200 കൊല്ലങ്ങളായി വീട്ടിൽ പൊടിപിടിച്ചുകിടന്ന 'അമൂല്യനിധി', പ്രാധാന്യമറിയാതെ വീട്ടുകാർ, വിറ്റുപോയത് 67 കോടിക്ക്

By Web TeamFirst Published Jun 30, 2021, 10:44 AM IST
Highlights

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ചിത്രകാരനാണ് ഫ്രാഗോര്‍ണാഡ്. പെയിന്‍റിംഗ് കണ്ടെത്തിയ കുടുംബത്തില്‍ 200 വര്‍ഷത്തിലേറെയായി ഈ പെയിന്‍റിംഗ് ഉണ്ട്. 

നമ്മുടെ കുടുംബത്തില്‍ കോടിക്കണക്കിന് രൂപയുടെ ഒരു അമൂല്യനിധിയുണ്ടെന്ന് കരുതുക. എന്ത് സംഭവിക്കും? ചിലപ്പോൾ കുടുംബക്കാരെല്ലാം അതിനുവേണ്ടി തമ്മിലടിക്കും. ചിലപ്പോള്‍ വിറ്റ് കാശാക്കി വീതിച്ചെടുക്കും. അങ്ങനെ പല സാധ്യതകളുമുണ്ട് അല്ലേ? എന്നാല്‍, ഇവിടെ ഒരു കുടുംബം അവരുടെ കയ്യില്‍ കോടിക്കണക്കിന് രൂപയുടെ ഒരു അമൂല്യനിധി ഉണ്ടായിട്ടും അത് അറിഞ്ഞതേയില്ല. അതിന്‍റെ വില വളരെ വലുതാണ് എന്നറിയാതെ തലമുറകളായി കുടുംബം അത് സംരക്ഷിച്ചു പോന്നു. അത് വേറൊന്നുമല്ല, പ്രശസ്തനായ ഫ്രഞ്ച് ചിത്രകാരന്‍ ജീൻ-ഹോണോർ ഫ്രാഗോണാർഡ് വരച്ച ഒരു പെയിന്‍റിംഗായിരുന്നു അത്. അത് ഇപ്പോള്‍ ലേലത്തില്‍ വിറ്റുപോയിരിക്കുന്നത് 67 കോടി രൂപയ്ക്ക് മുകളിലാണ്. 

വടക്കുകിഴക്കൻ ഫ്രാൻസിലെ ഒപെർണേയിലെ എൻ‌ചെറസ് ഷാംപെയ്ൻ ലേലശാലയിലെ ലേലക്കാരനായ അന്റോയിൻ പെറ്റിറ്റ് ആണ് ഫ്രാഗോണാർഡിന്റെ 'എ ഫിലോസഫര്‍ റീഡിംഗ്' എന്ന പെയിന്‍റിംഗ് അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. പട്ടണത്തിനടുത്തുള്ള ഒരു അപ്പാർട്ട്മെന്റിലുള്ള ചില വസ്തുക്കളുടെ അനന്തരാവകാശം വിലയിരുത്താൻ വിളിച്ചപ്പോഴായിരുന്നു അക്കൂട്ടത്തില്‍ ഈ പെയിന്‍റിംഗും കാണുന്നത്. 

അദ്ദേഹം കാണുമ്പോള്‍ ചുമരില്‍ പൊടിപിടിച്ചു കിടക്കുകയാണ് കോടിക്കണക്കിന് രൂപ വിലയുള്ള, അതിപ്രശസ്തമായ ഈ പെയിന്‍റിംഗ്. ആഹാ പെയിന്‍റിംഗ് കൊള്ളാമല്ലോ എന്നാണ് ആദ്യം അദ്ദേഹം ചിന്തിച്ചത്. പിന്നീട് അത് താഴെയെത്തിച്ച് സൂക്ഷിച്ച് നോക്കിയപ്പോഴാണ് താഴെയായി കറുത്ത നിറത്തിലുള്ള മഷിയില്‍ ഫ്രാഗോണാർഡ് എന്ന് എഴുതിയിരിക്കുന്നത് കാണുന്നത്. 

എന്നാല്‍, ഇതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ധാരണയില്ലാത്തതുകൊണ്ടോ എന്തോ കുടുംബക്കാരാകട്ടെ തലമുറ കൈമാറിയപ്പോഴും ഇത് ആരുടെയെങ്കിലും പേരില്‍ വില്‍പത്രത്തിലെഴുതിയിരുന്നില്ല. വീട്ടുകാരിത് പെറ്റിറ്റിന് കൈമാറി. അദ്ദേഹം പാരിസ് കേന്ദ്രമായുള്ള പെയിന്‍റിംഗ് വിദഗ്ദ്ധരുടെ സംഘമായ കാബിനറ്റ് ടര്‍ഖ്വിന് ഇത് കൈമാറി. അവരാണ് ഇത് ഫ്രാഗോര്‍ണാഡിന്‍റെ പ്രശസ്തമായ ചിത്രമാണ് എന്ന് കണ്ടെത്തുന്നത്. കമ്പനി പുറത്തിറക്കിയ കാറ്റലോഗില്‍ 'പൊടി പിടിച്ചുവെങ്കിലും പഴക്കം ചെന്നുവെങ്കിലും എളുപ്പത്തില്‍ ഇത് ഫ്രാഗോര്‍ണാഡിന്‍റെ പെയിന്‍റിംഗ് ആണെന്ന് തിരിച്ചറിയാമായിരുന്നു' എന്നാണ് പെയിന്‍റിംഗ് വിദഗ്ദ്ധരിലൊരാളായ സ്റ്റീഫന്‍ പിന്‍റ പറഞ്ഞിരിക്കുന്നത്. 

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ചിത്രകാരനാണ് ഫ്രാഗോര്‍ണാഡ്. പെയിന്‍റിംഗ് കണ്ടെത്തിയ കുടുംബത്തില്‍ 200 വര്‍ഷത്തിലേറെയായി ഈ പെയിന്‍റിംഗ് ഉണ്ട്. കുടുംബത്തിന് ഇതിന്‍റെ വിലയെ കുറിച്ചോ പ്രാധാന്യത്തെ കുറിച്ചോ യാതൊരുവിധ ധാരണയും ഇല്ലായിരുന്നു. എതായാലും ഒടുവിൽ പെയിന്റിം​ഗ് വിറ്റുപോയത് കോടിക്കണക്കിന് രൂപയ്ക്കാണ്. ആരാണ് ഇത് വാങ്ങിയതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

click me!