ഒരേ ലക്ഷ്യത്തോടെ, ഒരേ മനസ്സോടെ കാടിന്റെ നിശബ്ദതയിലേക്കും വന്യതയിലേക്കും ക്യാമറയും തൂക്കി ഇറങ്ങുകയാണ് ഈ മൂന്നംഗ കുടുംബം. ജോഷി വര്‍ഗീസും ഭാര്യ വിജിയും പതിനാലു വയസ്സുള്ള മകന്‍ ലിയോയും മറ്റെല്ലാറ്റിനും ഉപരി സ്‌നേഹിക്കുന്നത് കാടകങ്ങളെയാണ്.

ഈ മൂവര്‍ സംഘത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയുണ്ട്. അച്ഛന്റെ ലെന്‍സുകള്‍ കാട്ടിലെ അപൂര്‍വ്വ പക്ഷികളുടേയും വന്യമൃഗങ്ങളുടെയും ഗാംഭീര്യമുള്ള നിമിഷങ്ങള്‍ തിരയുമ്പോള്‍, അമ്മയുടെ ശ്രദ്ധ പ്രകൃതിയുടെ ശാന്തതയിലേക്കും വന്യതയിലെ സൂക്ഷ്മ ചലനങ്ങളിലേക്കുമാണ്. പതിനാല് വയസ്സിന്റെ കുട്ടിത്തവും കൗതുകവുമായി കാട്ടിലെത്തുന്ന മകനും വന്യജീവികളെ ഫ്രെയിമുകളിലാക്കുന്ന തിരക്കിലാണ്-കൃഷ്ണ ദീപക് എഴുതുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കേവലം ഒരു വിനോദമല്ല, കഠിനമായ ക്ഷമയും വന്യജീവികളോടുള്ള അടങ്ങാത്ത സ്‌നേഹവും ആവശ്യപ്പെടുന്ന ഒരു കലയാണ്. എളുപ്പമല്ല, കാടിന്റെ വിളി കേള്‍ക്കല്‍. മറ്റെല്ലാം മാറ്റിവെച്ചുള്ള പുറപ്പെട്ടുപോക്കുകളാണ് അതിന്റെ ഫലം. നിത്യജീവിതത്തിന്റെ പദപ്രശ്‌നങ്ങളെ മറക്കാനുള്ള ലഹരി. അങ്ങനെയുള്ള യാത്രകള്‍, നമ്മുടെ സാധാരണ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവില്ല. കാട്ടില്‍പോയി പടമെടുത്താല്‍ അടുപ്പു പുകയുമോ എന്ന ചോദ്യം മുതല്‍, എല്ലാറ്റിനേക്കാളും ഇഷ്ടം കാടാണെന്ന പ്രാക്ക്‌വരെ കേള്‍ക്കേണ്ടിവരും.

അങ്ങനെയുള്ള നാട്ടുനടപ്പുകള്‍ക്കിടയിലാണ് ദുബായിലൊരു മലയാളി കുടുംബം വേറിട്ടുനില്‍ക്കുന്നത്. കാട് ഇവര്‍ക്ക് കുടുംബവിഷയമാണ്. ഒരേ ലക്ഷ്യത്തോടെ, ഒരേ മനസ്സോടെ കാടിന്റെ നിശബ്ദതയിലേക്കും വന്യതയിലേക്കും ക്യാമറയും തൂക്കി ഇറങ്ങുകയാണ് ഇൗ മൂന്നംഗ കുടുംബം. ജോഷി വര്‍ഗീസും ഭാര്യ വിജിയും പതിനാലു വയസ്സുള്ള മകന്‍ ലിയോയും മറ്റെല്ലാറ്റിനും ഉപരി സ്‌നേഹിക്കുന്നത് കാടകങ്ങളെയാണ്. ഐടി കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്ന ജോഷി ഇപ്പോള്‍ മുഴുവന്‍ സമയവും ഫോട്ടോഗ്രാഫിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഒരു ഇന്റര്‍നാഷണല്‍ ലോ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് വിജി. ദുബൈ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പഠിക്കുകയാണ് ലിയോ.

