കൊവിഡ് പ്രതിരോധം; 11 കോടിയും 2000 ബാക്ക്പാക്കും നല്‍കി ഹോണ്ട

By Web TeamFirst Published Apr 2, 2020, 11:14 AM IST
Highlights

ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും രംഗത്ത്

ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും രംഗത്ത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അണുനശീകരണത്തിനുമായി 2000 അത്യാധുനിക ബാക്ക്പാക്കുകളും കമ്പനി നല്‍കും. 

ഹോണ്ടയുടെ ഉയര്‍ന്ന ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച 2000 ബാക്ക്പാക്കുകള്‍ ആണ് ഇവ. രാജ്യത്തുടനീളമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ ബാക്ക് പാക്കുകള്‍ കൈമാറുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അണുനശീകരണത്തിനുമായിട്ടാണ് ഇവ ഉപയോഗിക്കുക. 

ഹോണ്ടയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ വഴിയാണ് ധന സഹായം നല്‍കുക. ഹോണ്ട ഗ്രൂപ്പിന്റെ മറ്റൊരു വിഭാഗമായ ഹോണ്ട കണ്‍സള്‍ട്ടേഷനാണ് ബാക്ക്പാക്കുകള്‍ നല്‍കുക. 

മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത മഹാമാരിയാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍ പോരാടണം. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനും മറ്റുമായി ആളുകള്‍ രംഗത്ത് വരേണ്ടത് ഈ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും ഹോണ്ട ഇന്ത്യ ചെയര്‍മാന്‍ മിനോരു കാട്ടോ അഭിപ്രായപ്പെട്ടു.

രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ ഹോണ്ടയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയും, രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഉറപ്പാക്കുകയും പ്രദേശിക ഭരണകൂടങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുമെന്നും ഹോണ്ട അറിയിച്ചു.

click me!