ചൈനയിലെ സാംസ്‍കാരിക വിപ്ലവകാലത്തെ ക്രൂരപീഡനത്തിന്‍റെ ചിത്രങ്ങള്‍ ലോകത്തിന് നല്‍കിയ ഫോട്ടോഗ്രാഫര്‍

By Web TeamFirst Published Jun 29, 2020, 3:40 PM IST
Highlights

ലി -ക്ക് നേരെയുണ്ടായ ഗൂഢാലോചനയുടെയും സംശയത്തിന്‍റെയും ഫലമായി അദ്ദേഹവും ഭാര്യയും നിര്‍ബന്ധിത ജോലിക്ക് അയക്കപ്പെട്ടു. പക്ഷേ, വീട്ടില്‍ റെയ്‍ഡ് നടക്കുന്ന സമയത്തുപോലും അദ്ദേഹം താന്‍ പകര്‍ത്തിയ ആ ചിത്രങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. 

ഫോട്ടോഗ്രാഫര്‍ ലി സെങ്ഷെങ്ങ് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്‍ച ആദ്യമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനമായ ചിത്രങ്ങള്‍ പകര്‍ത്തിയ വ്യക്തി എന്നാണ് അദ്ദേഹത്തെ കാലം അടയാളപ്പെടുത്തുക. 1966 -ല്‍ മാവോ സെ തുങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനയിലുണ്ടായ സാംസ്‍കാരിക വിപ്ലവ സമയത്തെ ആരും പകര്‍ത്താത്ത ചിത്രങ്ങള്‍ പകര്‍ത്തിയ ആ ഫോട്ടോഗ്രാഫര്‍ക്ക് ലോകമെമ്പാടുനിന്നും ആളുകള്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തന്‍റെ എഴുപത്തിയൊമ്പതാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. കോണ്ടാക്റ്റ് പ്രസ്സ് ഇമേജസ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ മരണം ലോകത്തെ അറിയിച്ചത്. മരണത്തിനുശേഷം അദ്ദേഹം പകര്‍ത്തിയ ചരിത്രപരമായ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അത് ലോകത്തിന് മുമ്പില്‍ ഒരു കാലത്തെത്തന്നെ വെളിപ്പെടുത്തുന്നതായിരുന്നു. മാവോ സെ തുങ്ങിന്‍റെ സാംസ്‍കാരിക വിപ്ലവകാലത്തെ... 

1968 -ല്‍ വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന ചിത്രമായിരുന്നു അതില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന ഒന്ന്. മറ്റൊരു ചിത്രം ലി ഫാന്‍വു എന്ന പ്രവിശ്യാ ഗവര്‍ണറെ തല മൊട്ടയടിച്ച് കഴുത്തില്‍ എഴുത്തും തൂക്കി മാവോയുടെ ചിത്രത്തിനു മുന്നില്‍ മണിക്കൂറുകളോളം കുനിച്ചു നിര്‍ത്തിയതിന്‍റെയായിരുന്നു. 1990 -ലാണ് ലി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നത്. പാശ്ചാത്യമാധ്യമലോകം സാംസ്‍കാരിക വിപ്ലവകാലത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതും അക്കാലത്തായിരുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിനും പതിനായിരക്കണക്കിനുപേരെ പീഡിപ്പിക്കുകയും ചെയ്‍തിരുന്ന സമയത്തെ ചിത്രങ്ങളായിരുന്നു ലി -യുടേത്. ആ ദൃശ്യങ്ങള്‍ അതുവഴി ലോകത്തെങ്ങും ആളുകള്‍ കണ്ടു. 

