40 കൊല്ലം അലമാരയിൽ ഒളിച്ചിരുന്നത് 25 കോടി വരെ വിലയുള്ള ചിത്രം! ലേലത്തിനൊരുങ്ങി ഒകീഫിന്റെ 'നിയർ അബിക്കിയു'

Published : Nov 07, 2026, 04:29 PM IST
Near Abiquiu New Mexico I

Synopsis

1980 -കളിൽ വീട്ടിലെത്തിയ ഒരു സന്ദർശകൻ ഈ ചിത്രത്തിൽ അമിത താൽപ്പര്യം കാണിച്ചതിനെ തുടർന്ന്, ചിത്രം മോഷണം പോകുമോ എന്ന ഭയത്താലാണത്രെ ഉടമ ഇത് പാക്ക് ചെയ്ത് അലമാരയിൽ സൂക്ഷിച്ചത്.

നാല് പതിറ്റാണ്ടുകളോളം ക്ലോസറ്റിനുള്ളിൽ ഒളിച്ചിരുന്നൊരു ചിത്രം ലേലത്തിനൊരുങ്ങുന്നു. 25 കോടി വരെ മൂല്ല്യമുള്ളതാണ് ചിത്രം. അമേരിക്കൻ ചിത്രകാരി ജോർജിയ ഒകീഫിന്റെ പ്രസിദ്ധമായ 'നിയർ അബിക്കിയു, ന്യൂ മെക്സിക്കോ I' (Near Abiquiu, New Mexico I - 1930) എന്നു പേരിട്ടിരിക്കുന്ന ഈ അപൂർവ ചിത്രം ക്രിസ്റ്റീസ് ലേലത്തിൽ 2 മില്ല്യൺ മുതൽ 3 മില്ല്യൺ ഡോളർ വരെ (ഏകദേശം 18 മുതൽ 25 കോടി രൂപ വരെ) നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രം കണ്ടെത്തിയത് എങ്ങനെ?

ന്യൂയോർക്കിലെ ഈസ്റ്റ് വില്ലേജിൽ താമസിച്ചിരുന്ന വയോധികയായ ഒരു സ്ത്രീയുടെ വീട്ടിൽ നിന്നാണ് ഈ ചിത്രം ലഭിച്ചത്. കിടപ്പുരോഗിയായ ആന്റിയെ പരിചരിക്കാനെത്തിയ ബെറ്റ്സി എന്ന യുവതിയാണ് ഹാൾവേയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം കണ്ടെത്തുന്നത്.

1963 -ൽ ഡൗൺടൗൺ ഗാലറിയിൽ നിന്ന് 3,800 ഡോളറിന് വാങ്ങിയ ഈ ചിത്രം, ചിത്രത്തിന്‍റെ ഉടമയ്ക്ക് അവരുടെ അമ്മ ബിരുദദാനത്തിന്റെ സമയത്ത് സമ്മാനമായി നൽകിയതായിരുന്നു. 1980 -കളിൽ വീട്ടിലെത്തിയ ഒരു സന്ദർശകൻ ഈ ചിത്രത്തിൽ അമിത താൽപ്പര്യം കാണിച്ചതിനെ തുടർന്ന്, ചിത്രം മോഷണം പോകുമോ എന്ന ഭയത്താലാണത്രെ ഉടമ ഇത് പാക്ക് ചെയ്ത് അലമാരയിൽ സൂക്ഷിച്ചത്. 2022 -ൽ വയോധിക തന്റെ ഹോം ഹെൽത്ത് എയ്ഡുകളോട് ക്ലോസറ്റിൽ ഒകീഫിന്റെ ചിത്രമുണ്ടെന്ന കാര്യം ചെറുതായി സൂചിപ്പിച്ചിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

1930 -ൽ വരച്ച ഈ ചിത്രം ന്യൂ മെക്സിക്കോയിലെ 'ലോബോ പീക്ക്' എന്ന മനോഹരമായ ലാൻഡ്സ്കേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ മലനിരകളെ ആസ്പദമാക്കി ഒകീഫ് തയാറാക്കിയ മൂന്ന് ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ രണ്ടാമത്തെ പതിപ്പ് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലുണ്ട്.

മൂന്നാമത്തെ പതിപ്പ് 2018 -ൽ പേഗി-ഡേവിഡ് റോക്ക്ഫെല്ലർ ശേഖരത്തിൽ നിന്ന് 8.41 മില്ല്യൺ ഡോളറിനാണ് ക്രിസ്റ്റീസ് ലേലത്തിൽ വിറ്റത്. 1931 -ൽ എടുത്ത ഒരു ഫോട്ടോയിലൂടെ മാത്രമായിരുന്നു ഈ ചിത്രം ഇതുവരെ കലാലോകത്തിന് പരിചിതമായിരുന്നത്. ജോർജിയ ഒകീഫിന്റെ സൃഷ്ടികൾ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിനാൽ, പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ വീണ്ടെടുക്കൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ലേലം എപ്പോൾ?

നവംബർ 17 -ന് ന്യൂയോർക്കിൽ നടക്കുന്ന ക്രിസ്റ്റീസിന്റെ '20 th Century Evening Sale' -ൽ ഈ ചിത്രം ലേലത്തിന് വെക്കും. ലേലത്തിന് മുന്നോടിയായി നവംബർ 7 മുതൽ ചിത്രം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും കുടുംബ ചെലവുകൾക്കുമായി നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വാൻഗോഗിന്റെ 'ദി സ്റ്റാറി നൈറ്റ്', പെയിന്റിം​ഗിലുള്ളത് ശരിക്കും അന്നത്തെ ആകാശമോ? പുതിയ കണ്ടെത്തല്‍
ഫ്രഞ്ച് മ്യൂസിയത്തിൽ നിന്ന് കവർന്ന റെനോയിർ പെയിന്റിംഗുകൾ വീണ്ടെടുത്തു: ലോകത്തെ വിറപ്പിച്ച ആർട്ട് മോഷണങ്ങൾ!