക്ക് എത്തിച്ചു. പ്രകൃതിയുടെ മുറിവുകള്‍, പൊള്ളലുകള്‍, പിടയലുകള്‍. അവിടെനിന്നും കരുണയുടെ കനിവിന്റെ ശമനത്തിന്റെ ആദിമതാളങ്ങളിലേക്കുള്ള മടക്കയാത്ര. പുതിയൊരു പാരിസ്ഥിതിക അനുഷ്ഠാപരതയുടെ ചടുലതകള്‍, എല്ലാം മായ്ക്കുന്ന ഭൂമിയുടെ ഹരിതതാളം. ഓരില ഈരിലയായി പച്ചപ്പിലേക്ക് തെഴുക്കാന്‍ ശ്വാസമെടുക്കുന്ന ഒരു കുഞ്ഞുചെടി നട്ട് ആ പ്രകടനം അവസാനിക്കുന്നു.
പ്രകൃതിയുമായുള്ള ദീര്‍ഘകാല നിരീക്ഷണങ്ങള്‍, സൊമാറ്റിക് പരിശീലനങ്ങള്‍, ശരീരാധിഷ്ഠിതമായ ചലനപരീക്ഷണങ്ങള്‍ എന്നീ വഴികളിലാണ് 'ശ്വസിക്കുന്ന വേരുകള്‍' സംഭവിക്കുന്നത്. അവതരണത്തിന്റെ മുന്നൊരുക്കങ്ങളില്‍ നിന്നും അവതരണയിടത്തില്‍ നിന്നും സ്വാഭാവികമായി കൊഴിഞ്ഞു വീണ ഇലകള്‍, പഴങ്ങള്‍, പൂക്കള്‍, കടല്‍ത്തീരത്ത് നിന്ന് ശേഖരിച്ച ചിപ്പികള്‍ എന്നിവയാണ് അവതരണ സാമഗ്രികളായി ഉപയോഗിച്ചത്. വൃക്ഷങ്ങളുടെ നിലനില്‍പ്പ്, അവയുടെ വളര്‍ച്ച, ഭൂമിയുമായുള്ള ബന്ധം, ശ്വാസത്തിന്റെ താളം എന്നിവയെ ശരീരത്തിലൂടെ അനുഭവിക്കുകയും അവയെ കലയ്ക്ക് മാത്രമാവുന്ന കനിവിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന സൃഷ്ടിപ്രക്രിയയാണ് ഈ അവതരണത്തിന്റെ കാതലായി വര്‍ത്തിക്കുന്നത്.
സന്ദേഹങ്ങള്‍, അന്വേഷണങ്ങള്‍: മേഘയുടെ പാതകള്‍
നൃത്തം, എഴുത്ത്, ഗവേഷണം, സോമാറ്റിക് പഠനങ്ങള്‍ എന്നിവയാണ് മേഘ മല്‍ഹാര്‍ എന്ന കലാകാരിയുടെ ലോകങ്ങള്‍. ശരീരം, ഓര്‍മ്മ, ഭാവന, പരിസ്ഥിതി, ജീവിച്ച അനുഭവങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധങ്ങളെ അവള്‍ നിരന്തരം തേടുന്നു.
കാസര്‍കോഡ് ജനിച്ചു വളര്‍ന്ന്, സന്ദേഹങ്ങളുടെയും അന്വേഷണങ്ങളുടെയും പല വഴികളിലൂടെ അത് വളരുന്നു. കുഞ്ഞുന്നാളിലേ നൃത്തം ചെയ്തിരുന്നു. പിന്നീട്, 23 വയസ്സില്‍ അതിനൊരു ദിശാബോധം വരുന്നു. വഴി കാട്ടാനൊരു ഗുരു മുന്നിലെത്തുന്നു. ക്ലാസിക്കല്‍ നൃത്തത്തിന്റെ പല അടരുകളില്‍ ഒന്നിലും ഫോക്കസ് ചെയ്യാനാവാത്ത സന്ദേഹങ്ങള്‍. അലച്ചിലുകളുടെ കാലം. അവിടെനിന്നാണ് സോമാറ്റിക് വഴികളിലേക്ക് അവള്‍ തിരിയുന്നത്. കൊറിയോഗ്രഫറും ഫ്രഞ്ച് നര്‍ത്തകനും ഫെല്‍ഡന്‍ക്രെയ്‌സ് (feldenkrais) പ്രാക്ടീഷണറുമായ മിഷേല്‍ കാസനോവയുടെയും സ്വിസ് മ്യുസീഷ്യയും ക്രേറിനിയോസേക്രല്‍ (cranio Sacral) തെറപ്പിസ്റ്റുമായ എവ്ലിന്‍ നോതിന്റെയും കൂടെയാണ് മേഘ ഇപ്പോള്‍ പരിശീലനങ്ങളും പരീക്ഷണങ്ങളും നടത്തുന്നത്. അവരുടെ കൂടി സഹായത്തോടെയാണ് 'ശ്വസിക്കുന്ന വേരുകള്‍' യാഥാര്‍ത്ഥ്യമാക്കിയത്.
ഇതിന് മുമ്പ്, കൊച്ചി മുസിരിസ് ബിനാലെയില്‍ റെസിസറ്റന്‍സ് ആന്‍ഡ് റികാള്‍ ( Resistance and Recall) എന്ന അവതരണം നടത്തിയിട്ടുണ്ട്. തലശ്ശേരി ആര്‍ട്‌സ് സൊസൈറ്റിയില്‍ ഫ്രാഗ്‌മെന്റ് ഓഫ് അണ്‍സെഡ്: ബിറ്റ്‌വീന്‍ സയലന്‍സ് ആന്റ് ബികമിംഗ് Fragments of Unsaid: Between Silence snd Becoming എന്ന എന്ന തല്‍സമയ സൊമാറ്റിക് പെര്‍ഫോമന്‍സും നടത്തിയിട്ടുണ്ട്. പെണ്‍ നിഴലുകള്‍, കറുപ്പ് എന്നീ ചെറുകഥാ സമാഹരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പെര്‍ഫോമിംഗ് ആര്‍ട്ടിലും സൊമാറ്റിക് പരീശീലനത്തിലും കൂടുതല്‍ ശ്രദ്ധയൂന്നി ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാണ് മേഘയുടെ ഇപ്പോഴത്തെ ആഗ്രഹം.