ഭരണകൂടത്തിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള Heilongjiang Daily newspaper -ന്‍റെ അക്രഡിറ്റഡ് ഫോട്ടോഗ്രാഫറായിരുന്നു അക്കാലത്ത് ലി. 1966 മെയ് മുതൽ രാജ്യത്തെ പിടിച്ചടക്കിയ വിപ്ലവകരമായ ആവേശം രേഖപ്പെടുത്താനാണ് ലിയെ അന്ന് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന് പകര്‍ത്തേണ്ടിയിരുന്ന ചിത്രങ്ങളിൽ ആവേശഭരിതരായ യുവാക്കളും റെഡ് ഗാര്‍ഡുകളും ഉണ്ടായിരുന്നു. പോസ്റ്ററുകളും മാവോസൂക്തങ്ങളുമുണ്ടായിരുന്നു. എന്നാല്‍, അതേസമയം തന്നെ ലി -യുടെ ക്യാമറകള്‍ മറ്റ് ചില ചിത്രങ്ങള്‍ കൂടി പകര്‍ത്തുകയുണ്ടായി. അവയെല്ലാം ആ കാലത്ത് ചൈനയില്‍ നടന്ന ക്രൂരമായ പീഡനങ്ങളുടേതായിരുന്നു. എതിര്‍ക്കുന്നവരോ, ശത്രുക്കളോ ഒക്കെ വഴിയരികില്‍പ്പോലും ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നു. അവയെല്ലാം ആ ക്യാമറ പകര്‍ത്തി... എന്നാല്‍, പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് അന്ന് പുറംലോകം കാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. എങ്ങാനും അവ അധികാരികളുടെ കയ്യിലെത്തിയാല്‍ മരണമായിരിക്കും ഫലം. അതുകൊണ്ട്, നെഗറ്റീവുകളായിത്തന്നെ അവയെല്ലാം അവശേഷിച്ചു. കാലങ്ങളോളം അദ്ദേഹം അത് എവിടെയും പ്രസിദ്ധീകരിക്കുകയോ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയോ ഉണ്ടായില്ല. മാവോ -യുടെ മരണം വരെ അതൊരാളും കണ്ടതുമില്ല. ആ പത്രത്തിലെ ഔദ്യോഗിക പത്രപ്രവര്‍ത്തകനായിത്തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചുപോന്നു. അല്ലാത്തപക്ഷം, ക്യാമറയുമായി കണ്ടാല്‍ ആള്‍ക്കൂട്ടം തന്നെ അക്രമിച്ചുകൊലപ്പെടുത്തിയേക്കുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. 

ആരായിരുന്നു ലി ?

1940 -ല്‍ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനിലാണ് ലി ജനിക്കുന്നത്. അതന്ന് ജാപ്പനീസ് ഭരണത്തിന് കീഴിലായിരുന്നു. പത്താമത്തെ വയസ്സില്‍ മാത്രമാണ് ലി- ക്ക് സ്‍കൂള്‍ പഠനം ആരംഭിക്കാനാവുന്നത്. അവന് മൂന്നുവയസുള്ളപ്പോള്‍ അവന്‍റെ അമ്മ മരിച്ചു. ശേഷം കുഞ്ഞ് ലി അച്ഛനെ പണിയില്‍ സഹായിച്ചുപോന്നു. എന്നാല്‍, പത്താം വയസ്സില്‍ സ്‍കൂളില്‍ ചേര്‍ത്തപ്പോള്‍ മുതല്‍ മിടുക്കനായി പഠിക്കുകയും ചെയ്‍തു. 1963 -ല്‍ പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലി നോക്കുന്നതിന് മുമ്പ് അദ്ദേഹം പഠിച്ചത് സിനിമാറ്റോഗ്രഫിയാണ്. 1966 -ലെ സാംസ്‍കാരിക വിപ്ലവം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, അക്കാലത്തെ പല ചെറുപ്പക്കാരെയും പോലെ അദ്ദേഹത്തെയും ഗ്രാമപ്രദേശങ്ങളിൽ റീഎജ്യുക്കേഷനായി അയച്ചിരുന്നു. അതിനും ശേഷമാണ് അദ്ദേഹം പത്രത്തിലെ ഫോട്ടോഗ്രാഫറായി ജോലിക്ക് കയറുന്നതും പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതുമായ ചിത്രങ്ങള്‍ പകര്‍ത്തിയതും. എന്നാല്‍, ഒരുപാടുകാലമൊന്നും അദ്ദേഹത്തിന് അങ്ങനെ മുന്നോട്ടുപോവാനായില്ല.

ലി -ക്ക് നേരെയുണ്ടായ ഗൂഢാലോചനയുടെയും സംശയത്തിന്‍റെയും ഫലമായി അദ്ദേഹവും ഭാര്യയും നിര്‍ബന്ധിത ജോലിക്ക് അയക്കപ്പെട്ടു. പക്ഷേ, വീട്ടില്‍ റെയ്‍ഡ് നടക്കുന്ന സമയത്തുപോലും അദ്ദേഹം താന്‍ പകര്‍ത്തിയ ആ ചിത്രങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. അവ പിടിച്ചെടുത്താല്‍ ജീവന്‍ വരെ പോകാമെന്ന് ഉറപ്പുണ്ടായിട്ടും അവ അദ്ദേഹം അപാര്‍ട്‍മെന്‍റില്‍ത്തന്നെ ഒരിടത്ത് ഒളിപ്പിച്ചു. ഏതായാലും രണ്ട് വര്‍ഷത്തോളമായിരുന്നു നിര്‍ബന്ധിത ജോലി.

