
ദില്ലി: ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ കോംപാക്ട് എസ്‍യുവി ഡസ്റ്ററിന്‍റെ പുതിയ പതിപ്പ് വരുന്നു. പരിഷ്‌കരിച്ച വാഹനത്തിന്‍റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടു. പുതിയ നീല നിറത്തിലുള്ളതാണ് ടീസറിലെ ഡസ്റ്റര്‍. പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം അലങ്കാരമുള്ള പുതിയ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള വലിയ ബമ്പര്‍, ഫോഗ് ലാമ്പ് തുടങ്ങിയവ വാഹനത്തിന്‍റെ മുഖഭാവം മാറ്റുന്നു.
പുതിയ ബോണറ്റ്, കാല്‍നട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉയര്‍ന്ന ബോണറ്റ് ലൈന്‍, പുതുക്കിയ മുന്‍ ബമ്പര്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍, ടെയ്ല്‍ഗേറ്റില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് തുടങ്ങിയവയും മാറ്റങ്ങളാണ്.
സില്‍വര്‍ സ്ട്രിപ്പ് നല്‍കിയിട്ടുള്ള പുതിയ സ്റ്റിയറിംഗ് വീല്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സെന്റര്‍ കണ്‍സോളില്‍ ചതുരാകൃതിയിലുള്ള എസി വെന്റുകള്‍, അലുമിനിയം ഫിനീഷ് ഡോര്‍ ഹാന്‍ഡില്‍, പുതിയ ഫാബ്രിക് ഫിനീഷ് സീറ്റുകള്‍ തുടങ്ങിയവ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു.
1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാവും വാഹനത്തിന്‍റെ ഹൃദയം. 5 സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ സിവിടി പെട്രോള്‍ വേരിയന്റുകളിലും 6 സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ എഎംടി ഡീസല്‍ വേരിയന്റുകളിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും. പുതിയ ഡസ്റ്ററിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരായിരിക്കും പുത്തന്‍ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.