17 മാസം, രണ്ടുലക്ഷം വാഹനങ്ങള്‍; ഇന്ത്യന്‍ നിരത്ത് കീഴടക്കി കിയ

By Web TeamFirst Published Jan 31, 2021, 2:39 PM IST
Highlights

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. 

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. ഇന്ത്യയില്‍ ഇതുവരെ രണ്ട് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിക്കാൻ കിയ മോട്ടോഴ്‌സിന് സാധിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെത്തി വെറും 17 മാസത്തിനുള്ളിലാണ് ഈ നേട്ടം.  മൂന്ന് മോഡലുകളാണ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. സെല്‍റ്റോസിനു പിന്നാലെ കാര്‍ണിവലും സോണറ്റും കമ്പനി ഇന്ത്യയിലെത്തിച്ചു. മികച്ച പ്രതികരണണാണ് ഈ വാഹനങ്ങള്‍ക്കും ലഭിക്കുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യൻ വാഹന വിപണിൽ വൻ വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു.  കിയയുടെ ആദ്യ വാഹനം ഇന്ത്യയിലെത്തി 11 മാസത്തിനുള്ളിലാണ് വില്‍പ്പനയില്‍ ഒരു ലക്ഷം കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ആറ് മാസത്തിനുള്ളിൽ അടുത്ത ഒരു ലക്ഷവും നിരത്തിലെത്തിക്കാൻ കഴിഞ്ഞു.

മൊത്ത വില്‍പ്പനയുടെ 60 ശതമാനവും ഈ മൂന്ന് മോഡലിന്റെയും ഏറ്റവും ഉയര്‍ന്ന വകഭേദങ്ങൾക്കാണ് ലഭിച്ചതെന്ന് കിയ അറിയിച്ചിരിക്കുന്നത്. വിറ്റഴിച്ചവയില്‍ 53 ശതമാനവും കിയയുടെ യുവോ കണക്ട് സാങ്കിതികവിദ്യയിലുള്ള വാഹനങ്ങളാണ്. നിരത്തിലെത്തിയ രണ്ട് ലക്ഷം കിയ വാഹനങ്ങളില്‍ 1.06 ലക്ഷം എണ്ണവും കണക്ടഡ് കാറുകളാണെന്നാണ് സൂചന. സെല്‍റ്റോസാണ് കിയയുടെ വില്‍പ്പനയില്‍ ഒന്നാമന്‍. ഈ വാഹനത്തിന്റെ 1,49,428 യൂണിറ്റാണ് ഇതിനോടകം നിരത്തിലെത്തിയത്. റിപ്പോർട്ട് അനുസരിച്ച് കോംപാക്ട് എസ്.യു.വി മോഡലായ സോണറ്റിന്റെ 45,195 യൂണിറ്റും ആഡംബര എം.പി.വി.മോഡലായ കാര്‍ണിവലിന്റെ 5409 യൂണിറ്റുമാണ് വിറ്റഴിച്ചിട്ടുള്ളത്.

അതേസമയം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോർസ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി നിരവധി പദ്ധതികളാണ് കമ്പനി ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ നിന്നും വ്യത്യസ്‍തമായി നഗരങ്ങളിൽ നിന്നും മാറി, ഗ്രാമങ്ങളിൽ കൂടി ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിലൂടെ രാജ്യത്ത് കമ്പനിയുടെ വളർച്ചാ വേഗം കൂട്ടാനാണ് കിയയുടെ ആലോചന. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യൻ റൂറൽ മാർക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ അടുത്ത ടാർഗറ്റ്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിൽപ്പന ശൃംഖല വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഡീലർ പങ്കാളികളുടെ ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

click me!