നിങ്ങളുടെ വണ്ടിയില്‍ ഈ ലൈറ്റുകളാണോ? മുട്ടന്‍പണി വരുന്നു!

By Web TeamFirst Published Mar 5, 2020, 3:14 PM IST
Highlights

നിയമവിധേയമായ ലൈറ്റുകള്‍ക്കുപുറമെ വാഹനങ്ങളില്‍ വ്യത്യസ്‍തതരം ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. 

തിരുവനന്തപുരം: നിയമവിധേയമായ ലൈറ്റുകള്‍ക്കുപുറമെ വാഹനങ്ങളില്‍ വ്യത്യസ്‍തതരം ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. മിന്നിത്തിളങ്ങുന്ന തരം ലൈറ്റുകള്‍ക്കെതിരെയാണ് നടപടി. 

ഇത്തരം അധികലൈറ്റുകള്‍ മാര്‍ച്ച് ഏഴിനകം അഴിച്ചുമാറ്റാനാണ് നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കില്‍ അധിക ലൈറ്റുകള്‍ ഇട്ടാല്‍ 5,000 രൂപ പിഴ ഈടാക്കും. ഓട്ടോറിക്ഷകളില്‍ 3,000 രൂപയാവും പിഴ. കൂടാതെ ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും.  ബൈക്കുകളിലെ സൈലന്‍സര്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. 
 
അധികലൈറ്റുകള്‍  രാത്രികാലങ്ങളില്‍ എതിരെവരുന്ന വാഹനയാത്രക്കാര്‍ക്ക് ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് നേരിടുന്നതായും മുതിര്‍ന്ന പൗരന്മാര്‍ക്കടക്കം രാത്രി ഡ്രൈവിങ്ങിന് തടസമാകുന്നതായി പരാതികള്‍ കൂടിയതോടെയാണ് അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. 

മോട്ടോര്‍ സൈക്കിളുകളിലും ഒട്ടോറിക്ഷകളിലുമാണ് ഇവ കൂടുതലായി കാണുന്നത്. എല്‍.ഇ.ഡി. ലൈറ്റുകള്‍ ബൈക്കുകളില്‍ പിടിപ്പിക്കുന്നത് പതിവാണ്. മിന്നിത്തെളിയുന്ന ലൈറ്റുകള്‍മൂലം എതിരെവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്‍വശം കാണുന്നതിന് തടസ്സമാകുന്ന സ്ഥിതിയാണ്. ബൈക്കുകളും ഓട്ടോ റിക്ഷകളും ഉള്‍പ്പെടുന്ന രാത്രി കാലങ്ങളിലെ ഭൂരിഭാഗം റോഡപകടങ്ങളും ഇക്കാരണങങളാലാണ് സംഭവിക്കുന്നത്. 

click me!