മൈലേജ് പിന്നെയും കൂട്ടി പുത്തന്‍ ഡിസയറുമായി മാരുതി

Web Desk   | Asianet News
Published : Mar 05, 2020, 03:53 PM IST
മൈലേജ് പിന്നെയും കൂട്ടി പുത്തന്‍ ഡിസയറുമായി മാരുതി

Synopsis

ജനപ്രിയ സെഡാന്‍ ഡിസയറിന് ഇന്ധനക്ഷമത കൂടിയ 1.2 ഡ്യുവല്‍ജെറ്റ് സ്മാർട് ഹൈബ്രിഡ് എൻജിനുമായി മാരുതി എത്തുന്നു. 

ജനപ്രിയ സെഡാന്‍ ഡിസയറിന് ഇന്ധനക്ഷമത കൂടിയ 1.2 ഡ്യുവല്‍ജെറ്റ് സ്മാർട് ഹൈബ്രിഡ് എൻജിനുമായി മാരുതി എത്തുന്നു. പുതിയ ഡിസയർ അടുത്ത മാസം വിപണിയിൽ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിലെ 1.2 കെ സീരിസ് എൻജിനോടൊപ്പമാണോ പുതിയ ഹെബ്രിഡ് എൻജിൻ മോഡലും ലഭിക്കുക എന്ന് വ്യക്തമല്ല.

മാരുതി സുസുക്കി ബലേനോയിലെ 1.2 ഡ്യുവൽജെറ്റ് വിവിടി സ്മാർട് ഹൈബ്രിഡ് എൻജിൻ തന്നെയാകും പുതിയ ഡിസയറിന്. 89 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഈ എൻജിന്‍ സൃഷ്‍ടിക്കും. 24 കിലോമീറ്റർ മൈലേജുണ്ടാകും. സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയിലെ ഐഡിൽ സ്മാർട്ട് സ്റ്റോപ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാരുതി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നത്.

എൻജിനിൽ മാത്രമല്ല ബംബറിനും ഗ്രില്ലിനുമെല്ലാം ഉള്‍പ്പെടെ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ ഡിസയർ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

12 വര്‍ഷം മുമ്പായിരുന്നു  മാരുതി ഡിസയറിനെ ആദ്യമായി അവതരിപ്പിച്ചത്. സ്വിഫ്റ്റ് ഡിസയര്‍ എന്നായിരുന്നു അന്ന് വാഹനത്തിന്‍റെ പേര്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ. 

2017 മെയ് മാസത്തില്‍ അവതരിപ്പിച്ച ഡിസയറാണ് ഇപ്പോള്‍ വിപണിയിലുള്ളത്. അപ്പോഴാണ് പേരില്‍ നിന്നും സ്വിഫ്റ്റ് എടുത്തുമാറ്റി ഡിസയര്‍ എന്നു മാത്രമാക്കിയത്. 2018ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ എന്ന റെക്കോര്‍ഡ് ഡിസയറിനായിരുന്നു. യഥാർഥ സെഡാൻ ശൈലിയിലുള്ള രൂപകൽപ്പനയും കാഴ്ചപ്പകിട്ടും ഡ്രൈവിങ് സുഖവും മികച്ച സീറ്റുകളുമൊക്കെയാണു ‘ഡിസയറി’നു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നതെന്നും സ്ഥലസൗകര്യമുള്ള അകത്തളവുമൊക്കെയായാണു വാഹനത്തിനു നേട്ടമാകുന്നത്.

2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വച്ചു. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ. അളവുകളില്‍ അല്പം വലുതാണ് പുതിയ ഡിസയര്‍. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്‌ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം. പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.

ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്സഗണല്‍ ഗ്രില്‍ വാഹനത്തിന് ന്യുജെന്‍ ഭാവം സമ്മാനിക്കുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയതാണ് ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ്‌ലാമ്പുകളും, പിന്നിലെ എല്‍ഇഡി ടെയില്‍ലാമ്പും വാഹനത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു.

കാറിന്റെ ബൂട്ടുമായി യോജിപ്പിച്ച C -പില്ലര്‍ പ്രത്യേക രൂപഭംഗി നല്‍കുന്നു. പുതിയ പതിപ്പില്‍ ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിച്ചു. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്. 

1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്.  എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം