
ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന മുതിർന്ന ഫോട്ടോഗ്രാഫർ രഘു റായ് (1942 - 2026) അന്തരിച്ചു. രണ്ട് വർഷത്തോളമായി കാൻസർ രോഗബാധിതനായിരുന്നു 83 -കാരനായ അദ്ദേഹം. രണ്ട് വർഷം മുമ്പാണ് അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയത്. എന്നാൽ അദ്ദേഹം അതിൽ നിന്ന് സുഖം പ്രാപിച്ച് വരുന്നതിനിടെ വയറ്റിലേക്ക് കാൻസർ പടർന്നു. ചികിത്സകളിലൂടെ അതും ഭേദമായെങ്കിലും കാൻസർ തലച്ചോറിലേക്ക് പടർന്നു. ഇതേ തുടർന്ന് വീണ്ടു ചികിത്സകൾ ആരംഭിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം. അദ്ദേഹത്തിന്‍റെ മരണവിവരം കുടുംബം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും
1942 ഡിസംബർ 18 -ന് ഝാങ്ങിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ജനിച്ച റായ്, ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ആദരണീയനായ ഫോട്ടോഗ്രാഫർമാരിൽ ഒരാളായി മാറി. 1960 -കളുടെ മധ്യത്തിലാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിക്കുന്നത്. പിന്നീട്, ദി സ്റ്റേറ്റ്‌സ്മാനിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ചേർന്നു. 1976-ൽ അദ്ദേഹം പത്രം വിട്ട് സ്വതന്ത്രമായി ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ആരംഭിച്ചു. 1982 മുതൽ 1992 വരെ അദ്ദേഹം ഇന്ത്യാ ടുഡേയിൽ ഫോട്ടോഗ്രാഫി ഡയറക്ടറായും ജോലി ചെയ്തു. 1990 നും 1997 നും ഇടയിൽ വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടിയർ ബ്രെസ്സണാണ് അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിൽ മാർഗനിർദേശം നൽകിയത്. ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഫോട്ടോഗ്രാഫി സ്ഥാപനങ്ങളിൽ ഒന്നായ മാഗ്നത്തിൽ ചേരാൻ 1977 -ൽ ബ്രെസ്സൺ, റായിയോട് ആവശ്യപ്പെട്ടിരുന്നു. റായിയുടെ ഫോട്ടോഗ്രാഫിയെ ആധുനിക ഇന്ത്യയുടെ 'ദൃശ്യരേഖ' എന്നാണ് വിശേഷിപ്പിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി മാറിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം അദ്ദേഹം പകർത്തിയ ദൃശ്യങ്ങൾ ലോക ശ്രദ്ധ നേടി. മദർ തെരേസ, ഇന്ദിരാഗാന്ധി തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ഫോട്ടോകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ഫോട്ടോഗ്രാഫി പുസ്തകങ്ങളിലൂടെയാണ് രഘു റായി പ്രശസ്തനായത്. തന്റെ കരിയറിൽ, ഇന്ത്യയിലെ ജനങ്ങളെയും സംസ്കാരത്തെയും നഗരങ്ങളെയും കുറിച്ച് 18 ലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചത്, രഘു റായിയുടെ ഇന്ത്യ: റിഫ്ലക്ഷൻസ് ഇൻ കളർ, റിഫ്ലക്ഷൻസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ചിലതാണ്. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ഫോട്ടോഗ്രാഫിക്ക് 1972 -ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. 1992 -ൽ, യുഎസിൽ അദ്ദേഹത്തെ "ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ" ആയി തെരഞ്ഞെടുത്തു. 2019-ൽ, ഫോട്ടോഗ്രാഫിയിലെ ഉന്നത അന്താരാഷ്ട്ര ബഹുമതികളിലൊന്നായ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 2017-ൽ ഇന്ത്യയുടെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് സമ്മാനിച്ചു.
എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവായ് എന്നിവരാണ് മക്കൾ.