കാര്‍ പാര്‍ക്കിംഗ് സ്‍പോട്ടിനായി മുടക്കിയത് 9.50 കോടി, കണ്ണുതള്ളി വാഹനലോകം!

By Web TeamFirst Published Jun 7, 2021, 3:33 PM IST
Highlights

ഒരു ചെറിയ പാര്‍ക്കിംഗ് കേന്ദ്രത്തിനായി മുടക്കിയിരിക്കുന്നത് ഏകദേശം 9.50 കോടി രൂപ

വാഹനം പാര്‍ക്കിംഗ് ചെയ്യുന്നതിനായി വാങ്ങിയ പാര്‍ക്കിംഗ് കേന്ദ്രത്തിന്‍റെ വില കേട്ടതിന്‍റെ ഞെട്ടലിലാണ് ഇപ്പോള്‍ വാഹന ലോകം.  13 ലക്ഷം ഡോളര്‍ അഥവാ ഏകദേശം 9.50 കോടി രൂപയാണ് ഒരു ചെറിയ പാര്‍ക്കിംഗ് കേന്ദ്രത്തിനായി ഉടമ മുടക്കിയിരിക്കുന്നത്. അതായത് ഒരു സൂപ്പര്‍ കാറിന്‍റെ വില! ഹോങ്കോങ്ങിലാണ് ഈ കോടികളുടെ കച്ചവടമെന്ന് ബിബിസി ന്യൂസിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹോങ്കോങ്ങിലെ ദി പീക്​ റെസിഡൻഷ്യൽ ഏരിയയിലാണ്​ അപൂർവ്വമായ കച്ചവടം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍​. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയായ  മൗണ്ട് നിക്കോൾസൺ ആണ് ഈ കച്ചവടത്തിന് പിന്നില്‍. പഗാനി ഹുവേര, 2022 പോർഷെ 911 ജിടി 3, പോർഷെ 918 സ്‌പൈഡർ തുടങ്ങിയ സൂപ്പര്‍ അത്യാഡംബര സ്​പോർട്​സ്​ കാറുകൾ വാങ്ങുന്നതിന്​ തുല്യമായ തുകക്കായിരുന്നു​ കച്ചവടം​. എന്താണ് ഈ ചെലവേറിയ പാര്‍ക്കിംഗ് സ്‍പോട്ടിന് പിന്നിലെ രഹസ്യമെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. പ്രധാനകാരണം ഹോങ്കോങ്ങ് സിറ്റിയുടെ സ്ഥല പരമിതി തന്നെ. ആഗോള സാമ്പത്തിക കേന്ദ്രമായതിനാൽ ഹോങ്കോങ്​ വളരെ തിരക്കേറിയതും താമസിക്കാൻ ഏറ്റവും ചെലവേറിയതുമായ സ്ഥലങ്ങളിൽ ഒന്നാണ്. നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നഗരത്തില്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഉണ്ടാകുന്നില്ല. 

ആഡംബരത്തികവും ഇത്തരമൊരു ഇടം നൽകുന്ന ഗ്ലാമറും ഊഹക്കച്ചവട വിപണിയിലെ മൂല്യവുമാണ് മറ്റുള്ള കാരണങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്​. ഏഷ്യയിലെതന്നെ ഏറ്റവും വിലകൂടിയ ഭൂമികളുള്ള വിക്ടോറിയ ഹാർബറിന് തൊട്ടടുത്താണ്​ ഈ പാർക്കിംഗ്​ സ്​ഥലം. ഏഷ്യയിലെ ഏറ്റവും വിലയേറിയ വീടുകളും ഇവിടെയാണ് ഉള്ളതെന്നതും ശ്രദ്ധേയമാണ്.

ഇതേ ഹോങ്കോങ്ങിൽ തന്നെ മുമ്പ് 9,80,000 ഡോളറിന്​ ഒരു പാർക്കിംഗ്​ സ്​ഥലം വിറ്റുപോയിരുന്നു. 2019 ൽ ആയിരുന്നു അത്. ഈ റെക്കോർഡാണ്​ ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!