തന്‍റെ പ്രിയവാഹനം സന്നദ്ധ സംഘടനയ്ക്ക് സമ്മാനമായി നല്‍കി ജോൺ എബ്രഹാം!

By Web TeamFirst Published Sep 12, 2020, 12:16 PM IST
Highlights

തന്റെ പ്രിയപ്പെട്ട മാരുതി ജിപ്‍സി മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്‍ത് ബോളിവുഡ് താരം

തന്റെ പ്രിയപ്പെട്ട മാരുതി ജിപ്‍സി മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്‍ത് ബോളിവുഡ് താരം ജോൺ എബ്രഹാം. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അനിമൽ മാറ്റർ റ്റു മി (എ‌എം‌ടി‌എം ) എന്ന സംഘടനയ്ക്കാണ് ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട ജിപ്സി സംഭാവന ചെയ്തത്. എ‌എം‌ടി‌എം-ന്റെ ഫേസ്ബുക്ക് പേജിൽ ജിപ്സി കൈമാറുന്ന ജോൺ എബ്രഹാമിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ജോൺ എബ്രഹാം എ‌എം‌ടി‌എം-നെ അകമഴിഞ്ഞ് സഹായിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഞങ്ങൾ എല്ലായ്‌പ്പോഴും കൃതജ്ഞതയുള്ളവരാണ് വരും വർഷങ്ങളിലും മൃഗസംരക്ഷണത്തിനായി ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കും എ‌എം‌ടി‌എം ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയുടെ കീഴിലെ മഹാരാഷ്ട്രയിലെ കോലാടിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനത്തിനും മുംബൈ മുതൽ കോലാഡ് വരെ മെഡിക്കൽ ലോജിസ്റ്റിക്‌സിനും ആയി ജോൺ എബ്രഹാം സമ്മാനിച്ച ജിപ്സി ഉപയോഗിക്കും എന്ന് എ‌എം‌ടി‌എം വ്യക്തമാക്കി.

നിസാൻ ജിടി-ആർ ബ്ലാക്ക് എഡിഷൻ, ലംബോർഗിനി ഗയാർഡോ, കാവസാക്കി നിഞ്ജ ZX-14R, ഏപ്രിലിയ RS4 RF, യമഹ YZF-R1, ഡ്യൂക്കാട്ടി V4 പാനിഗാലെ,  എംവി അഗുസ്റ്റ F3 800, യമഹ വിമാക്സ് 60th ആനിവേഴ്സറി എന്നിങ്ങനെ നിരവധി വാഹനങ്ങള്‍ മലയാളി കൂടിയായി ജോണ്‍ എബ്രഹാമിന്‍റെ ഗാരേജിലുണ്ട്. 

മാരുതിയുടെ ഐതിഹാസിക മോഡലായ ജിപ്‍സി 1985ലാണ് ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ജപ്പാനീസ് നിരത്തുകളില്‍ എത്തിയ ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമായിരുന്നു ഇന്ത്യ്ന‍ ജിപ്‍സി.  രാജ്യാന്തര മോഡലിനെ അപേക്ഷിച്ചു ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍  970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി. 2000ലാണ്  കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി.  

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയെ ജനപ്രിയമാക്കിയത്. ഒരുകാലത്തെ സിനിമകളില്‍ മിന്നും താരവും ജിപ്സിയായിരുന്നുവെന്നത് ശ്രദ്ധേയം. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്. നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് പരമാവധി 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യാനുസരണം ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു വാഹനം മാറ്റാനും കഴിയും.

രാജ്യത്ത് നിലവില്‍ വന്ന പുതിയ സുരക്ഷാ ചട്ടങ്ങൾ കാരണം 2019 മാർച്ച് മുതൽ ജിപ്‌സിയുടെ ഉൽപ്പാദനം മാരുതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രത്യേക ആവശ്യപ്രകാരം  സൈന്യത്തിനായി മാത്രം കമ്പനി ജിപ്‍സികള്‍ വീണ്ടും നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്.   

click me!