മാവോയുടെ കയ്യക്ഷരമടക്കം 64 കോടി ഡോളർ മതിപ്പുള്ള അപൂര്‍വവസ്തുക്കളുടെ കൊള്ള; മൂന്നുപേർ ഹോങ്കോങ്ങിൽ പിടിയില്‍

By Web TeamFirst Published Oct 8, 2020, 2:16 PM IST
Highlights

കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഉടമ കണക്കാക്കുന്നത് 64 കോടി ഡോളറാണ് (അഞ്ച് ബില്ല്യണ്‍ ഹോങ്കോങ് ഡോളര്‍). എങ്കിലും ചൈനയിലെയും ഹോങ്കോങ്ങിലെയും വിദഗ്ദ്ധരുടെ സഹായത്തോടെ അതിന്‍റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

മാവോ സെ തൂംഗിന്‍റെ കയ്യെഴുത്തടക്കം കലാപരമായും ചരിത്രപരമായും പ്രാധാന്യമുള്ള വന്‍കൊള്ള നടത്തിയതില്‍ പങ്കുണ്ടെന്ന് സംശയിച്ച് മൂന്നുപേരെ ഹോങ്കോങ്ങില്‍ അറസ്റ്റ് ചെയ്തു.  64 കോടി ഡോളർ മതിപ്പുള്ള അപൂര്‍വ വസ്തുക്കളുടെ കൊള്ള നടന്നത് കഴിഞ്ഞ മാസമാണ്. ചൈനയുടെ മുൻ കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സെ തൂംഗിന്‍റേത് എന്ന് കരുതുന്ന 2.8 മീറ്ററി (9 അടി)ലുള്ള കാലിഗ്രാഫി കവർച്ചക്കാർ പകുതിയായി വെട്ടിയാണ് എടുത്തിരുന്നത്. കാരണം ഇതിന്‍റെ നീളം കാരണം കൊണ്ടുപോകാനും വില്‍പ്പനയ്ക്കുമെല്ലാം ബുദ്ധിമുട്ടാവും ഇതെന്ന് കരുതിയാവണം എന്നാണ് ഹോങ്കോങ്ങ് പോലീസ് പറയുന്നത്. ഇവ കൂടാതെ, മാവോയുടേതെന്ന് കരുതുന്ന ചെറിയ ചില എഴുത്തുകള്‍, 10 വെങ്കലനാണയങ്ങള്‍, 24,000 പഴയ സ്റ്റാമ്പുകള്‍ എന്നിവയെല്ലാം കൊള്ളയടിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഹോങ്കോങ് പൊലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ടോണി ഹോ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലറിയിച്ചു. 

കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഉടമ കണക്കാക്കുന്നത് 64 കോടി ഡോളറാണ് (അഞ്ച് ബില്ല്യണ്‍ ഹോങ്കോങ് ഡോളര്‍). എങ്കിലും ചൈനയിലെയും ഹോങ്കോങ്ങിലെയും വിദഗ്ദ്ധരുടെ സഹായത്തോടെ അതിന്‍റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.  Yau Ma Tei പരിസരത്തുള്ള ഒരു അപാര്‍ട്മെന്‍റിലാണ് കൊള്ള നടന്നത്. സപ്തംബര്‍ 10 - കൊള്ള നടത്തിയശേഷം മോഷ്ടാക്കള്‍ ടാക്സിയില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

സപ്തംബര്‍ 22 -ന് മോഷ്ടിച്ച സാധാനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയിച്ച് 49 -കാരനായ ലാം എന്നൊരാളെ വാന്‍ ചായിലെ അപാര്‍ട്മെന്‍റില്‍ വച്ച് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് ട്രയാഡ് ബ്യൂറോ അറസ്റ്റ് ചെയ്തു. എന്നാല്‍, ഇയാള്‍ക്ക് കൊള്ളയില്‍ പങ്കുണ്ട് എന്ന് കരുതുന്നില്ല. രണ്ട് വെങ്കലനാണയങ്ങള്‍, മാവോ എഴുതിയത് എന്ന് കരുതപ്പെടുന്ന കയ്യെഴുത്തുപ്രതി എന്നിവയെല്ലാം ഇയാളുടെ അപാര്‍ട്മെന്‍റില്‍ നിന്നും കണ്ടെത്തി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പിന്നീട് ട്രയാഡ് ബ്യൂറോ തന്നെ ചൊവ്വാഴ്ച Yau Ma Tei -യിലെ അപാര്‍ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. 44 -കാരനായ എന്‍ജിയെ മോഷണത്തിനും, മോഷ്ടാവിന് ഒളിത്താവളമൊരുക്കിയെന്ന കുറ്റത്തിന് ഒരു 47 -കാരനെയുമാണ് അറസ്റ്റ് ചെയ്തത്. എങ്കിലും ഇവിടെ മോഷണമുതലൊന്നും കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിച്ചു വരികയാണ്. 

രണ്ട് കവർച്ചക്കാർ ഇപ്പോഴും എവിടെയോ ഒളിച്ചിരിപ്പുണ്ട് എന്ന് ഉദ്യോഗസ്ഥർ കരുതുന്നു. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളെ തിരിച്ചറിയാൻ പൊലീസ് സിസിടിവി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് വെങ്കല നാണയങ്ങൾ, ആറ് കയ്യെഴുത്തുപ്രതിയുടെ ഭാഗങ്ങള്‍, 24,327 സ്റ്റാമ്പുകൾ എന്നിവയ്ക്കായി അവർ ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ് എന്നും പൊലീസ് പറയുന്നു. 
 

click me!