
ഡൽഹിയിൽ പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധന നിരോധനം ഇന്നലെ മുതൽ (2025 ജൂലൈ 1) ആരംഭിച്ചു. നിരോധനം വന്ന് ആദ്യ ദിവസം തന്നെ 80 പഴക്കം ചെന്ന വാഹനങ്ങൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ, 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും 10 വർഷത്തിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും ഉടമകൾക്ക് ദില്ലിയിലെ ഒരു പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങാൻ കഴിയില്ല. കൂടാതെ, പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന പഴക്കം ചെന്ന വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്യും.
കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് (സിഎക്യുഎം) നിർദ്ദേശം അനുസരിച്ചാണ് ഈ നടപടി. ദില്ലിയിൽ ഉടനീളമുള്ള ഇന്ധന സ്റ്റേഷനുകൾ ജൂലൈ ഒന്നുമുതൽ എൻഡ്-ഓഫ്-ലൈഫ് (ഇഒഎൽ) വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് സിഎക്യുഎം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമം ഉറപ്പാക്കാൻ ഗതാഗത വകുപ്പും ഡൽഹി പോലീസും ട്രാഫിക് ഉദ്യോഗസ്ഥരും വിശദമായ എൻഫോഴ്‌സ്‌മെന്റ് നടപ്പിലാക്കിത്തുടങ്ങി. ഇതിനായി ഡൽഹി പോലീസ്, ട്രാഫിക് പോലീസ്, എംസിഡി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിശദമായ പദ്ധതി ഗതാഗത വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
നിരോധനം നിലവിൽ വന്ന് ആദ്യ ദിവസം തന്നെ ദേശീയ തലസ്ഥാനത്തുടനീളമുള്ള ഇന്ധന പമ്പുകളിൽ അധികം കാലപ്പഴക്കം വന്ന വാഹനങ്ങൾ എത്തിയില്ല. എങ്കിലും ചൊവ്വാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ 24 വാഹനങ്ങൾ പിടിച്ചെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. ആദ്യ ദിവസം തന്നെ 98 വാഹനങ്ങൾ ക്യാമറയിൽ പതിഞ്ഞതായും അതിൽ 80 എണ്ണം പിടിച്ചെടുത്തതായും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഗതാഗത വകുപ്പ് 45 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ 34 എണ്ണം ഡൽഹി പോലീസും ഒരു വാഹനം ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) പിടിച്ചെടുത്തു.
ഡൽഹിയിലെ പരിസ്ഥിതി മെച്ചപ്പെടുത്തുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) അജയ് ചൗധരി പറഞ്ഞു. ഇതൊരു തുടർച്ചയായ പരിശോധന ആയിരിക്കുമെന്നും നവംബർ ഒന്നുമുതൽ ഡൽഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകാതിരിക്കുന്ന ഈ നയം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഴ അടച്ചാൽ പഴയ വാഹനങ്ങളുടെ ഉടമകൾക്ക് 15 ദിവസത്തിനുള്ളിൽ സ്ക്രാപ്പേജ് പ്ലാന്‍റുകളിൽ നിന്ന് വാഹനങ്ങൾ തിരിച്ചെടുക്കാൻ കഴിയുമെന്ന് അജയ് ചൗധരി പറഞ്ഞു. തുടർന്ന് ഗതാഗത വകുപ്പിൽ നിന്ന് എൻഓസി വാങ്ങിയ ശേഷം ഡൽഹിക്ക് പുറത്ത് ഇത്തരം വാഹനങ്ങൾ അനുവദനീയ പ്രദേശങ്ങളിൽ റീ രജിസ്റ്റർ ചെയ്യണം. പഴയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി പെട്രോൾ പമ്പുകളിൽ പ്രത്യേക ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ച 2018 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സിഎക്യുഎമ്മിന്റെ ഏറ്റവും പുതിയ നിർദ്ദേശം. 2014 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.