
രക്ഷിതാക്കള്‍ അറിയാതെ ഒമ്പതുകാരി അനുജത്തിയായ നാലു വയസുകാരിയെയും കൂട്ടി കാറുമെടുത്ത് കറങ്ങാനിറങ്ങി. വഴിയില്‍ വച്ച് ഒരു ട്രക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലുമായി. അമേരിക്കയിലെ ഉത്തായിലാണ് അമ്പരപ്പിക്കുന്ന സംഭവം എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലർച്ചെ മൂന്നുമണിക്ക് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒമ്പതുകാരി കാറുമെടുത്ത് കറങ്ങാനിറങ്ങിയത്. നാല് വയസുള്ള അനിയത്തിയുമായിട്ടായിരുന്നു ഷെവര്‍ലെയുടെ മാലിബു ഡെസാഡനില്‍ കയറി ഒമ്പതുകാരിയുടെ ഡ്രൈവിംഗ്. വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ബീച്ചില്‍ പോയി കുളിക്കാനും പിന്നീട് ലോസ് ഏഞ്ചൽസിലേക്ക് പോകാനുമായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ കടൽത്തീരത്തുവച്ച് വാഹനം പാർക്ക് ചെയ്യുന്നതിനിടെ ഒരു ട്രക്കിൽ ഇടിച്ചു. ഇതിനെ തുടർന്ന് യാത്ര മുടങ്ങി. ഒടുവില്‍ ഇരുവരും പൊലീസ് പിടിയിലാകുകുയും ചെയ്‍തു.
കുട്ടികളും കാറും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചുവന്ന നിറത്തിലുള്ള മാലിബു സെഡാനെയും ഉള്ളില്‍ ഇരിക്കുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീറ്റ് ബെൽറ്റൊക്കെ ധരിച്ച് സുരക്ഷിതമായിട്ടായിരുന്നു കുട്ടികളുടെ യാത്രയെന്ന് പൊലീസ് പറയുന്നു. എന്നാല്‍ വീട്ടിൽനിന്ന് 16 കിലോമീറ്ററിലധികം ഇവർക്ക് സഞ്ചരിക്കാനായത് പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. രണ്ട് പ്രധാന റോഡുകള്‍ കടന്നാണ് കുട്ടികളും കാറും ബീച്ചില്‍ എത്തിയത്. പൊലീസിന്‍റെ വിളി എത്തുന്നതു വരെ കാറുമെടുത്ത് കുട്ടികള്‍ കടന്ന വിവരം രക്ഷിതാക്കാള്‍ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷവും ഇവിടെ സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. ലംബോർഗിനി വാങ്ങാൻ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു അഞ്ചുവയസ്സുകാരൻ വീട്ടിലെ കാറും എടുത്ത് യാത്ര തിരിച്ചിരുന്നു. പുതിയ ലംബോര്‍ഗിനി വാങ്ങാനാണ് താന്‍ പോകുന്നതെന്നായിരുന്നു വഴിയില്‍ വച്ച് പിടികൂടിയ പൊലീസിനോട് അന്ന് കുട്ടി പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona