150 വർഷം പഴക്കമുള്ള പെയിന്റിം​ഗിൽ സ്മാർട്ട് ഫോണിൽ നോക്കി വരുന്ന യുവതിയോ? ടൈം ട്രാവലിം​ഗ് എന്ന് സോഷ്യൽ മീഡിയ

By Web TeamFirst Published Oct 9, 2022, 2:40 PM IST
Highlights

ഇതിൽ ഒരു ​ഗ്രാമപ്രദേശത്തു കൂടെ ഒരു സ്ത്രീ നടന്നു വരികയാണ്. സ്ത്രീയുടെ കയ്യിൽ ഫോൺ പോലെ എന്തോ ഒന്ന് കാണാം. ഒറ്റനോട്ടത്തിൽ യുവതി ഫോണിൽ സ്ക്രോൾ ചെയ്ത് വരുന്നതാണ് എന്നേ തോന്നൂ. 

2007 -ലാണ് ഐഫോൺ വരുന്നത്. എന്നാൽ, ഒരു നൂറ്റാണ്ട് മുന്നേയുള്ള ഒരു ചിത്രത്തിൽ ഐഫോൺ ഉണ്ട് എന്നും ഇത് ടൈം ട്രാവലിം​ഗ് ആണ് എന്നും പറഞ്ഞ് വലിയ തരത്തിലുള്ള ചർച്ചകൾ നടത്തുകയാണ് നെറ്റിസൺസ്. ഈ പെയിന്റിം​ഗ് 1860 -ൽ നിന്നും ഉള്ളതാണ്. അതിൽ ഒരു സ്ത്രീ നടന്നു വരുന്നത് കാണാം. അതിൽ സ്ത്രീയുടെ കയ്യിലുള്ളത് ആപ്പിൾ ഫോൺ ആണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

'ദ എക്സ്പെക്ടഡ് വൺ' എന്നാണ് ഈ പെയിന്റിം​ഗിന്റെ പേര്. ഫെർഡിനാൻഡ് ജോർജ്ജ് വാൾഡ്മുള്ളർ ആണ് ഈ പെയിന്റിം​ഗ് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ​ഗ്രാമപ്രദേശത്തു കൂടെ ഒരു സ്ത്രീ നടന്നു വരികയാണ്. സ്ത്രീയുടെ കയ്യിൽ ഫോൺ പോലെ എന്തോ ഒന്ന് കാണാം. ഒറ്റനോട്ടത്തിൽ യുവതി ഫോണിൽ സ്ക്രോൾ ചെയ്ത് വരുന്നതാണ് എന്നേ തോന്നൂ. 

അവൾ കാര്യമായി കയ്യിലുള്ള വസ്തുവിലേക്കാണ് നോക്കുന്നത്. അതേ സമയം തൊട്ടടുത്തായി ഒരു പുരുഷൻ കയ്യിൽ പിങ്ക് നിറമുള്ള പൂക്കളുമായി അവളെ കാത്തിരിക്കുന്നത് കാണാം. ഈ പെയിന്റിംഗ് നിലവിൽ ജർമ്മനിയിലെ മ്യൂണിക്കിലെ ന്യൂ പിനാകോതെക്കിലാണ് പ്രദർശനത്തിന് വച്ചിരിക്കുന്നത്. അക്കാലത്തെ മറ്റ് പെയിന്റിം​ഗുകൾക്കൊപ്പമാണ് ഇതും ഉള്ളത്. റിട്ട. പ്രാദേശിക ഗ്ലാസ്‌ഗോ ഗവൺമെന്റ് ഓഫീസർ പീറ്റർ റസ്സൽ തന്റെ പങ്കാളിയുമായി ഗാലറി സന്ദർശിക്കുകയായിരുന്നു. അപ്പോഴാണ് ഈ പെയിന്റിം​ഗ് ശ്രദ്ധിക്കുന്നത്. യുവതി കയ്യിൽ പിടിച്ചിരിക്കുന്നത് ഫോൺ ആണോ എന്ന ചിന്ത വരുന്നത് അവിടെ നിന്നുമാണ്. 

പീറ്റർ റസ്സൽ പറയുന്നത് 1850 -ലോ 1860 -ലോ ഒരാൾ ഈ ചിത്രം കാണുകയാണെങ്കിൽ അവർ യുവതിയുടെ കയ്യിൽ വല്ല പ്രാർത്ഥനാ പുസ്തകമോ മറ്റോ ആണെന്നേ കരുതൂ. എന്നാൽ, ഇന്ന് ഈ ചിത്രം കാണുന്നവർക്ക് അത് ചിലപ്പോൾ സ്മാർട്ട് ‍ഫോണിൽ സ്ക്രോൾ ചെയ്ത് കൊണ്ട് യുവതി നടന്നു വരുന്നതായി തോന്നാം എന്നാണ്. 

എന്നാൽ, ആർട്ട് ഏജൻസിയായ austrian-paintings.at -ന്റെ സിഇഒ ​ഗെരാൾഡ് വെയിൻപോൾട്ടർ ഇത്തരം എല്ലാ തെറ്റിദ്ധാരണകളും മാറ്റുന്ന പ്രസ്താവനയുമായി മുന്നോട്ട് വന്നിട്ടുണ്ട്. യുവതി തന്റെ പ്രാർത്ഥനാ പുസ്തകവും വായിച്ചു കൊണ്ട് നടന്നു വരികയാണ് അല്ലാതെ ഫോണിൽ സ്ക്രോൾ ചെയ്യുന്നതല്ല എന്നാണ് ​ഗെരാൾഡ് വ്യക്തമാക്കിയത്. 

എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഇതിനെക്കുറിച്ച് വൻ ചർച്ചകൾ തന്നെ നടത്തി. ഇതൊരു സാംസങ് ഫോണാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ, അതൊരു നോക്കിയ 3310 ആണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഏതായാലും ഈ പെയിന്റിം​ഗിൽ വൻ ടൈം ട്രാവലിം​ഗ് തന്നെ എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. 

click me!