സാധാരണയായി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ആളുകള്‍ റിസോര്‍ട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍, ഈ കുടുംബത്തിന്റെ യാത്രകള്‍ വന്യജീവി സങ്കേതങ്ങളിലേക്കും നിബിഡ വനങ്ങളിലേക്കുമാണ്. മഞ്ഞു വീഴുന്ന കാട്ടുപാതകളില്‍, വന്യജീവികളുടെ സ്വാഭാവിക ഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മണിക്കൂറുകളോളം ഇവര്‍ കാത്തിരിക്കുന്നു.

ഉള്‍ക്യാമറയില്‍ പതിയുന്നത്

സാധാരണയായി കുട്ടികള്‍ മൊബൈല്‍ ഗെയിമുകളിലും ഇന്‍ഡോര്‍ കളികളിലും മുഴുകുന്ന പ്രായത്തിലാണ് ലിയോ അച്ഛന്റെയും അമ്മയുടേയും കൈപിടിച്ച് ക്യാമറയുമായി കാടുകയറുന്നത്. കളിപ്പാട്ടങ്ങള്‍ക്ക് പകരം ക്യാമറ ലെന്‍സുകളെ പ്രണയിച്ച ഈ കൊച്ചു മിടുക്കന്‍, പ്രകൃതിയെയും വന്യജീവികളെയും തൊട്ടറിഞ്ഞാണ് വളരുന്നത്.

ഈ മൂവര്‍ സംഘത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയുണ്ട്. അച്ഛന്റെ ലെന്‍സുകള്‍ കാട്ടിലെ അപൂര്‍വ്വ പക്ഷികളുടേയും വന്യമൃഗങ്ങളുടെയും ഗാംഭീര്യമുള്ള നിമിഷങ്ങള്‍ തിരയുമ്പോള്‍, അമ്മയുടെ ശ്രദ്ധ പ്രകൃതിയുടെ ശാന്തതയിലേക്കും വന്യതയിലെ സൂക്ഷ്മ ചലനങ്ങളിലേക്കുമാണ്. പതിനാല് വയസ്സിന്റെ കുട്ടിത്തവും കൗതുകവുമായി കാട്ടിലെത്തുന്ന മകനും വന്യജീവികളെ ഫ്രെയിമുകളിലാക്കുന്ന തിരക്കിലാണ്. കാടുവിട്ട് നാട് കാണാന്‍ പോയാലും അവിടെയുള്ള ജീവജാലങ്ങളിലേക്കായിരിക്കും ഇവരുടെ കണ്ണുപായുന്നത്.

വന്യജീവി ഫോട്ടോഗ്രഫി എളുപ്പമുള്ള ഒന്നല്ല. കത്തുന്ന വെയിലും കനത്ത മഴയും സഹിച്ച്, മൃഗങ്ങളെ ഒട്ടും ശല്യപ്പെടുത്താതെ, അവയുടെ സ്വാഭാവിക ജീവിതത്തിലേക്ക് പടരാന്‍ പ്രത്യേക വൈദഗ്ധ്യം വേണം.

'കാട്ടില്‍ നമ്മള്‍ വെറുമൊരു അതിഥി മാത്രമാണ്. ആ ബോധ്യത്തോടെ, വന്യജീവികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് വേണം ഓരോ ചിത്രവും പകര്‍ത്താന്‍. പ്രകൃതിയെയും മൃഗങ്ങളെയും തൊട്ടടുത്ത് അറിയാനും, അവയെ വരുംതലമുറയ്ക്കായി ചിത്രങ്ങളിലൂടെ സംരക്ഷിച്ചുവെക്കാനും സാധിക്കുന്നതിലാണ് ഞങ്ങളുടെ സന്തോഷം'- ഈ ക്യാമറ കുടുംബം ഒരേ സ്വരത്തില്‍ പറയുന്നു.

