രാജാ രവിവർമ്മയുടെ 'യശോദയും കൃഷ്ണനും' എന്ന ചിത്രം 167.20 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയി, ഒരു ഇന്ത്യൻ കലാസൃഷ്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ദില്ലിയിൽ നടന്ന സാഫ്രോണ്‍ ആർട്ട് സ്പ്രിങ് ലേലത്തിൽ 19 -ാം നൂറ്റാണ്ടിൽ വരച്ച ഈ ചിത്രം സ്വന്തമാക്കിയത്.

ന്ത്യൻ ചിത്രകലയ്ക്ക് പുതിയ ഭാവുകത്വം നൽകിയ രാജാ രവിവർമ്മയുടെ ചിത്രം ഒരു ഇന്ത്യൻ കലാസൃഷ്ടിക്ക് ലഭിച്ച ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റ് പോയി. 167.20 കോടി രൂപയ്ക്കാണ് (17.9 Million Dollar) യശോദയും കൃഷ്ണനും എന്ന ചിത്രം വിറ്റ് പോയത്. ബുധനാഴ്ച ദില്ലിയിൽ നടന്ന സാഫ്രോണ്‍ ആർട്ട് സ്പ്രിങ് ലേലത്തിലാണ് റെക്കോർഡ് വിലയ്ക്ക് ചിത്രം വിറ്റ് പോയത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിൽ ഒന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ചിത്രം ഇത്രയും ഉയർന്ന വിലയ്ക്ക് വാങ്ങിയത്.

പുതിയ റെക്കോർഡ്

കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റ എം എഫ് ഹുസൈന്‍റെ അൺടൈറ്റിൽഡ് (ഗ്രാം യാത്ര) ചിത്രത്തിന്‍റെ റിക്കോർഡ് ഇതോടെ പഴങ്കതയായി. രാജാ രവിവർമ്മ 1800 -കളിൽ വരച്ചതെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ പശുവിനെ കറക്കുന്ന യശോദയെ കെട്ടിപ്പിടിച്ച് പാലിനായി ഗ്ലാസ് നീട്ടുന്ന കൃഷ്മനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന് ലോകത്തെ ചിത്രവിപണിയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഈ ചിത്രത്തിന് ലഭിച്ചത്.

ദേശീയ നിധി

രാജാ രവിവർമ്മയുടെ തനത് ശൈലിയിലുള്ള ചിത്രം സ്വന്തമാക്കിയത് ഭാഗ്യമായി കരുതുന്നെന്ന് ലേലത്തിന് ശേഷം സൈറസ് പൂനവാല പറഞ്ഞു. ഒരു 'ദേശീയ നിധി' എന്നാണ സൈറസ് ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രം പൊതുജനങ്ങൾക്ക് കാണാനായി അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാ രവിവർമ്മയുടെ ചിത്രത്തിന് ലഭിച്ച വില, ഇന്ത്യൻ, ദക്ഷിണേഷ്യൻ കലകൾക്ക് ലോകമാർക്കറ്റിലുള്ള ആവശ്യകത വർദ്ധിച്ചുവരുന്നതിന്‍റെയും ആർട്ട് കളക്ടർമാർ ചിത്രങ്ങളുടെ വിലകൾ ഉയർത്തുന്നതും വിൽപ്പനയിലും റെക്കോർഡുകളിലുമുണ്ടായ കുതിച്ചുചാട്ടം എടുത്തുകാണിക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.