മാരുതി ഹീറോയാണ്, കയറ്റുമതി ചെയ്‍തത് 20 ലക്ഷം വാഹനങ്ങള്‍!

By Web TeamFirst Published Mar 2, 2021, 3:28 PM IST
Highlights

വാഹനക്കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

വാഹനക്കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. കമ്പനി ഇതുവരെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്‍തത് ഇരുപത് ലക്ഷം വാഹനങ്ങള്‍ ആണെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് എസ്-പ്രസോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ ഉള്‍പ്പെടെയുള്ള മോഡലുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. 

കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ നയവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് മാരുതി സുസുകിയുടെ പുതിയ നേട്ടം. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് സുസുകി ജിംനിയുടെ ഉല്‍പ്പാദനവും കയറ്റുമതിയും ആരംഭിച്ചിരുന്നു. സുസുകിയുടെ വിഖ്യാത കോംപാക്റ്റ് ഓഫ് റോഡര്‍ എസ്‌യുവിയാണ് ജിംനി. ജപ്പാന്‍ കൂടാതെ ഇന്ത്യയെ ജിംനിയുടെ ഉല്‍പ്പാദന കേന്ദ്രമായി മാറ്റാനാണ് സുസുകിയുടെ പദ്ധതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി അയുകാവ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഇരുപത് ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തത് ഇതിനു തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വാഹന വ്യവസായത്തില്‍ ഇന്ത്യ വലിയ ശക്തിയായി മാറുന്നതിന് വളരെ മുമ്പ്, അതായത് 34 വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്ന് മാരുതി സുസുകി കയറ്റുമതി ആരംഭിച്ചിരുന്നു. നിലവില്‍ പതിനാല് മോഡലുകളും 150 ഓളം വേരിയന്റുകളുമായി നൂറിലധികം രാജ്യങ്ങളിലേക്കാണ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഗുണനിലവാരം, സുരക്ഷ, രൂപകല്‍പ്പന, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍ ആഗോള നിലവാരം പുലര്‍ത്തുന്നതാണ് ഇന്ത്യയിലെ പ്ലാന്റുകളില്‍ നിര്‍മിക്കുന്ന വാഹനങ്ങളെന്നും വലിയ സ്വീകാര്യത ലഭിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

മൊബിലിറ്റി രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുമെന്ന് മാരുതി സുസുകി ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരുവുമായി (ഐഐഎംബി) ചേര്‍ന്ന് മൊബിലിറ്റി രംഗത്തെ 26 സ്റ്റാര്‍ട്ടപ്പുകളെ മാരുതി പരിപോഷിപ്പിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

ഒന്‍പത് മാസം വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ ഇന്‍കുബേഷന്‍ പ്രോഗ്രാം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് മാസത്തെ പ്രീ-ഇന്‍കുബേഷന് വിധേയമാകേണ്ടിവരും. ഈ കാലയളവില്‍ വിവിധ സമശീര്‍ഷരുമായി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. മാത്രമല്ല, പതിവായി പരസ്പരം മെന്ററിംഗ്, അഡൈ്വസറി സെഷനുകള്‍ നടത്തുമെന്നും ഇരു സംഘടനകളും അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഇന്‍കുബേഷനും ഫണ്ടിംഗിനും അനുവദിക്കും. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുമാസത്തെ അധിക ഇന്‍കുബേഷന്‍ ഉണ്ടായിരിക്കും.

click me!