അപൂർണമായ ജീവിതത്തിന് അപൂർണമായ പെയിന്റിം​ഗ്, അനന്യയുടെ ഓർമ്മയിൽ ഉറങ്ങാതെ വരച്ച ചിത്രം, സമർപ്പിച്ച് സജിത ശങ്കര്‍

By Rini RaveendranFirst Published Sep 9, 2021, 1:19 PM IST
Highlights

അവളുടെ ആത്മഹത്യയ്ക്ക് ശേഷം അത് വളരെയധികം മുറിവാണുണ്ടാക്കിയത്. ദിവസങ്ങളോളം അനന്യയുടെ നിസ്സഹായാവസ്ഥയും ആത്മഹത്യയും എന്നെ അസ്വസ്ഥയാക്കി. ഉറക്കമില്ലാത്ത രാത്രികളാണ് ആ പെയിന്റിം​ഗിന്റെ പിറവിക്ക് കാരണം. 

അനന്യ കുമാരി അലക്സ്, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി. ആക്ടിവിസ്റ്റ്. എന്നാൽ, ചിരിച്ചുകൊണ്ട് ലോകത്തെ കാണാനിഷ്ടപ്പെട്ട അനന്യ ആത്മഹ​ത്യ ചെയ്ത വാർത്തയാണ് ജൂലൈ മാസത്തിൽ കേരളത്തിന് കേൾക്കേണ്ടി വന്നത്. ശസ്ത്രക്രിയയിൽ നടന്ന പാളിച്ചയെ തുടർന്ന് താനനുഭവിക്കുന്ന പകരമില്ലാത്ത വേദനകളെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയാണ് തോൽക്കാനിഷ്ടമല്ലാതിരുന്നിട്ടും അനന്യ ലോകം വിട്ടുപോയത്. തൊട്ടടുത്ത ദിവസം അവളുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. ഒരുപാട് സ്വപ്നങ്ങളുണ്ടായിട്ടും പാതിവഴിയിൽ അവയുപേക്ഷിച്ച് പോകേണ്ടി വന്ന അനന്യ നമുക്കൊരു മുറിവായി. അതിനേക്കാളുപരി ആ ആത്മഹത്യയിൽ നാമെല്ലാം പങ്കുകാരായി.

ഇപ്പോഴിതാ, അനന്യക്ക് വേണ്ടി പ്രശസ്ത ചിത്രകാരി സജിത ശങ്കർ തന്റെ അപൂർണമായ പെയിന്റിം​ഗ് അർപ്പിച്ചിരിക്കുകയാണ്. 'അപൂർണമായ ജീവിതത്തിന് അപൂർണമായ പെയിന്റിം​ഗ്' എന്നാണ് പെയിന്റിം​ഗ് സമർപ്പിച്ചു കൊണ്ട് സജിത ശങ്കർ പറഞ്ഞത്. താനത് വരയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സജിത ശങ്കർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. ‌

അനന്യയുടെ മരണം എന്നെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. മൂന്നുനാല് ദിവസം ആ വാർത്ത കേട്ട് എനിക്കുറങ്ങാൻ കഴിഞ്ഞില്ല. അവളനുഭവിച്ച വേദനകളെ കുറിച്ച് അനന്യ തന്നെ തുറന്ന് പറയുന്നത് നാമെല്ലാവരും കേട്ടതാണ്. അവളുടെ ആത്മഹത്യയ്ക്ക് ശേഷം അത് വളരെയധികം മുറിവാണുണ്ടാക്കിയത്. ദിവസങ്ങളോളം അനന്യയുടെ നിസ്സഹായാവസ്ഥയും ആത്മഹത്യയും എന്നെ അസ്വസ്ഥയാക്കി. ഉറക്കമില്ലാത്ത രാത്രികളാണ് ആ പെയിന്റിം​ഗിന്റെ പിറവിക്ക് കാരണം. 

സജിത ആര്‍. ശങ്കര്‍

പിന്നെ, അനന്യയുടെ ആത്മഹത്യയ്ക്ക് കാരണം ഈ സമൂഹം കൂടിയാണ്. നൂറുശതമാനം സാക്ഷരതയുണ്ട് നമുക്ക് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ട്രാൻസ്ജെൻഡർ വ്യക്തികളെ ഇന്നും സമൂഹത്തിന് അം​ഗീകരിക്കാനാവുന്നില്ല. അവരെ അവരായി ജീവിക്കാൻ സമൂഹം അനുവദിക്കുന്നില്ല. അതിനാലാണ് അവർക്ക് സർജറി ചെയ്യേണ്ടി വരുന്നത്, വേദനിക്കേണ്ടി വരുന്നത്, ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. അവരുടെ മരണം എന്നിട്ടുപോലും കേരള സമൂഹത്തെ വേണ്ടത്ര സ്പർശിച്ചിട്ടില്ല. മാധ്യമങ്ങൾ പോലും അതിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല. 

അനന്യയുടെ ആത്മഹത്യ മാത്രമല്ല നാം കണ്ടത്. അതിനുശേഷമുള്ള ദിവസം അവളുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യകളിൽ സർജറിയിലെ പാളിച്ചകൾക്ക് പങ്കുണ്ട്. അതുപോലെ ഈ സമൂഹത്തിനാകെയും പങ്കുണ്ട്. അതിനോടുള്ള പ്രതികരണം കൂടിയാണ് ഈ പെയിന്റിം​ഗ്. അനന്യയുടെ മരണമറിഞ്ഞ് പിറ്റേദിവസം വരച്ചു തുടങ്ങിയതാണ്. എന്നാല്‍, ഈ മാസം നാലിനാണ് പൂര്‍ത്തിയായത്. ഇത് അനന്യയ്ക്കുള്ള എന്റെ റിച്ച്വലാണ്.

click me!