വാന്‍ ഗോഗിന്‍റെ കത്ത് വിറ്റു, വില ഒരുകോടി എഴുപതുലക്ഷം രൂപക്ക് മേലെ; വേശ്യാലയ സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശം

By Web TeamFirst Published Jun 18, 2020, 12:03 PM IST
Highlights

വാന്‍ ഗോഗ് മറ്റൊരു കലാകാരനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുന്നു എന്ന അപൂര്‍വതയും ഈ കത്തിനുണ്ട്.

കലാകാരന്മാരായ വിൻസെന്‍റ് വാൻ ഗോഗ്, പോൾ ഗോഗിൻ എന്നിവർ എഴുതിയ ഒരു കത്ത് 210,600 യൂറോയ്ക്ക് (ഏകദേശം ഒരുകോടി എഴുപതുലക്ഷം രൂപക്ക് മേലെ) ലേലത്തിൽ വിറ്റു. വേശ്യാലയങ്ങളിലേക്കുള്ള ഇരുവരുടെയും സന്ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു കത്ത്. വിൻസെന്‍റ് വാൻ ഗോഗ് ഫൗണ്ടേഷനാണ് പാരീസിലെ ഡ്രൗട്ട് ലേലശാലയിൽ ചൊവ്വാഴ്‍ച കത്ത് വാങ്ങിയത്. കലാകാരന്മാർ 1888 അവസാനത്തോടെ അവരുടെ സുഹൃത്ത് ഫ്രഞ്ച് ചിത്രകാരൻ എമിലി ബർണാഡിനെഴുതിയ കത്താണിത്. 37 -ാമത്തെ വയസ്സില്‍ വാന്‍ ഗോഗ് മരിക്കുന്നതിന് രണ്ടാഴ്‍ച മുമ്പ് എഴുതപ്പെട്ടതാണ് കത്ത്. 

അതിൽ, ഫ്രഞ്ച് നഗരമായ ആർലിസിൽ ഇരുവരും ഒരുമിച്ച് താമസിക്കുന്നതും ഒരുമിച്ച് പ്രവർത്തിക്കുന്നതും വിവരിച്ചിരിക്കുന്നു. ലോകമെമ്പാടും പ്രശസ്‍തരായ പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരായ വാൻ ഗോഗും ഗോഗിനും തങ്ങൾ 'കലയുടെ ഒരു വലിയ നവോത്ഥാന' ത്തിന് നേതൃത്വം നൽകുന്നുവെന്ന് കത്തിൽ പറയുന്നു. എന്നാല്‍, കലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ആര്‍ലിസില്‍ ഒരുമിച്ച് താമസിച്ചുവെങ്കിലും കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടാവുകയും ഗോഗിന്‍ അവിടം വിട്ടു പോവുകയുമായിരുന്നു. 

 

1-2 നവംബര്‍ 1888 എന്ന് തീയതിയെഴുതിരിക്കുന്ന കത്ത് എഴുതപ്പെടുന്നത് വാന്‍ ഗോഗ് കടുത്ത മാനസിക സംഘര്‍ഷത്തിനടിപ്പെടുന്നതിന് കുറച്ച് ആഴ്‍ചകള്‍ക്ക് മുമ്പാണ്. കടുത്ത വിഷാദവും മാനസികാസ്വസ്ഥ്യവും അലട്ടിയ അദ്ദേഹം തന്‍റെ ഇടതുചെവി മുറിച്ചുവെന്ന് കരുതപ്പെടുന്നതും ഈ സമയത്താണ്. 1890 -ല്‍ വാന്‍ ഗോഗ് സ്വന്തം ജീവന്‍ അവസാനിപ്പിക്കുകയും ചെയ്‍തു. 

ആംസ്റ്റര്‍ഡാമിലെ വാന്‍ ഗോഗ് മ്യൂസിയത്തില്‍ ഈ വര്‍ഷം അവസാനം കത്ത് പ്രദര്‍ശനത്തിന് വെക്കുമെന്ന് കരുതപ്പെടുന്നു. വാന്‍ ഗോഗ് മറ്റൊരു കലാകാരനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുന്നു എന്ന അപൂര്‍വതയും ഈ കത്തിനുണ്ട്. 'വാന്‍ ഗോഗ് എഴുതിയ ആ പ്രധാനപ്പെട്ട കത്ത് ഇപ്പോഴും സ്വകാര്യ കൈകളില്‍ തന്നെ' എന്നാണ് മ്യൂസിയം കത്തിനെ വിശേഷിപ്പിച്ചത്. 

ഈ കത്ത് സവിശേഷമാണെന്ന് ഡ്രൗട്ട് ലേലശാലയും പറയുന്നു. കാരണം കലാകാരന്മാര്‍, തങ്ങളുടെ പെയിന്‍റിംഗുകള്‍ കലയെ നവീകരിക്കുമെന്ന് ഉറപ്പിച്ചിരുന്നതിന്‍റെ തെളിവുകള്‍ കത്തിലുണ്ട് എന്നതു തന്നെ. ഭാവിതലമുറയ്ക്ക് മാത്രം മനസിലായേക്കാവുന്ന പെയിന്‍റിംഗുകളാണ് തങ്ങളുടേതെന്നതിനെ കുറിച്ച് വാന്‍ ഗോഗിനും ഗോഗിനും ഉറപ്പുണ്ടായിരുന്നതായും ഇതില്‍ നിന്നും മനസിലാക്കാം. 

