വില 450 കോടിയിലേറെ, 23 വര്‍ഷംമുമ്പ് അപ്രത്യക്ഷമായ ചിത്രം ഒടുവില്‍ കണ്ടെത്തിയത് കാണാതായ ചുമരിന് തൊട്ടുപിന്നിലെ അറയില്‍നിന്ന്

By Web TeamFirst Published Dec 16, 2019, 2:24 PM IST
Highlights

1917 -ൽ ഗുസ്‍താവ് ക്ലിംറ്റ് എന്ന ലോക പ്രശസ്‍ത ചിത്രകാരൻ വരച്ച അതിമനോഹരമായ ഒരു എണ്ണച്ചായാചിത്രമാണ് 'പോർട്രെയിറ്റ് ഓഫ് എ ലേഡി'. ക്ലിംറ്റിന്‍റെ അകാലത്തിൽ വേർപ്പെട്ടുപോയ പ്രണയിനിയുടെ ഓർമ്മക്കായി വരച്ച ചിത്രമാണ് ഇത്.

ഇറ്റലിയിലെ ഒരു ഗ്യാലറിയിൽ 23 വർഷം മുമ്പ് മോഷണം പോയി എന്ന് കരുതിയ വിലകൂടിയ ഒരു പെയിന്‍റിംഗ് അത്ഭുതകരമായി കണ്ടെത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കുന്ന 'പോർട്രെയിറ്റ് ഓഫ് എ ലേഡി'യുടെ തിരോധാനം ഒരു നിഗൂഢതയായി തുടരുകയായിരുന്നു. ചിത്രം പ്രദർശിപ്പിച്ചിരുന്ന ചുമരിന്‍റെ അകത്തുള്ള ഒരു അറയിൽ നിന്നാണ് ഏകദേശം 50 മില്യൺ പൗണ്ട് (450 കോടിയിലേറെ രൂപ) വിലമതിക്കുന്ന ചിത്രം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 23 വർഷക്കാലം ഈ ചിത്രത്തിനായി ലോകം മുഴുവൻ അന്വേഷിച്ചുനടക്കുമ്പോൾ അത് പ്രദർശിപ്പിച്ചിരുന്ന ഗാലറിയിലെ ചുമരിനകത്ത് തന്നെ ഭദ്രമായി ഇരിക്കുകയായിരുന്നു എന്നത് തീർത്തും അത്ഭുതകരമാണ്. മാത്രവുമല്ല, യാതൊരു കേടുപാടും ചിത്രത്തിനില്ല എന്നതും അദ്ഭുതമാണ്.

ഇവിടത്തെ തോട്ടക്കാരനാണ് ഗാലറിയുടെ ചുമരിലെ വള്ളിപ്പടർപ്പുകളിൽ മറഞ്ഞിരുന്ന ഇത് കണ്ടെത്തിയത്. ഒരുദിവസം അയാൾ ഗാലറിയുടെ പുറംഭിത്തിയിലെ വള്ളിപ്പടർപ്പുകൾ വൃത്തിയാക്കുക്കുകയായിരുന്നു. പെട്ടെന്നാണ് ചുമരിൽ ഒരു അറപ്പോലെ എന്തോ ഒന്ന് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അത്രയുംകാലം നിഗൂഢമായിരുന്ന ഒരു വലിയ രഹസ്യമാണ് അത് തുറന്നപ്പോൾ പുറത്തുവന്നത്. എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന അപൂർവചിത്രം അങ്ങനെ ലോകത്തിനുമുന്നില്‍ വെളിപ്പെട്ടു. തീർത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ പാഴ്വസ്‍തുക്കൾക്കിടയിൽ ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'പോർട്രെയിറ്റ് ഓഫ് എ ലേഡി' 23 വർഷക്കാലം വെളിച്ചം കാണാതെ മറഞ്ഞിരിക്കുകയായിരുന്നു.

1917 -ൽ ഗുസ്‍താവ് ക്ലിംറ്റ് എന്ന ലോക പ്രശസ്‍ത ചിത്രകാരൻ വരച്ച അതിമനോഹരമായ ഒരു എണ്ണച്ചായാചിത്രമാണ് 'പോർട്രെയിറ്റ് ഓഫ് എ ലേഡി'. ക്ലിംറ്റിന്‍റെ അകാലത്തിൽ വേർപ്പെട്ടുപോയ പ്രണയിനിയുടെ ഓർമ്മക്കായി വരച്ച ചിത്രമാണ് ഇത്.

ഗാലറി നവീകരണത്തിന്‍റെ ഇടയിലാണ് 1997 ഫെബ്രുവരി 22 -ന് ഈ ചിത്രം മോഷണം പോയത്. പെയിന്‍റിംഗ് അപ്രത്യക്ഷമായതിന് തൊട്ടുപിന്നാലെ, ഗാലറിയുടെ സ്കൈലൈറ്റിന് സമീപം പെയിന്റിംഗിന്‍റെ ഫ്രെയിം കണ്ടെത്താനായി. മോഷ്‍ടാക്കൾ മുകളിലുള്ള ജനൽപ്പാളിവഴി കടന്നിരിക്കാം എന്ന നിഗമനത്തിലെത്താൻ പൊലീസിനെ ഇത് സഹായിച്ചു. എന്നിരുന്നാലും ചിത്രത്തെ കുറിച്ച് കൂടുതലായൊന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. നഷ്ടപ്പെട്ടുപോയ ആ ചിത്രം എങ്ങനെ ഗാലറിയുടെ അറക്കുള്ളിൽ വന്നുവെന്നത് ഇപ്പോഴും ആർക്കും അറിയില്ല.   

കണ്ടെടുത്ത പെയിന്റിംഗിന്‍റെ പിൻഭാഗത്തെ സമാന സ്റ്റാമ്പുകളും സീലിംഗ് വാക്സും ഇത് ഒറിജിനൽ ചിത്രം തന്നെയാണ് എന്ന് തെളിയിക്കുന്നു. “ഇത് വളരെ വിചിത്രമായി തോന്നുന്നു. കാരണം മോഷണം നടന്നയുടനെ ഗാലറിയുടെയും പൂന്തോട്ടത്തിന്‍റെയും മുക്കും മൂലയും അരിച്ചുപെറുക്കിയതാണ്. അപ്പോഴൊന്നും ഇത് കണ്ടെത്താനായില്ല. ഇപ്പോൾ ഇതെങ്ങനെ ഇവിടെവന്നു എന്നത് തീർത്തും അതിശയകരമായി തോന്നുന്നു.” ആർട്ട് ഗാലറിയിയുടെ നടത്തിപ്പുകാരിൽ ഒരാളായ ജോനാഥൻ പപ്പമേറെംഗി പറഞ്ഞു. 22 വർഷമായി വെളിച്ചം കാണാതെ കിടന്നിരുന്ന ഈ ചിത്രത്തിന് പക്ഷെ ഒരു കേടുപാടുപോലും സംഭവിയ്ക്കാത്തിരുന്നത് തീർത്തും വിചിത്രമായ കാര്യമാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഈ ചിത്രം കണ്ടെത്താനായതിൽ അതിയായ സന്തോഷം ഉണ്ടെന്നും അധികൃതർ പറഞ്ഞു. ഇത് ആഘോഷിക്കുന്നതിനും പെയിന്‍റിംഗ് പ്രദർശിപ്പിക്കുന്നതിനുമായി ഗാലറി ഒരു എക്സിബിഷൻ ആസൂത്രണം ചെയ്യുകയാണ്. 


 

click me!