പുത്തന്‍ സ്‍കോര്‍പിയോയുമായി മഹീന്ദ്ര, കാത്തിരിപ്പില്‍ വാഹനലോകം

By Web TeamFirst Published Mar 2, 2021, 4:13 PM IST
Highlights

സ്കോർപിയോയ്ക്ക് ഒരു പുതുതലമുറ മോഡലിനെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മഹീന്ദ്ര 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ.  അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന മഹീന്ദ്രയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഗോള ബ്രാൻഡാക്കി ഉയര്‍ത്തിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ്‍യുവി ആയിരുന്നു. ഇപ്പോഴിതാ സ്കോർപിയോയ്ക്ക് ഒരു പുതുതലമുറ മോഡലിനെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി എന്നും ഈ മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും പുത്തൻ പതിപ്പ് അധികം വൈകാതെ തന്നെ നിരത്തിലെത്തുമെന്നും ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന് 45/65 സെക്ഷൻ ടയറുകളാണ് മഹീന്ദ്ര നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 17 ഇഞ്ച് അലോയ് വീലുകളും നല്‍കിയേക്കും. പുതിയ മേൽക്കൂര റെയിലുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, റിയർ സ്‌പോയിലർ, ഉയർന്ന് മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയും നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

പുത്തന്‍ സ്‍കോര്‍പ്പിയോയില്‍ ഒരു പുതിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ പുറത്തു വന്നെ പരീക്ഷണ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വലതുവശത്ത് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ചും ലഭിക്കും. ഒരു അനലോഗ് ടാക്കോമീറ്ററും ഡിജിറ്റൽ സ്പീഡോ മീറ്ററുമായിരിക്കും വാഗ്‌ദാനം ചെയ്യുക. സ്കോർപിയോയുടെ ടോപ്പ് എൻഡ് വേരിയന്റിൽ സൺറൂഫിനും സാധ്യയതയുണ്ട്. 

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജുമെന്റ്, കണക്റ്റുചെയ്ത കാർ ടെക് എന്നിവയുള്ള പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതുതലമുറ സ്കോർപിയോയ്ക്കൊപ്പം എത്തിയേക്കും. വിപണിയിൽ തരംഗമായ ഥാറില്‍ നിന്ന് കടമെടുത്ത പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ആകും 2021 സ്‌കോര്‍പിയോയുടെ ഹൃദയം. 2.0 ലിറ്റര്‍ ടി-ജിഡി ടര്‍ബോ പെട്രോള്‍ യൂണിറ്റും 2.2 ലിറ്റര്‍ 'എംഹോക്ക്' ഡീസല്‍ യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

2002 ജൂണ്‍ മാസത്തില്‍ ആണ് ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങിയത്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്നാണ് തരംഗമായത്. 2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.   അടുത്തിടെ വാഹനത്തിന്‍റെ ഒരു പുതിയ ബേസ് വേരിയന്‍റിനെ കമ്പനി അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  S3+ എന്ന ഈ വേരിയന്‍റിന്  11.99 ലക്ഷം രൂപയാണ് എക്സ‍് ഷോറൂം വില.

click me!