ഒറ്റചാര്‍ജില്‍ 130 കിമീ, ഇതാ മേക്ക് ഇന്‍ ഇന്ത്യ വഴി മോഹവിലയില്‍ ഒരു സ്‍കൂട്ടര്‍

By Web TeamFirst Published Jul 2, 2019, 10:09 AM IST
Highlights

ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇലക്ട്രിക്ക് സ്‍കൂട്ടറായ സ്പോക്ക് വിപണിയിലെത്തി

ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇലക്ട്രിക്ക് സ്‍കൂട്ടറായ സ്പോക്ക് വിപണിയിലെത്തി. ഈ ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ആദ്യ മോഡലായ സ്പോക്ക്, മെയ്ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് എത്തുന്നത്.

2.9 kWh ലിഥിയം അയേണ്‍ ബാറ്ററിയും ബിഎല്‍ഡിസി ഹബ് മോട്ടോറുമാണ് വാഹനത്തിന്‍റെ ഹൃദയം. തുടര്‍ച്ചയായി 1.2 kW കരുത്തും പരമാവധി 2.1 kW കരുത്തും സ്‌പോക്കില്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒറ്റചാര്‍ജില്‍ 50-130 കിലോമീറ്റര്‍ സ്‌പോക്കില്‍ സഞ്ചരിക്കാന്‍ സാധിക്കും. എക്കണോമി മോഡിലാണ് 130 കിലോമീറ്റര്‍ ദൂരം പിന്നിടുക. പവര്‍ മോഡില്‍ 100 കിലോമീറ്ററും സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. 

ആവശ്യാനുസരണം എടുത്ത് മാറ്റാവുന്ന ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 1200 ചാര്‍ജിങ് സൈക്കിള്‍ വരെ ബാറ്ററി ഈടുനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

1930 എംഎം നീളവും 770 എംഎം വീതിയും 1260 എംഎം ഉയരവും 1350 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 760 എംഎമ്മാണ് സീറ്റ് ഹൈറ്റ്. ഗ്രൗണ്ട് ക്ലിയറന്‍സ് 200 എംഎം. ബാറ്ററി ഉള്‍പ്പെടാതെ ആകെ ഭാരം 90 കിലോഗ്രാമാണ്.  ടെലസ്‌കോപ്പിക് ഹൈഡ്രോളിക്ക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. ജിപിഎസ്, യുഎസ്ബി ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറിലുണ്ട്.

ആകര്‍ഷകമായ ഡിസൈനും സ്റ്റൈലിംഗുമാണ് വാഹനത്തിന്. മുന്‍വശത്ത് വലിയ വട്ടത്തിലുള്ള ഹെഡ്‌ലാമ്പാണ്. ഹെഡ്‌ലൈറ്റിനോട് ചേര്‍ന്ന ഇന്‍ഡികേറ്റര്‍, ബൈക്കുകളിലേതിന് സമാനമായ ഹാന്‍ഡില്‍ ബാര്‍, താഴ്ന്ന സീറ്റ്, ട്രെന്റി ടെയില്‍ ലാമ്പ്, 12 ഇഞ്ച് വീല്‍, വലിയ ഫൂട്ട് സ്‌പേസ് തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.

വൈറ്റ്, ബ്ലാക്ക്, റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.  പിന്നില്‍ ചെറിയ കാര്‍ഗോ ബോക്‌സ് ഫാക്ടറി ഫിറ്റഡ് ഓപ്ഷനായും സ്‌പോക്കില്‍ ലഭിക്കും. 65,000 മുതല്‍ 99,999 രൂപ വരെയായിരിക്കും വാഹനത്തിന്റെ ഓണ്‍റോഡ് വില. സ്‍കൂട്ടറിന്‍റെ ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഒഖിനാവ, ആതര്‍ ഇലക്ട്രിക് തുടങ്ങിയ ഇ-സ്‌കൂട്ടറുകളാവും നിരത്തിലും വിപണിയിലും സ്‌പോക്കിന്റെ മുഖ്യ എതിരാളികള്‍. 

click me!