
ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയിന്റിംഗ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് വിലയായ $236.4 മില്യണിന്. ഇത് ലേലത്തിൽ ഇതുവരെ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വിലയേറിയ കലാസൃഷ്ടിയും, ലേലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലകൂടിയ ആധുനിക കലാസൃഷ്ടിയുമാണ്. ആറടി ഉയരമുള്ള, 'പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ' എന്ന പെയിന്റിംഗ്, ഓസ്ട്രിയൻ ചിത്രകാരനായ ക്ലിംറ്റ് 1914 -നും 1916 -നും ഇടയിൽ വരച്ചതാണ്. അതിൽ ക്ലിംറ്റിന്റെ രക്ഷാധികാരിയുടെ മകളും, അനന്തരാവകാശിയുമായ ലെഡററിനെയാണ് കാണുന്നത്. അവർ ഒരു ചൈനീസ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന സോത്ത്ബീസ് ലേലത്തിൽ ആറ് ലേലക്കാർ 20 മിനിറ്റ് നേരമാണ് ക്ലിംറ്റിന്റെ ഈ പ്രശസ്തമായ കലാസൃഷ്ടി സ്വന്തമാക്കാൻ വേണ്ടി മത്സരിച്ചത്. അതേസമയം, ഈ പെയിന്റിംഗ് ആരാണ് വാങ്ങിയത് എന്ന് സോത്ത്ബീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ എലിസബത്ത് ലെഡററുടെ ഈ ഛായാചിത്രം കൊള്ളയടിക്കുകയും തീപിടുത്തത്തിൽ അത് ഏതാണ്ട് നശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, 1948 -ൽ അത് ലെഡററുടെ സഹോദരൻ എറിച്ചിന് തിരികെ നൽകി. ക്ലിംറ്റിന്റെ സുഹൃത്തും സഹ കലാകാരനുമായ എഗോൺ ഷീലിന്റെ പെയിന്റിംഗിലും ഡ്രോയിംഗിലും സ്ഥിരം വിഷയമായിരുന്നു എറിച്ച്. 1983 -ൽ, മരണത്തിന് രണ്ട് വർഷം മുമ്പ്, അദ്ദേഹം അത് വിൽക്കുന്നതുവരെ, 'പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ' എറിച്ചിന്റെ കയ്യിൽ തന്നെ ആയിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശം ഇപ്പോഴും അവശേഷിക്കുന്ന ക്ലിംറ്റിന്റെ രണ്ട് മുഴുനീള ഛായാചിത്രങ്ങളിൽ ഒന്നാണ് ലേലത്തിൽ വിറ്റുപോയിരിക്കുന്ന ഈ ചിത്രം.