ക്യാമറകൾ വാങ്ങിക്കൂട്ടി ലോക റെക്കോർഡ് നേടിയ ഫോട്ടോ​ഗ്രാഫർ ഇനി ഓർമ്മ

By Web TeamFirst Published Feb 3, 2023, 2:03 PM IST
Highlights

പരേഖിന്റെ പിതാവിന് 600 ക്യാമറകൾ അടങ്ങിയ ഒരു ശേഖരമുണ്ടായിരുന്നു. അവിടെ നിന്നുമാണ് ക്യാമറയോടുള്ള അദ്ദേഹത്തിന്റെ പ്രണയവും ഉണ്ടായി വന്നത്. ആ ശേഖരത്തിലേക്ക് തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം ഒട്ടും താമസിച്ചില്ല. 

ലോകത്തിലെ തന്നെ ഏറ്റവും അധികം ആന്റിക് ക്യാമറകളുടെ ശേഖരം. ദിലിഷ് പരേഖ് എന്ന മുംബൈ സ്വദേശിയെ ലോകത്ത് വ്യത്യസ്തനാക്കിയിരുന്നത് അതാണ്. ഒപ്പം ആ നേട്ടത്തിന് ലോക്ക റെക്കോർഡും. ആ ഫോട്ടോ​ഗ്രാഫർ ഇനി ഓര്‍മ്മ. മുംബൈയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരേഖിന്റെ അന്ത്യം. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. 

ഫ്രീലാൻസ് ഫോട്ടോ​ഗ്രാഫറായിട്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. 2,634 ആന്റിക് ക്യാമറകൾ കൈവശമുള്ളയാൾ എന്ന നിലയിൽ 2003 -ൽ അദ്ദേഹം ഒരു ലോകനേട്ടം സ്വന്തമാക്കി. പിന്നീട്, 2013 -ൽ 4,425 ക്യാമറകളുമായി തന്റെ തന്നെ റെക്കോർഡ് അദ്ദേഹം മറികടന്നു. 

1977 -ലാണ് ക്യാമറകൾ ശേഖരിക്കുക എന്ന ഹോബി അദ്ദേഹം ആരംഭിക്കുന്നത്. ലോകത്ത് പല ഭാ​ഗത്ത് നിന്നുമായി വിവിധ വലിപ്പത്തിലും രൂപത്തിലും ഉള്ള അനേകം ക്യാമറകൾ അദ്ദേഹം ശേഖരിച്ചു. പരേഖിന്റെ ഈ ആകർഷണീയമായ ശേഖരത്തിൽ റോളിഫ്‌ളെക്‌സ്, കാനോൺ‍, നിക്കോണ്‍ തുടങ്ങിയ കമ്പനികളുടെ ക്യാമറകളെല്ലാം ഉൾപ്പെടുന്നു. അതുപോലെ തന്നെ 1907 -നും 1915 -നും ഇടയിലായി നിര്‍മ്മിച്ച റോയല്‍ മെയില്‍ സ്റ്റാമ്പ് ക്യാമറയും അദ്ദേ​ഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.

പരേഖിന്റെ പിതാവിന് 600 ക്യാമറകൾ അടങ്ങിയ ഒരു ശേഖരമുണ്ടായിരുന്നു. അവിടെ നിന്നുമാണ് ക്യാമറയോടുള്ള അദ്ദേഹത്തിന്റെ പ്രണയവും ഉണ്ടായി വന്നത്. ആ ശേഖരത്തിലേക്ക് തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം ഒട്ടും താമസിച്ചില്ല. 

അധികം വൈകാതെ തന്നെ അനേകം ക്യാമറകൾ അ​ദ്ദേഹം വാങ്ങിക്കൂട്ടി. ആദ്യകാലത്ത് താൻ ആയിരം രൂപയ്ക്ക് മുകളിൽ വിലയുള്ള ക്യാമറ വാങ്ങിയിരുന്നില്ല എന്ന് അദ്ദേഹം തന്നെ നേരത്തെ പറഞ്ഞിരുന്നു. തന്റെ കയ്യിൽ ഇല്ലാത്ത ക്യാമറകൾ ഇല്ല എന്ന് എക്കാലവും അദ്ദേഹത്തിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിൽ അദ്ദേഹം ഏറെ അഭിമാനിക്കുകയും ചെയ്തിരുന്നു. 
 

click me!