ട്രെയിനുകൾ ഓടിയെന്ന് തെറ്റായ വിവരം; 'ആപ്പിലായി' മൊബൈൽ ആപ്പ് കമ്പനി!

Web Desk   | Asianet News
Published : Apr 02, 2020, 11:43 AM IST
ട്രെയിനുകൾ ഓടിയെന്ന് തെറ്റായ വിവരം; 'ആപ്പിലായി' മൊബൈൽ ആപ്പ് കമ്പനി!

Synopsis

ലോക്ഡൗൺ കാരണം നിർത്തിയ ട്രെയിനുകൾ ഓടിത്തുടങ്ങിയെന്ന തെറ്റായ വിവരം നൽകിയ സ്വകാര്യ മൊബൈൽ ആപ്പുകൾക്കെതിരേ നടപടിയുമായി ഇന്ത്യന്‍ റെയിൽവേ

തിരുവനന്തപുരം: ലോക്ഡൗൺ കാരണം നിർത്തിയ ട്രെയിനുകൾ ഓടിത്തുടങ്ങിയെന്ന തെറ്റായ വിവരം നൽകിയ സ്വകാര്യ മൊബൈൽ ആപ്പുകൾക്കെതിരേ നടപടിയുമായി ഇന്ത്യന്‍ റെയിൽവേ. കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിനുകൾ ഓടിത്തുടങ്ങിയെന്ന സന്ദേശം അതിഥിത്തൊഴിലാളികൾ ഉള്‍പ്പെടെ പലര്‍ക്കും ലഭിച്ചിരുന്നു. 

ദീർഘദൂര എക്സ്പ്രസുകൾ ഓടുന്നതായി മൊബൈല്‍ ആപ്പില്‍ കാണിച്ചിരുന്നു. ഈ വിവരം വിശ്വസിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികൾ എത്താന്‍ ഇടയുണ്ടെന്ന് ആർപിഎഫ് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്‍തിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരു ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. ഇതോടെ ഇവർക്കെതിരേ നടപടി എടുക്കാൻ റെയിൽവേ സൈബർ പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ട്രെയിനുകളുടെ യാത്രാസമയം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്ത നിരവധി മൊബൈൽ ആപ്ലിക്കേഷനുകളുണ്ട്. റെയിൽവേ സമയപട്ടിക പ്രകാരം തയ്യാറാക്കിവെച്ചിരിക്കുന്നവയാണ് ഇവയിൽ ഭൂരിഭാഗവും. എന്നാല്‍ ട്രെയിനുകളുടെ ജി.പി.എസ്. വിവരം കൈമാറിയിട്ടില്ലാത്തിനാൽ വണ്ടികൾ വൈകിയോടുന്നത് ഇവർക്ക് അറിയാൻ കഴിയില്ല. 

അതുകൊണ്ടു തന്നെ മൊബൈൽഫോൺ വഴി ജിപിഎസ് അടിസ്ഥാനമാക്കി സമീപത്തെ റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള വണ്ടികളുടെ പട്ടിക മാത്രമാണ് ഇവ നൽകുന്നത്. ഇങ്ങനെയാണ് സമയപട്ടിക പ്രകാരമുള്ള സ്റ്റേഷനിൽ ട്രെയിന്‍ എത്തിയതായി ആപ്പില്‍ കാണിക്കുക. എന്നാല്‍ ഇതിലൂടെ നിരവധി യാത്രക്കാർ കബളിപ്പിക്കപ്പെടാറുമുണ്ട്. 

ട്രെയികളുടെ യാത്രാവിവരം കൃത്യമായി അറിയാൻ റെയിൽവേയുടെ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നാഷണൽ ട്രെയിൻ എൻക്വയറി എന്ന ആപ്പാണ് റെയിൽവേയുടെ ഔദ്യോഗിക സംവിധാനം. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?