ഇന്ത്യന്‍ ഡിമാന്‍ഡ് കൂടി, വണ്ടി വലിപ്പം വീണ്ടും കൂട്ടി ചൈനീസ് കമ്പനി!

By Web TeamFirst Published Jan 11, 2021, 2:24 PM IST
Highlights

ഹെക്ടറിന്‍റെ ജനപ്രിയത കണ്ടായിരുന്നു ആറ് സീറ്റുള്ള ഹെക്ടര്‍ പ്ലസുമായി കമ്പനിയുടെ വരവ്. ഈ ഹെക്ടര്‍ പ്ലസിനാണ് ഇപ്പോള്‍ ഏഴുസീറ്റുകള്‍ നല്‍കി വീണ്ടും വലിപ്പം കൂട്ടിയിരിക്കുന്നത്. 

ചൈനീസ് വാഹന ഭീമനായ SAICന്‍റെ കീഴിലുള്ള ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ 2021 മോഡല്‍ ഹെക്ടറിനെ ഇന്ത്യയിൽ എത്തിച്ചു. ഹെക്ടറും ഹെക്ടര്‍ പ്ലസും മുഖം മിനുക്കുകയും ഒപ്പം ഏഴ് സീറ്റുകളിലായി പുതിയ ഹെക്ടര്‍ പ്ലസ് അവതരിപ്പിക്കുകയും ചെയ്‍തതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെഗുലര്‍ ഹെക്ടറിന് 12.89 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയും ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിന് 15.99 ലക്ഷം മുതല്‍ 19.12  ലക്ഷം രൂപ വരെയും, ഏഴ് സീറ്റര്‍ പതിപ്പിന് 13.34 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയുമാണ് എക്‌സ് ‌ഷോറൂം വില. ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ ഹെക്ടര്‍ പ്ലസിനെ 2020 ജൂലൈയിലാണ് എംജി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹെക്ടറിന്‍റെ ജനപ്രിയത കണ്ടായിരുന്നു ആറ് സീറ്റുള്ള ഹെക്ടര്‍ പ്ലസുമായി കമ്പനിയുടെ വരവ്. ഈ ഹെക്ടര്‍ പ്ലസിനാണ് ഇപ്പോള്‍ ഏഴുസീറ്റുകള്‍ നല്‍കി വീണ്ടും വലിപ്പം കൂട്ടിയിരിക്കുന്നത്. 

2021 ഹെക്ടറില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പുത്തൻ ഹെക്ടർ, ഹെക്ടർ പ്ലസ് മോഡലുകളിൽ 140 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ, 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 170 എച്ച്പി 1.5 ലിറ്റർ ടർബോ പെട്രോൾ, 168 എച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകൾ തന്നെയാണ് കരുത്ത് നൽകുന്നത്. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളും മാറ്റമില്ലാതെ തുടരും.

മുൻകാഴ്ച്ചയിൽ പുത്തൻ എംജി ഹെക്ടറിന്റെ ആകർഷണം ക്രോം സ്റ്റഡ്ഡുകൾ ചേർത്ത് കൂടുതൽ മനോഹരമാക്കിയ ഗ്രിൽ ആണ്. 17 ഇഞ്ചിന് പകരം 18 ഇഞ്ച് വലിപ്പമുള്ള പുതിയ ഡിസൈനിലുള്ള അലോയ് വീൽ ആണ് വശങ്ങളിലെ മാറ്റം. മുന്നിലേയും പിന്നിലേയും ബമ്പറുകളിലെ ഗണ്‍മെറ്റല്‍ ഗ്രേ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുന്നു

സ്റ്റാറി ബ്ലൂ എന്ന പുത്തൻ നിറത്തിലും ഡ്യുവൽ ടോൺ നിറങ്ങളിലും 2021 ഹെക്ടർ ലഭ്യമാണ്. വയർലെസ്സ് മൊബൈൽ ഫോൺ ചാർജർ, മുൻ നിര സീറ്റുകൾക്ക് വെന്റിലേഷൻ എന്നിവ പുതിയ ഫീച്ചറുകൾ ആണ്. ഷാംപെയിൻ ഗോൾഡ്/ബ്ലാക്ക് ഇന്റീരിയറുള്ള ഹെക്ടറിനൊപ്പം ആമ്പിയന്റ് ലൈറ്റിംഗ് ഓപ്ഷണൽ ആയി തിരഞ്ഞെടുക്കാം. സെഗ്മെന്റിലെ തന്നെ പുതിയ ഹിഗ്ലീഷ് വോയിസ് കമാന്റ് സംവിധാനം ഇതിൽ ഒരുങ്ങുന്നു.

2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS എന്നിവയാണ് എം.ജിയുടെ വാഹനനിര.

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്. ഒരു വര്‍ഷം പിന്നിടുന്നതോടെ ഹെക്ടറിന്റെ 25,000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.  
 

click me!