മരുഭൂമിയിലെ വന്യജീവി വിസ്മയങ്ങള്‍!

ദുബൈയിലെ തിരക്കേറിയ ജീവിതത്തിനിടയിലും പ്രകൃതിയെയും വന്യജീവികളെയും നെഞ്ചിലേറ്റുകയാണ് ഈ കുടുംബം. ദുബൈയിലെ പ്രശസ്തമായ അല്‍ ഖുദ്രയിലെ (Al Qudra) മരുഭൂമി കാഴ്ചകളും തടാകക്കരകളിലെ വന്യജീവി സമ്പത്തുമാണ് ഇവരുടെ ഫ്രെയിമുകളിലേറെയും. അപൂര്‍വ്വ ഇനം പക്ഷികള്‍, മരുഭൂമിയിലെ വന്യജീവികള്‍, പുലര്‍കാലത്തെ പ്രകൃതിഭംഗി എന്നിവയെല്ലാം ഇവര്‍ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്.

ലോകത്തിഏെറ്റവും പ്രശസ്തമായ വന്യജീവി സങ്കേതങ്ങളും ഈ കുടുംബത്തിന്റെ ക്യാമറക്കണ്ണുകള്‍ക്ക് പരിചിതമാണ്. വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയായ ആഫ്രിക്കയിലെ മസായ് മാര (Masai Mara), അപൂര്‍വ്വ ജീവിവര്‍ഗ്ഗങ്ങളുടെ കേന്ദ്രമായ മഡഗാസ്‌കര്‍ (Madagascar), ശ്രീലങ്ക, ഇന്ത്യയിലെ വന്യജീവി പാര്‍ക്കുകള്‍, കൂടാതെ അമേരിക്ക, ജോര്‍ജിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെല്ലാം ഇവര്‍ ഒന്നിച്ച് ക്യാമറയുമായി സഞ്ചരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള യാത്രകള്‍ക്കൊപ്പം തന്നെ ജന്മനാടായ കേരളത്തിലെ പച്ചപ്പുനിറഞ്ഞ മലയോര മേഖലകളും നിബിഡ വനങ്ങളും ഇവരുടെ പ്രിയപ്പെട്ട ഫ്രെയിമുകളാണ്. പശ്ചിമഘട്ടത്തിലെ അപൂര്‍വ്വ പക്ഷികളെയും ജീവജാലങ്ങളെയും തേടിയുള്ള ഇവരുടെ യാത്രകള്‍ അസാധാരണമായ ചിത്രങ്ങളാണ് നല്‍കിയിട്ടുള്ളത്.

കാടിന്റെ വന്യതയും ഭംഗിയും ഒട്ടും ചോരാത്ത ഇവരുടെ ചിത്രങ്ങള്‍ ഇതിനകം പ്രകൃതിസ്‌നേഹികളുടെയും ഫോട്ടോഗ്രഫി പ്രേമികളുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു. വെളിച്ചത്തിന്റെയും നിഴലിന്റെയും മനോഹരമായ ചേരുവകളോടെ ഇവര്‍ ക്യാമറയിലാക്കുന്ന ഓരോ ഫ്രെയിമിനും പറയാന്‍ ഒരപൂര്‍വ്വ കഥയുണ്ടാകും.

ഒരേ താല്പര്യവും ഒരേ സ്വപ്നവുമായി പ്രകൃതിയിലേക്ക് ഇറങ്ങുന്ന ഈ മൂവര്‍ സംഘത്തിന്റെ ഫ്രെയിമുകളിലെ വന്യതയും പ്രശാന്തതയും ഇനിയും ലോകം കാണാനിരിക്കുകയാണ്.

ജോഷി പകര്‍ത്തിയ ചിത്രങ്ങള്‍

വിജി പകര്‍ത്തിയ ചിത്രങ്ങള്‍

ലിയോ പകര്‍ത്തിയ ചിത്രങ്ങള്‍