വാന്‍ ഗോഗ് മ്യൂസിയം ഡയറക്ടര്‍ എമിലി ഗോര്‍ഡെന്‍കര്‍ പറയുന്നത്, ഇത്രയും പ്രധാനപ്പെട്ട ഒരു കത്ത് കണ്ടെത്തുകയും അത് പ്രദര്‍ശനത്തിന് വെക്കുകയും ചെയ്യുന്നുവെന്നത് തന്നെ വളരെയധികം ആവേശഭരിതയാക്കുന്നു എന്നുമാണ്. “വിൻസെന്‍റ് വാൻ ഗോഗ് ഫൗണ്ടേഷനിലൂടെ ഇതുപോലെ ശ്രദ്ധേയമായ ഒരു കത്ത് ഞങ്ങളുടെ ശേഖരത്തിൽ ചേർക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്‍ടരും നന്ദിയുള്ളവരുമാണ്, പ്രത്യേകിച്ച് ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ.” അവർ പറഞ്ഞു.

എന്താണ് കത്തില്‍ പറഞ്ഞിരിക്കുന്നത്? 

മഞ്ഞ വീട്ടില്‍ (യെല്ലോ ഹൗസ്) വാടകയ്ക്കെടുത്ത ഒരു അപാര്‍ട്‍മെന്‍റിലാണ് ഇരുവരും താമസിച്ചിരുന്നത്. ആ വീട്ടിലെ താമസത്തെ കുറിച്ച് വാന്‍ ഗോഗ് പലപ്പോഴും പരാമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് വളരെ ഇഷ്‍ടമുള്ള വീടായിരുന്നു അത്. ഒരുപാട് സുഹൃത്തുക്കളെ ഒരുമിച്ച് താമസിക്കാനും വര്‍ക്ക് ചെയ്യുവാനും ക്ഷണിച്ചിരുന്നുവെങ്കിലും ആരും എത്തിയിരുന്നില്ല. ഒടുവിലാണ് ഗോഗിന്‍ എത്തുന്നത്. 

 

'ഇനി നിനക്ക് താല്‍പര്യമുള്ള ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഇവിടെയുള്ള വേശ്യാലയങ്ങളില്‍ ഞങ്ങള്‍ ചില യാത്രകളൊക്കെ നടത്തിയിട്ടുണ്ട്. പയ്യെപ്പയ്യെ വരക്കാനായും ഞങ്ങള്‍ അവിടെ ചെല്ലുമെന്നാണ് കരുതുന്നത്.' നാല് പേജുകളുള്ള കത്തില്‍ വാന്‍ ഗോഗ് എഴുതുന്നു. 'ഞാന്‍ വരച്ച അതേ നൈറ്റ് കഫേ വരച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഗോഗിന്‍. പക്ഷേ, അതില്‍ വേശ്യാലയത്തില്‍ കണ്ട ചില ദൃശ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതൊരു മനോഹരമായ പെയിന്‍റിങ്ങായിരിക്കുമെന്ന് എനിക്കുറപ്പാണ്.' എന്നും വാന്‍ ഗോഗ് എഴുതുന്നു. 

സുഹൃത്തിനെ അഭിസംബോധന ചെയ്‍തെഴുതിയിരിക്കുന്ന കത്തില്‍ വാന്‍ ഗോഗും ഗോഗിനും തമ്മിലുള്ള സംഭാഷണവുമുണ്ട്. ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതിലുള്ള സംതൃപ്‍തിയും കത്തില്‍ കാണാം.

കത്തിൽ, വാൻ ഗോഗ് ഗോഗിനെ 'ഒരു കാട്ടുമൃഗത്തിന്റെ സഹജവാസനകളുള്ള കളങ്കമില്ലാത്ത സൃഷ്ടി' എന്നാണ് വിശേഷിപ്പിച്ചത്. ഗോഗിന്‍റെ കൂടെ ജോലി ചെയ്യുമ്പോള്‍ രക്തത്തിനും ശരീരത്തിനും വേണ്ടിയുള്ള അഭിലാഷത്തെ മറികടക്കാനാവുന്നു. എനിക്കറിയാം നിങ്ങള്‍ക്കവനെ എന്നെക്കാള്‍ നന്നായിട്ടറിയാം എന്ന്. എങ്കിലും ആദ്യത്തെ എന്‍റെ മതിപ്പ് ചുരുങ്ങിയ വാക്കുകളില്‍ പറയണം എന്ന് തോന്നി' എന്നും വാന്‍ഗോഗ് എഴുതുന്നു. 2020 ഒക്ടോബര്‍ 20 മുതല്‍ ആംസ്റ്റര്‍ഡാമിലെ വാന്‍ ഗോഗ് മ്യൂസിയത്തില്‍ മറ്റ് 40 ഡോക്യുമെന്‍റുകളുടെ കൂടെ ഈ കത്തും പ്രദര്‍ശിപ്പിക്കും. 

click me!