1980 -കളുടെ അവസാനമായപ്പോഴേക്കും, മാവോയെ പരസ്യമായി വിമർശിക്കുന്നത് കൂടുതൽ സ്വീകാര്യമായിത്തുടങ്ങിയിരുന്നു. പിന്നീട് ലി ബെയ്‍ജിംഗിലെ യൂണിവേഴ്‍സിറ്റിയില്‍ പ്രൊഫസറായി. 1980 -കളിലായിരുന്നു ഇത്. ആ സമയത്ത് ബെയ്‍ജിംഗിലെ ഒരു ഫോട്ടോഗ്രഫി ഇവന്‍റില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ആ സമയത്താണ് കോണ്ടാക്ട് പ്രസ് ഇമേജിലെ റോബര്‍ട്ട് പ്ലെഡ്‍ജ് അദ്ദേഹത്തെ കണ്ടുമുട്ടുന്നതും ആ ചിത്രങ്ങള്‍ കാണുന്നതും. പിന്നീട് അവര്‍ ലി -യുടെ ചിത്രങ്ങള്‍ വെച്ച് ഒരു പുസ്‍തകം പ്രസിദ്ധീകരിച്ചു. അതാണ് റെഡ് കളര്‍ ന്യൂസ് സോള്‍ജിയര്‍ (Red-colour News Soldier). 2003 -ലാണിത്. പിന്നീട്, നിരവധി ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തുകയും ചെയ്‍തു. 

2018 -ല്‍ ഹോങ്കോങ്ങില്‍ ചൈനീസ് ഭാഷയില്‍ തന്നെ പുസ്‍തകം പ്രസിദ്ധീകരിച്ചു. എന്നാല്‍, ചൈനയില്‍ പുസ്‍തകത്തിന് വിലക്കേര്‍പ്പെടുത്തി. വിവിധ സര്‍വകലാശാലകളിലും അദ്ദേഹം സംസാരിക്കാറുണ്ട്. എന്നാല്‍പ്പോലും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ചൈനയിലിപ്പോഴും വിലക്കില്‍ തന്നെയാണ്. 'സാംസ്‍കാരിക വിപ്ലവം നടന്നത് ചൈനയിലാണ്. പക്ഷേ, സാംസ്‍കാരിക വിപ്ലവത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ മറ്റ് രാജ്യങ്ങളിലാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. ഇത് ചൈനയെ കാര്യമായി സ്വാധീനിക്കുന്നില്ല. എനിക്കത് അംഗീകരിക്കാൻ കഴിയില്ല' എന്ന് ലി 2018 -ൽ സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞിരുന്നു. 'എന്‍റെ ഫോട്ടോകൾ എടുത്തത് ചൈനയില്‍ നിന്നാണ്. സാംസ്‍കാരിക വിപ്ലവം അനുഭവിച്ചാലും ഇല്ലെങ്കിലും എന്‍റെ വായനക്കാരും ചൈനയിലെ പ്രധാന ഭൂപ്രദേശത്ത് നിന്നുള്ളവരായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്നും അന്ന് അദ്ദേഹം പറയുകയുണ്ടായി. എങ്കില്‍പ്പോലും എത്രത്തോളം ചൈനയില്‍ അദ്ദേഹത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ട് എന്നത് സംശയകരമാണ്. 

ഒരു കാലഘട്ടത്തെ തന്നെ അനേകങ്ങളായ ചിത്രങ്ങളായി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ ഒരാളാണ് മരിച്ചിരിക്കുന്നത്. മരണശേഷം തന്‍റെ സുഹൃത്തുക്കൾക്ക് ഒരു സന്ദേശം അയക്കണമെന്ന് ലി തന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ആ സന്ദേശം ഇങ്ങനെയായിരുന്നു: ചരിത്രത്തെ അടയാളപ്പെടുത്താനായിട്ടാണ് ഞാനെന്‍റെ ജീവിതകാലം മുഴുവന്‍ സമര്‍പ്പിച്ചത്. ഇനി ഞാനും ചരിത്രത്തില്‍ വിശ്രമിക്കട്ടെ എന്നതായിരുന്നു ആ സന്ദേശം. 
 

click me!