ടൊയോട്ട ഹയാസ് ഷോറൂമുകളില്‍ എത്തി

By Web TeamFirst Published May 11, 2021, 11:40 AM IST
Highlights

14 സീറ്റർ എംപിവി ഹയാസിന്‍റെ 2021 മോഡൽ  ഇന്ത്യയിൽ എത്തി

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിദേശവിപണിയിലെ എംപിവി താരം ഹയാസും ഇന്ത്യയിലെത്തുന്നതായി ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ 14 സീറ്റർ എംപിവി ഹയാസിന്‍റെ 2021 മോഡൽ ഇന്ത്യയിൽ എത്തിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. വാഹനം ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തിയതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഹിയാസ് എംപിവി 55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടത്തിന് കമ്പനി വാഹനത്തെ നിരത്തിലിറക്കിയിരുന്നു.

1967 മുതൽ ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിൽ ഈ എംപിവി വിപണിയിലുണ്ട്. എന്നാൽ 2004 അവസാനത്തോടെയാണ് അന്താരാഷ്ട്ര വിപണിയിൽ എത്തുന്നത്. 2019ൽ പുതിയ മോഡൽ ഹയാസിനെ ടൊയോട്ട അവതരിപ്പിച്ചത്. 

ഇന്ത്യയിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനായിരിക്കും കമ്പനി ഹയാസിൽ വാഗ്‌ദാനം ചെയ്യുക. സിൽവർ, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമേ ടൊയോട്ട ഹിയാസിൽ ലഭ്യമാവുകയുള്ളൂ. റിപ്പോർട്ട് പ്രകാരം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ചിൽ 50 യൂണിറ്റുകളാകും ഉൾപ്പെടുക. 

ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചറില്‍ ഒരുങ്ങിയിട്ടുള്ള വാഹനമായ ഹയാസ് ഇന്ത്യയിലേക്ക് എത്തുന്നതായി 2019 മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹയാസിന്റെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളതെന്നാണ് സൂചനകള്‍. എന്നാല്‍ ആഗോള നിരത്തുകളില്‍ ഈ വാഹനത്തിന്റെ ആറാം തലമുറ മോഡലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഈ മോഡലില്‍ 17 സീറ്റുകള്‍ വരെ ഒരുക്കിയിട്ടുണ്ട്. ബോഡി ടൈപ്പിന് അനുസരിച്ച് നോര്‍മല്‍ വിത്ത് സ്റ്റാന്റേഡ് റൂഫ്, ലോങ്ങര്‍ വേര്‍ഷന്‍ വിത്ത് ഹൈ റൂഫ് ഓപ്ഷനുകളില്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ടൊയോട്ട ഹയാസ് വിദേശ നിരത്തുകളില്‍ എത്തുന്നത്.

ടൊയോട്ട ഫോര്‍ച്യൂണറിലെ 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹായസിന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ 151 ബിഎച്ച്പി കരുത്തും 300 എന്‍.എം.ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. അതേസമയം, ഫോര്‍ച്യൂണറില്‍ ഇത് 204 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുന്നത്. ഹയാസിന്റെ ആഗോള മോഡല്‍ 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലും 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലുമാണ് എത്തിയിട്ടുള്ളത്.

14 സീറ്റുകളുള്ള ഈ വാഹനത്തില്‍ ഏറ്റവും ഒടുവിലെ നിരയിലെ സീറ്റ് മടക്കി വയ്ക്കാന്‍ സാധിക്കും. ഇതുവഴി ലഗേജ് സ്‌പേസ് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഓക്‌സിലറി, യു.എസ്.ബി.കണക്ടിവിറ്റിയുള്ള ടു ഡിന്‍ ഓഡിയോ സിസ്റ്റം, പവര്‍ സ്റ്റിയറിങ്ങ്, എല്ലാ നിരയിലും എ.സി.വെന്റുകള്‍, പവര്‍ സ്ലൈഡിങ്ങ് റിയര്‍ ഡോറുകള്‍. ഫാബ്രിക് സീറ്റുകള്‍, പവര്‍ വിന്‍ഡോസ്, റിയര്‍ ഡിഫോഗര്‍, ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ,  ഇബിഡിയുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, പവർ സ്ലൈഡിംഗ് പിൻ ഡോറുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!