Maha Shivratri 2022 : ആലുവ മണപ്പുറം മഹാശിവരാത്രിക്കൊരുങ്ങി; ദർശനത്തിനു പ്രത്യേക ക്യൂ

By Web TeamFirst Published Feb 28, 2022, 2:00 PM IST
Highlights

കഴിഞ്ഞ വർഷം നിയന്ത്രിത തോതിൽ പിതൃകർമങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇത്തവണ ശിവക്ഷേത്രത്തിൽ ദർശനത്തിനു പ്രത്യേക ക്യൂ ഏർപ്പെടുത്തും.

ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കൊവിഡ് നിയന്ത്രങ്ങൾക്കിടയിലും നൂറുകണക്കിന് ഭക്തര്‍ ശിവരാത്രി മഹോത്സവത്തിനായി എത്തിയിട്ടുണ്ട്.  കൊവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോക്കോളും പാലിച്ചാണ് ബലിതർപ്പണം നടക്കുക. പുഴയോരത്തു ബലിത്തറകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. 148 ബലിത്തറകളാണ് സജ്ജീകരിക്കുന്നത്. 

കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇത്തവണ രാത്രിയിൽ ബലിയിടുന്നതിനും പുഴയിൽ ഇറങ്ങുന്നതിനും തടസ്സമില്ല. ഭക്തജനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമില്ല. ശിവരാത്രിയോടുബന്ധിച്ച്‌ ശക്തമായ സുരക്ഷാ സംവിധാനമാണ്‌ പൊലീസ്‌ ഒരുക്കുന്നത്‌. പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിൽ നിന്നുള്ള മഫ്‌തി പോലീസ്‌ ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. 

കഴിഞ്ഞ വർഷം നിയന്ത്രിത തോതിൽ പിതൃകർമങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇത്തവണ ശിവക്ഷേത്രത്തിൽ ദർശനത്തിനു പ്രത്യേക ക്യൂ ഏർപ്പെടുത്തും. ശുദ്ധജല വിതരണവും അന്നദാനവും ഉണ്ടാകും. പെരിയാറിൽ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്ക് അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും ഉണ്ടാകും.

എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. പെരിയാറിന്റെ തീരത്തുള്ള ശിവന്റെ അമ്പലത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രിദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു. ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നു.

കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി (Shivaratri) . ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് വ്രതം ആചരിക്കേണ്ടത്. രണ്ടു രാത്രികൾക്ക് ചതുർദ്ദശീ ബന്ധം വന്നാൽ ആദ്യത്തേത് എടുക്കണം. ഈ വർഷം മാർച്ച് 1നാണ് ശിവരാത്രി വരുന്നത്.

ശ്രീരാമചന്ദ്രൻ രാവണനെ കൊന്ന പാപം തീരാനായി ആചാര്യന്മാർ നിർദ്ദേശിച്ചതനുസരിച്ച് രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തി. മഹാ വിഷ്ണുവിന്റെ മറ്റൊരു അവതാരമായി പരശുരാമൻ കന്യാകുമാരി തൊട്ട് ഗോകർണ്ണം വരെയുള്ള അറുപത്തിനാൽ ബ്രാഹ്മണഗ്രാമങ്ങളിലാണ് 108 ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ദക്ഷിണാമൂർത്തി,അഘോരൻ,കിരാതമൂർത്തി,ധ്യാനമൂർത്തി, വൈദീശ്വരൻ ശിവൻ, മഹാദേവൻ തുടങ്ങിയ ഭാവങ്ങളിലാണ് ഓരോ ക്ഷേത്രത്തിലെയും സങ്കല്പം. എല്ലാം ശിവശക്തിമയം. പരമശിവൻ അർത്ഥനാരീശ്വരനാണ്.ഇൻ യാ ങ് ( yin yang) പോലെ.അർദ്ധനാരീശ്വര സങ്കല്പത്തിലും ദൈവം നിലകൊള്ളുന്നു.

പ്രപഞ്ചം മുഴുവൻ വിപരീതത്തിലും അതേ സമയം സഹവർത്തിത്വത്തിലും നിറഞ്ഞു നിൽക്കുന്ന ഊർജ്ജത്തിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ശിവനും ശക്തിയും,പ്രകൃതിയും പുരുഷനും, രാവും പകലും പോലെ.കൂവളമാലയും ധാരയുമാണ് ശിവന് ഇഷ്ട വഴിപാട്. ക്ഷിപ്രസാദിയും ക്ഷിപ്ര കോപിയുമാണ് ശിവൻ.

Read more ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യവും ചരിത്രത്തെയും കുറിച്ചറിയാം

click me!